sections
MORE

ഇയാൾ ജയിച്ചാൽ സ്ത്രീകള്‍ക്ക് ഈ നാട്ടില്‍ ജീവിക്കാനാകില്ല: അസംഖാനെതിരെ ജയപ്രദ

Jaya Prada Hits Back At Azam Khan
ജയപ്രദ, അസംഖാൻ
SHARE

'ഞാന്‍ മരിച്ചാലെങ്കിലും താങ്കള്‍ക്കു സംതൃപ്തിയാകുമെങ്കില്‍ അതിനും ഞാന്‍ തയാറാണ്'. ഉത്തര്‍പ്രദേശിലെ രാംപൂര്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും പ്രശസ്ത നടിയുമായ ജയപ്രദ പൊട്ടിത്തെറിക്കുകയാണ്. മുന്‍ സഹപ്രവര്‍ത്തകനും സമാജ്‍വാദി പാര്‍ട്ടിക്കുവേണ്ടി മല്‍സരിക്കുന്ന എതിര്‍സ്ഥാനാര്‍ഥിയുമായ അസംഖാന്റെ അസഭ്യങ്ങളില്‍ മനംമടുത്താണ് ജയപ്രദ പൊട്ടിത്തെറിക്കുന്നത്. 

തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ എല്ലാ അതിര്‍ത്തികളും ലംഘിച്ചും ഒരു മര്യാദയുമില്ലാതെയുമാണ് അസംഖാന്‍ ജയപ്രദയെ വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതും. കഴിഞ്ഞദിവസം സമാജ്‍വാദി നേതാവ് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തില്‍ അസം ഖാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. അതേക്കുറിച്ചു പരാമര്‍ശിക്കവേയാണ് ജയ പ്രദ മരിക്കാന്‍പോലും തയാറാണെന്ന് പ്രഖ്യാപിച്ചത്. പക്ഷേ, പേടിച്ചോടാന്‍ താന്‍ തയാറല്ലെന്നും അവര്‍ പ്രഖ്യാപിച്ചു. 

അയാള്‍ വിചാരിക്കുന്നത് ഞാന്‍ പേടിച്ചോടുമെന്നാണ്. അതു വെറുതെ. ഞാന്‍ എങ്ങോട്ടും പോകുന്നില്ല- അസംഖാനു മറുപടിയായി ജയപ്രദ പറഞ്ഞു. 

ഈ മനുഷ്യനെ (അസം ഖാനെ) തിര‍ഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍പോലും അനുവദിക്കരുത്. കാരണം അബദ്ധത്തിനെങ്ങാന്‍ ഇയാള്‍ ജയിച്ചാല്‍ എന്താകും ജനാധിപത്യത്തിന്റെ അവസ്ഥ ? പിന്നെ സ്ത്രീകള്‍ക്ക് ഈ നാട്ടില്‍ ജീവിക്കാന്‍പോലുമാകാതെ വരും- 57 വയസ്സുകാരിയായ ജയപ്രദ പറഞ്ഞു. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ അസം ഖാന്‍ നടത്തിയ കടുത്ത പരാമര്‍ശങ്ങളാണ് ജയപ്രദയെ ചൊടിപ്പിച്ചതും കടുത്ത വാക്കുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചതും.

എതിര്‍സ്ഥാനാര്‍ഥിയായ ജയപ്രദയെക്കുറിച്ച് വളരെ മോശമായ രീതിയിലാണ് അസംഖാന്‍ പ്രസംഗിച്ചത്:  കഴിഞ്ഞ പത്തുവര്‍ഷമായി ഈ വ്യക്തി രാംപൂറിന്റെ രക്തം വലിച്ചൂറ്റി കുടിക്കുകയാണ്. നിങ്ങളെ ചൂഷണം ചെയ്ത ആ വ്യക്തിയെ ഞാന്‍ ഇവിടെ കൊണ്ടുവന്നിരിക്കുന്നു, നിങ്ങള്‍ക്കു മുന്നില്‍. ഞാനാണ് ഈ വ്യക്തിയെ രാംപൂറിനു പരിചയപ്പെടുത്തിയത്. ഈ മണ്ഡലത്തിലെ ഓരോ തെരുവും ഞാനിവരെ പരിചയപ്പെടുത്തി. ഇവരെ ഒരാള്‍ പോലും സ്പര്‍ശിക്കാതെ ഞാന്‍ സംരക്ഷിക്കുകയും ചെയ്തു. ഒരു ചീത്തവാക്കുപോലും ആരും ഇവരെക്കുറിച്ചു പറഞ്ഞിട്ടില്ല. അങ്ങനെ നിങ്ങള്‍ ഇവരെ 10 വര്‍ഷം നിങ്ങളുടെ ജനപ്രതിനിധിയാക്കി. പക്ഷേ ഇവരുടെ തനിനിറം മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് 17 വര്‍ഷം വേണ്ടിവന്നു. പക്ഷേ ഈ വ്യക്തി കാക്കിനിറത്തിലുള്ള അടിവസ്ത്രമാണ് ധരിക്കുന്നതെന്ന് 17 ദിവസത്തിനുള്ളില്‍ മനസ്സിലാക്കാന്‍ എനിക്കു കഴിഞ്ഞു- ഇങ്ങനെപോയി അസംഖാന്റെ വാക്കുകള്‍. 

അടുത്തകാലംവരെ സമാജ്‍വാദി പാര്‍ട്ടിയില്‍ സഹപ്രവര്‍ത്തകരായിരുന്നു അസംഖാനും ജയപ്രദയും. രാംപൂറില്‍ ജയപ്രദയെ അസംഖാന്‍ സഹായിച്ചിട്ടുമുണ്ട്. അക്കാലത്തെ ഓര്‍ത്തെടുത്തുകൊണ്ടായിരുന്നു മര്യാദയ്ക്കു നിരക്കാത്ത അസംഖാന്റെ വാക്കുകള്‍. മുമ്പും സഭ്യമല്ലാത്ത പരാമര്‍ശങ്ങള്‍ അസംഖാന്‍ നടത്തിയിട്ടുണ്ട്. ഒരിക്കല്‍ അസം ഖാന്റെ വാക്കുകള്‍കേട്ട് സ്റ്റേജില്‍വച്ചുതന്നെ ജയപ്രദ പൊട്ടിക്കരഞ്ഞിട്ടുമുണ്ട്. ഇത്തവണ എതിര്‍ സ്ഥാനാര്‍ഥികളാകുകകൂടി ചെയ്തതോടെ വാക്കുകള്‍ക്ക് മുന കൂര്‍പ്പിച്ചിരിക്കുന്നയാണ് അസംഖാന്‍. 

ജയപ്രദ ബിജെപിയില്‍ ചേര്‍ന്നതാണ് പ്രധാനമായും അസംഖാനെ ചൊടിപ്പിച്ചത്. അതിനുശേഷം തന്നെക്കുറിച്ച് മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും മോശം ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് പതിവാണെന്ന് ജയപ്രദ ആരോപിക്കുന്നു. തനിക്കെതിരെ ആസിഡ് ആക്രമണം പോലുമുണ്ടായെന്നും അവര്‍ പറയുന്നു. 

2009 ല്‍ ഞാന്‍ മല്‍സരിച്ച കാര്യം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. അന്ന് അയാള്‍ എനിക്കെതിരെ പ്രസംഗിക്കുകയും എന്നെ പിന്തുണയ്ക്കാന്‍ ആരും മുന്നോട്ടുവരാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തു. ഞാന്‍ ഒരു സ്ത്രീയാണ്. അയാള്‍ സംസാരിക്കുന്നതുപോലെ എനിക്കു സംസാരിക്കാനാകില്ല. അയാള്‍ പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിക്കാന്‍പോലും എനിക്കു കഴിയില്ല. എന്തുകൊണ്ടാണ് അയാള്‍ ഇങ്ങനെ പെരുമാറുന്നതെന്ന് തനിക്കു മനസ്സിലാകുന്നില്ലെന്നും അസംഖാനെക്കുറിച്ച് ജയപ്രദ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA