സെലിബ്രിറ്റികളെ ചുറ്റിപ്പറ്റി ആരാധകർ നടക്കുന്നതും അവരെ പിന്തുടരുന്നതുമൊന്നും പുതിയ കാര്യമല്ലെങ്കിലും അത്തരം കാര്യങ്ങളെ തമാശയായി ചിരിച്ചു തള്ളരുതെന്ന് ഓർമിപ്പിക്കുകയാണ് ബോളിവുഡ് നിർമാതാവും സംവിധായികയുമായ ഏക്താ കപൂറിന്റെ അനുഭവം.
ഒരു മാസമായി ഏക്തയെ 30 പ്രാവശ്യത്തോളം പിന്തുടർന്ന യുവാവ് ഇപ്പോൾ അറസ്റ്റിലായിരിക്കുകയാണ്. ഹരിയാന സ്വദേശിയായ സുധീർ രാജേന്ദർ സിങ് എന്ന ക്യാബ് ഡ്രൈവറാണ് അറസ്റ്റിലായത്. മുംബൈയിലെ വിവിധ സ്ഥലങ്ങളിലായി കഴിഞ്ഞ ഒരുമാസം മാത്രം 30 ഓളം പ്രാവശ്യമാണ് ഏക്തയെ ഇയാൾ പിന്തുടർന്നത്. ഏക്തയെ ഒരു യുവാവ് പിന്തുടർന്നതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പല തവണ ഏക്തയുടെ സുരക്ഷാ ജീവനക്കാർ യുവാവിന് താക്കീത് നൽകിയിരുന്നു.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഏക്ത ജുഹൂവിലെ അമ്പലത്തിൽ പോയപ്പോൾ യുവാവ് ഏക്തയെ പിന്തുടരുകയും അവരുടെ അടുത്തേക്ക് ചെല്ലാൻ ശ്രമിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ അയാളെ പിന്തിരിപ്പിക്കുകയും മാറിനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഏക്ത എവിടെയൊക്കെ പോകുന്നുവെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ യുവാവിന് എങ്ങനെയാണ് ലഭിക്കുന്നതെന്ന കാര്യം തങ്ങൾക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല എന്നാണ് സുരക്ഷാ ജീവനക്കാർ പറയുന്നത്. ഏക്ത സ്ഥിരമായി പോകുന്ന അന്ധേരിയിലെ ജിമ്മിന്റെ പരിസരത്തും സ്ഥിരമായി അയാളെ കാണാമെന്നും ഇത്ര കൃത്യമായി ഏക്തയുടെ ലൊക്കേഷൻ അയാൾ സ്പോട്ട് ചെയ്യുന്നത് അമ്പരപ്പോടെയാണ് തങ്ങൾ കാണുന്നതെന്നും സുരക്ഷാ ജീവനക്കാർ പറയുന്നു.
യുവാവ് തുടർച്ചയായി പിന്തുടരുന്നതു ശ്രദ്ധയിൽപ്പെട്ടതോടെ അവർ യുവാവിനെതിരെ പരാതി നൽകിയത്. തുടർന്ന് തിങ്കളാഴ്ചയോടെ അയാൾ അറസ്റ്റിലുമായി. യുവാവിനെതിരെയുള്ള പരാതിയിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും യുവാവിനെ കണ്ടു എന്നു പറയപ്പെടുന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുകയാണെന്നും പൊലീസ് പറയുന്നു. അന്വേഷണം പൂർത്തിയായാലേ യുവാവിന്റെ ലക്ഷ്യത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും പൊലീസ് വിശദീകരിച്ചു.