sections
MORE

ഇത് ചന്ദ്രികയുടെ ജീവിതം; മധുവിന്റെ നേർപെങ്ങൾ താണ്ടിയ കനൽവഴികളുടെ കഥ

Chandrika sister of lynching victim madhu become cop
അട്ടപ്പാടിയിൽ ആൾക്കൂട്ടവിചാരണയിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി പൊലീസ് സേനയിൽ ചേർന്നപ്പോൾ അമ്മ മല്ലികയുടെ സ്നേഹാലിംഗനം
SHARE

കേരളത്തെ നടുക്കിയ ആൾക്കൂട്ട കൊലപാതകം നടന്നിട്ട് ഒരു വർഷവും മൂന്നു മാസവുമാകുന്നു; കൊലപാതകത്തിന്റെ നടുക്കത്തിനൊപ്പം സഹായവാഗ്ദാനങ്ങൾക്കും. പാലക്കാട്ട് അഗളി ചിണ്ടക്കി ആദ‌ിവ‍ാസി ഊരിലെ മധു എന്ന യുവാവാണ് കൊലപ്പെട്ടത്. സംഭവം പുറത്തുന്നതോടെ ആദിവാസികൾ നയിക്കുന്ന ദുരിത ജീവിതത്തിന്റെ കണ്ണീർക്കഥകളും ഒന്നിനുപിന്നാലെ ഒന്നായി പുറത്തുവന്നു. അതോടെ വാഗ്ദാനങ്ങളുടെ പ്രവാഹവുമായി. 

പക്ഷേ അന്ന് മധുവിന്റെ കുടുംബം ഏതു കുടിലിലാണോ ജീവിച്ചത് അതേ കുടിലിലാണ് അവർ ഇന്നും ജീവിക്കുന്നത്. ചോർന്നൊലിക്കുന്ന അതേ പഴയ വീട്ടിൽ. പ്രകൃതിയോടും പരിഷ്കൃതരെന്ന് അവകാശപ്പെടുന്ന ജനതയോടും ഒരേസമയം പടവെട്ടി ജീവിക്കുന്ന കുടുംബത്തിനു സംഭവിച്ച ഒരേയൊരു വ്യത്യാസം മധുവിന്റെ സഹോദരിക്കു ലഭിച്ച ജോലി. ആദിവാസി മേഖലയിൽനിന്നു പ്രത്യേക നിയമനം വഴി തിരഞ്ഞെടുക്കപ്പെട്ട 74 പൊലീസ് കോൺസ്റ്റബിൾമാരിലെ 24 വനിതകളിലൊരാൾ ചന്ദ്രികയാണ്; കൊല്ലപ്പെട്ട മധുവിന്റെ നേർപെങ്ങൾ. 

കഴിഞ്ഞദിവസം തൃശൂരിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ ചന്ദ്രിക പൊലീസ് സേനാംഗമായി; 9 മാസത്തെ കഠിന പരിശീലനത്തിനൊടുവിൽ. പരേഡ് കാണാൻ അഗളി ചിണ്ടക്കി ഊരിൽ നിന്ന് അമ്മ മല്ലി, സഹോദരി സരസു, ചന്ദ്രികയുടെ ഭർത്താവ് മുരുകൻ, മകൾ അനുഷ്ക എന്നിവരും ഊരുവാസികളും തൃശൂരിലെ പൊലീസ് അക്കാദമിയിലെത്തിയിരുന്നു. അവർക്ക് അന്നുമിന്നും തുണ മല്ലീശ്വരൻ തന്നെ; അഗളിയിലെ ആദിവാസികളുടെ കുലദൈവം. ദൈവത്തെപ്പോലെ ആരാധിക്കാൻ ഇനി ചന്ദ്രികയുമുണ്ടാകും. ആങ്ങള നഷ്ടപ്പെട്ടതോടെ കുടുംബത്തിന്റെ ഭാരം സ്വന്തം ചുമലിലേറ്റി, ജീവിക്കാനും കുടുംബത്തെ ജീവിപ്പിക്കാനുമായി പരിഷ്കൃത നാട്ടിലേക്ക് ഇറങ്ങിത്തിരിച്ച ധീരയായ യുവതി. 

chandrika-02
പ്രത്യേക നിയമനം വഴി തിരഞ്ഞെടുക്കപ്പെട്ട 74 കോൺസ്റ്റബിൾമാരുടെ പാസിങ് ഔട്ട് പരേഡ് തൃശൂർ രാമവർമപുരം പൊലീസ് അക്കാദമിയിൽ നടന്ന ശേഷം എം ചന്ദ്രികയ്ക്ക് ഹസ്തദാനം നൽകുന്ന ഡിജിപി ലോക്നാഥ് ബെഹ്റ. ചിത്രം : മനോരമ

കേരള പൊലീസിലെ ആദ്യ ആദിവാസി ബാച്ചിലാണ് ചന്ദ്രികയ്ക് ജോലി ലഭിക്കുന്നതെന്ന പ്രത്യേകതയുണ്ട്. ഒരുപക്ഷേ സഹോദരൻ മധു കൊല്ലപ്പെട്ടതും അയാൾ ആദിവാസി വിഭാഗത്തിൽനിന്നുള്ള ആളായതുകൊണ്ടാകും. വേഷത്തിലോ രൂപ ഭാവങ്ങളിലോ പരിഷ്കൃതരല്ലാത്തവരെ മനുഷ്യരായി കാണാത്ത ഒരു സമൂഹത്തിന്റെ കണ്ണിൽ കള്ളനാണെന്ന് ആരോപിക്കപ്പെടുകയായിരുന്നു മധു. മോഷ്ടിച്ചതിനല്ല, ഒരു മോഷ്ടാവ് കാണപ്പെടുന്നത് എങ്ങനെയാണോ ആ രീതിയിൽ വേഷം ധരിച്ച് അലസനായി നടന്നതിന്റെ പേരിൽ. 

പക്ഷേ, വേഷവും ഭാഷയും രൂപവുമല്ല ഒരു വ്യക്തിയെ മനുഷ്യനാക്കുന്നതെന്നു മനസ്സിലാക്കാൻ മറന്നുപോയവർ മധുവിനെ കെട്ടിയിട്ടു തല്ലി. മരിച്ചുവെന്ന് ഉറപ്പാക്കി അട്ടഹാസം മുഴക്കി കടന്നുപോയി. അവർക്കറിയില്ല മധുവിന്റെ കുടുംബം എങ്ങനെയാണ് ജീവിച്ചിരുന്നതെന്ന്. ചന്ദ്രികയ്ക്ക് രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. അന്നുമുതൽ ആ കുട്ടിയും മധു ഉൾപ്പെടെയുള്ള സഹോദരരെയും വളർത്തിയത് അമ്മ മല്ലി. കഷ്ടപ്പാടുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും മൂന്നു മക്കളെയും അമ്മ പഠിപ്പിച്ചു. രണ്ടു പേർക്ക് വലിയ ഉയരങ്ങളിലെത്താൻ കഴിഞ്ഞില്ലെങ്കിലും ചന്ദ്രിക ബികോം ബിരുദം വരെ പഠിച്ചു. ഇന്ന് കേരള പൊലീസിൽ അവർ അംഗമാകുമ്പോൾ അതു പ്രത്യേക പരിഗണന കൊണ്ടുമാത്രമല്ലെന്നതാണ് യാഥാർഥ്യം. കഴിവിലും മറ്റുള്ളവർക്കൊപ്പമുണ്ട് ചന്ദ്രിക. അത്രയെളുപ്പം മാറ്റിനിർത്താനാവാത്ത സാന്നിധ്യമായി. 

chandrika-01
അട്ടപ്പാടിയിൽ ആൾക്കൂട്ടവിചാരണയിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി പൊലീസ് സേനയിൽ ചേർന്നപ്പോൾ അമ്മ മല്ലികയുടെ സ്നേഹാലിംഗനം

മർദിക്കപ്പെടുമ്പോൾ മധു നിലവിളിച്ചിരുന്നു. കരഞ്ഞിരുന്നു. നിസ്സഹായനായി പാവമാണെന്നു കേണിരുന്നു. അതെല്ലാം അവരുടെ സ്വന്തം ഭാഷയിലായിരുന്നു. ലിപിയില്ലാത്ത കുറുമ്പർ ഭാഷയിൽ. ലിപിയില്ലെങ്കിലും ആ ഭാഷയിൽ സ്നേഹമുണ്ടായിരുന്നു. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാനുള്ള മഹാമനസ്കതയും. പക്ഷേ, ആൾക്കൂട്ടമായപ്പോൾ അഹങ്കാരം ബാധിച്ച കൂട്ടർക്ക് അത് മനസ്സിലാകാതെ പോയി. അവർക്ക് അറിയാവുന്നത് ഹിംസയുടെ ഭാഷ മാത്രം. അക്രമത്തിന്റെ രീതികൾ മാത്രം. അതും ഒരു നിസ്സഹായനെ ആക്രമിച്ചു കീഴടക്കുമ്പോൾ ലഭിക്കുന്ന ക്രൂരമായ ആനന്ദം മാത്രം. 

പൊലീസ് കോൺസ്റ്റബിളാകുന്ന ചന്ദ്രികയ്ക്ക് മാതൃസ്റ്റേഷനായ അഗളിയിൽ തന്നെയായിരിക്കും നിയമനം. ചന്ദ്രികയ്ക്ക് പൊലീസിൽ ജോലി ലഭിച്ചതോടെ ഒരു കുടുംബം മാത്രമല്ല രക്ഷപ്പെടുന്നത്, മുഖ്യധാരയിൽനിന്ന് അകറ്റിനിർത്തിയ സമൂഹം കൂടിയാണ്. അപരിഷ്കൃതരെന്ന് ആക്ഷേപിക്കപ്പെട്ട ഒരു ജനവിഭാഗം കൂടിയാണ്. ഇനിയവർക്ക് പരാതി പറയാൻ ചന്ദ്രികയുണ്ട്. അവരുടെ ഭാഷ മനസ്സിലാകുന്ന ഒരാൾ. അവരുടെ സങ്കടങ്ങൾ തിരിച്ചറിയുന്ന ഒരാൾ. അവർക്കുവേണ്ടി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാൾ. 

chandrika-with-mother-03

പരേഡിൽ പങ്കെടുത്തപ്പോൾ മധുവിനെ ഓർത്ത് കരഞ്ഞിരുന്നു ചന്ദ്രിക. ആ കണ്ണീര് മായും. പക്ഷേ മധുവിന്റെ ഓർമ എന്നും ചന്ദ്രികയുടെ മനസ്സിലുണ്ടാവട്ടെ. നിഷ്കളങ്കരായ വ്യക്തികൾ ആക്രമിക്കപ്പെടാതിരിക്കാൻ ആ ഓർമ നിലനിൽക്കണം. നിരപരാധികൾ കൊല്ലപ്പെടാതിരിക്കാൻ ആ ഓർമ സജീവമായിത്തന്നെ നിലനിൽക്കണം. ചന്ദ്രികയുടെ മനസ്സിൽ മാത്രമല്ല, എല്ലാ മനുഷ്യരുടെയും മനസ്സിൽ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA