sections
MORE

14 മദ്യപാനികളോട് ഒറ്റയ്ക്കു പോരാടി; ദുരനുഭവം തുറന്നു പറഞ്ഞ് നടി

Chahatt Khanna
ചാഹത്ത് ഖന്ന
SHARE

ബാല്യം കടക്കാത്ത രണ്ടു കുഞ്ഞുങ്ങൾക്കൊപ്പം യാത്ര ചെയ്തപ്പോൾ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ടാണ് ബോളിവുഡ് താരം ചാഹത് ഖന്ന ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. രാജ്യം ഹോളി ആഘോഷിച്ചപ്പോൾ സ്വന്തം ജീവനും മക്കളുടെ ജീവനും വേണ്ടി മദ്യപാനികളോട് പോരാടുകയായിരുന്നു താരം. മുംബൈയിലാണ് സംഭവം.

കുഞ്ഞുങ്ങളുമൊത്ത് കാറിൽ സഞ്ചരിക്കുമ്പോഴാണ് 14 ഓളം വരുന്ന അക്രമി സംഘം ചാഹത്തിന്റെ കാർ വളഞ്ഞത്. കാറിലും ബൈക്കിലുമായെത്തിയ അക്രമി സംഘത്തിലെ എല്ലാവരും തന്നെ മദ്യപിച്ചിരുന്നുവെന്നാണ് താരം പറയുന്നത്. സംഭവത്തെക്കുറിച്ച് ചാഹത്ത് പറയുന്നതിങ്ങനെ :-

വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കുഞ്ഞുങ്ങളും അവരുടെ ആയയും ഞാനും ഡ്രൈവറുമായിരുന്നു കാറിലുണ്ടായിരുന്നത്. മലാഡിലെ എസ്.വി റോഡിലെത്തിയപ്പോൾ ഞങ്ങളുടെ കാറിന്റെ പിന്നിൽ മറ്റൊരു കാർ വന്നിടിച്ചു. ഡ്രൈവർ ബ്രേക്ക് പിടിച്ചതിന്റെ ആഘാതത്തിൽ ഞങ്ങൾ കാറിന്റെ മുന്നിലേക്കു പോയി. തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത്. ആരോഗ്യദൃഡഗാത്രരായ ആറോളം പുരുഷന്മാർ ഞങ്ങളുടെ കാറിനെ ലക്ഷ്യമാക്കി ഇറങ്ങി വരുന്നതാണ്. അതോടൊപ്പം തന്നെ അവരുടെ കാറിനു സമാന്തരമായി  4 ബൈക്കുകളിലായെത്തിയ എട്ടോളം പുരുഷന്മാരും ഞങ്ങളെ ലക്ഷ്യമിട്ടു വന്നു. അങ്ങനെ ആകെ മൊത്തം 14 പേർ.

അവരെല്ലാവരും കൂടി കാറിന്റെ ഡോറിൽ ശക്തിയായി ഇടിക്കാൻ തുടങ്ങി, ഞങ്ങളെ ഉപദ്രവിക്കാനും ശ്രമിച്ചു. ഇതെല്ലാം കണ്ട് ഭയന്നു പോയ ഡ്രൈവർക്ക് കാർ ഒന്നനക്കാൻ പോലുമായില്ല. കുഞ്ഞുങ്ങളാണെങ്കിൽ പേടിച്ചു കരയാനും തുടങ്ങി. ഇതിനിടയിൽ കാറിന്റെ ഡോർ തുറന്ന അക്രമി സംഘം ഡ്രൈവറെ വലിച്ചു പുറത്തിട്ടു മർദ്ദിക്കാൻ തുടങ്ങി. ഇതിനകം അവർ കാറിന്റെ പിന്നിലെ ഗ്ലാസുകൾ അടിച്ചു തകർത്തിരുന്നു. അതിനുശേഷം അവർ കാറിന്റെ ബോണറ്റിലും മുകളിലുമൊക്കെ കയറി ഇരിപ്പുറപ്പിച്ചിരുന്നു. പിന്നെ പാട്ടും നൃത്തവുമൊക്കെയായി രംഗം വീണ്ടും വഷളായിരുന്നു.

എങ്ങനെയൊക്കെയോ ധൈര്യം വീണ്ടെടുത്ത ഡ്രൈവർ കാർ ഒരുവിധം സ്റ്റാർട്ട് ചെയ്തു. ഒരുവിധം അവരിൽ നിന്നു രക്ഷപെട്ടു എന്നു കരുതിയപ്പോഴാണ് അവർ വീണ്ടും ഞങ്ങളെ പിന്തുടരുകയാണെന്ന് മനസ്സിലായത്. അതോടെ ഞാൻ ധൈര്യം സംഭരിച്ച് കാറിനു പുറത്തിറങ്ങി. അപ്പോഴാണ് അവർ മദ്യലഹരിയിലാണെന്ന് തീർച്ചയായത്. അതോടെ ഞാൻ പൊലീസിനെ വിളിച്ചു. ഒപ്പം സ്ഥലത്തെ എംഎൽഎയെയും വിളിച്ചു. ഗതികെട്ട് എനിക്ക് ചെരുപ്പൂരി അവരെ പ്രതിരോധിക്കേണ്ടി വന്നു. അവരിൽ നാലു പേർ എന്നെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അത്. അപ്പോഴേക്കും ഭാഗ്യത്തിന് പൊലീസും എത്തിയിരുന്നു. അവർ എത്താനായി അ‍ഞ്ചു നിമിഷം കൂടി വൈകിയിരുന്നെങ്കിൽ ഒരു പക്ഷേ ഞാനിന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നു.''- ചാഹത് പറയുന്നു.

അക്രമികൾക്കെതിരെ പരാതി കൊടുക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കാണ് ഇപ്പോൾ മുൻതൂക്കം നൽകുന്നതെന്നും അതുകൊണ്ട് തൽക്കാലം പരാതി കൊടുക്കുന്നില്ലെന്നും താരം പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA