ADVERTISEMENT

ബോക്സിങ്ങിൽ വിജയിച്ച സന്തോഷം ആ കായികതാരം പങ്കുവച്ചത് തന്റെ അഭിമുഖമെടുക്കാനെത്തിയ വനിതാ മാധ്യമപ്രവർത്തകയെ ചുംബിച്ചു കൊണ്ടായിരുന്നു. അവിടം കൊണ്ടും തീർന്നില്ല ഏറ്റവും കൂടുതൽ കമന്റ് ലഭിച്ച ചുംബനം എന്നു കുറിച്ചു കൊണ്ട് ചുംബനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.

ബൾഗേറിയൻ ബോക്സറായ കുബ്രട്ട് പുലേവ് ആണ് തന്നെ അഭിമുഖം ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവർത്തകയെ അവരുടെ അനുവാദമില്ലാതെ ചുംബിച്ചുകൊണ്ട് പുലിവാലു പിടിച്ചത്. ബോക്സിങ് ജേണലിസ്റ്റായ ജെന്നി സുഷേയെയാണ് കുബ്രട്ട് ചുംബിച്ചത്. താരത്തിന്റെ ഭാവി മൽസരത്തെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു അപ്രതീക്ഷിതമായി ജെന്നിയുടെ ചുണ്ടിൽ കുബ്രട്ട് ചുംബിച്ചത്. 

കുബ്രട്ടിന്റെ പെരുമാറ്റത്തിൽ ആദ്യം അമ്പരന്നു പോയെങ്കിലും എന്റെ ദൈവമേ എന്ന വിളിയോടെ ഒരു ചമ്മിയ ചിരിയോടെ സംഭവത്തെ നേരിടാനാണ് ജെന്നി ശ്രമിച്ചത്. എന്തൊക്കെ ന്യായങ്ങൾ നിരത്തിയാലും മാധ്യമ പ്രവർത്തകയോടുള്ള താരത്തിന്റെ പെരുമാറ്റം അതിരുവിട്ടു പോയെന്നാണ് വിമർശകർ പറയുന്നത്. ലൈംഗിക പീഡനത്തിനു സമാനമായ കാര്യമാണ് വിവാഹിതനായ കുബ്രട്ടിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും അവർ ആരോപിക്കുന്നു.

സംഭവം വിവാദമായതോടെ തന്റെ ബോക്സിങ് ആരാധകർക്കുവേണ്ടി സമൂഹമാധ്യമങ്ങളിൽ ഒരു കുറിപ്പെഴുതാനും കുബ്രട്ട് മറന്നില്ല. എന്റെ ആരാധകർക്ക്, എന്ന അഭിസംബോധനയോടെ എഴുതിയ കുറിപ്പിൽ കുബ്രട്ട് പറയുന്നതിങ്ങനെ :-

സത്യം പറഞ്ഞാൽ ജെന്നി എന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. വിജയത്തിന്റെ ആഘോഷത്തിമർപ്പിലാണ് ജെന്നിക്ക് ചുംബനം നൽകിയത്. പിന്നീട് വിജയാഘോഷത്തിനായി സംഘടിപ്പിച്ച പാർട്ടിയിലും ജെന്നി പങ്കെടുത്തിരുന്നുവെന്നും അപ്പോൾ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞ് ചിരിക്കുകയാണ് ചെയ്തതെന്നും പിന്നീട് പരസ്പരം നന്ദി പറഞ്ഞാണ് തങ്ങൾ പിരിഞ്ഞതെന്നും കുബ്രട്ട് പറയുന്നു.

കുബ്രട്ടിന്റെ വിശദീകരണം പുറത്തു വന്നിട്ടും ജെന്നി ജോലിചെയ്യുന്ന കമ്പനിയിലെ മാനേജിങ് ഡയറക്ടർ ഉൾപ്പടെയുള്ളവർ കുബ്രട്ടിനെ വിമർശിക്കുന്നത് തുടരുകയാണ് ചെയ്തത്. ആവശ്യമില്ലാത്തതും, അപ്രതീക്ഷിതവും ആയിരുന്നു ആ ചുംബനമെന്നും അദ്ദേഹം ആരോപിച്ചു.

ഈ നിർഭാഗ്യകരമായ ഈ സംഭവത്തെക്കുറിച്ച് കമ്പനിയുടെ ഭാഗത്തു നിന്ന് കൂടുതൽ അന്വേഷണമുണ്ടാകുമെന്നും ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.‌ സ്പോട്സിനോടുള്ള ഇഷ്ടം കൊണ്ട് ഈ തൊഴിൽ തെരഞ്ഞെടുത്ത ജീവനക്കാർക്ക് സുരക്ഷയൊരുക്കേണ്ട ഉത്തരവാദിത്തം തങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജെന്നിക്കുണ്ടായ ഞെട്ടലിലും അപമാനത്തിലും തങ്ങളും പങ്കുചേരുന്നുവെന്നും സ്ത്രീകൾക്ക് സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കയില്ലാതെ ജോലിചെയ്യാനുള്ള അവസരമുണ്ടാക്കിക്കൊടുക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com