ADVERTISEMENT

പവര്‍ ഹിറ്റുകള്‍ക്ക് പേരുകേട്ട താരമാണ് സെറീന വില്യംസ്. കരുത്തുറ്റ ടെന്നീസിന്റെ വനിതാ മുഖം. കളിയില്‍ മാത്രമല്ല, കളിക്കുശേഷമുള്ള ആഘോഷത്തില്‍പ്പോലും പൂര്‍ണ മേധാവിത്വം പ്രകടിപ്പിക്കുന്ന താരം. കളിക്കളത്തിലും പുറത്തും കരുത്തിന്റെയും പ്രതിഭയുടെയും പര്യായം. കളിയില്‍ കരുത്ത് ഒട്ടും ചോര്‍ന്നിട്ടില്ലെങ്കിലും ഇത്തവണ പാരിസില്‍ ഫ്രഞ്ച് ഓപ്പണിൽ കണ്ടത് വ്യത്യസ്തയായ ഒരു സെറീനയെ. ഒരു കളിക്കാരി മാത്രമല്ല അമ്മ കൂടിയാണവര്‍. കളിയില്‍ അതു മാറ്റമുണ്ടാക്കുന്നില്ലെങ്കിലും എതിരാളികളോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാക്കുന്നുണ്ട്. പ്രകടമായ മാറ്റം തന്നെ. രണ്ടാം റൗണ്ടില്‍ ജപ്പാന്റെ കുറുമി നാരയെ തോല്‍പിച്ചതിനുശേഷം സെറീനയുടെ സ്വഭാവത്തിലുള്ള മാറ്റം പ്രകടമാകുകയും ചെയ്തു.

6-3, 6-2 ന് നേരിട്ടുള്ള സെറ്റുകളിലായിരുന്നു സെറീനയുടെ വിജയം. പക്ഷേ ആഷോഷത്തിലെ മിതത്വത്തിലൂടെ നിയന്ത്രണം പാലിച്ചു സെറീന. പതിവു വെറും വാക്കുകള്‍ക്കു പകരം എതിരാളിയോടു സംസാരിച്ച് അവരുടെ നിരാശ മാറ്റാനും വീണ്ടും കളിച്ച് വിജയിക്കാനും പ്രചോദനമായി. വിജയത്തില്‍ മതി മറക്കുന്നതിനുപകരം പരാജിതരെയും മനസ്സിലാക്കുന്ന മനസ്സിന്റെ ഉടമയാണ് പുതിയ സെറിന. അമ്മയായതിനുശേഷമുള്ള സെറീന. മല്‍സരശേഷം തന്റെ കാഴ്ചപ്പാടുകളിലുണ്ടായ മാറ്റത്തെക്കുറിച്ചു സെറീന സംസാരിച്ചു. താന്‍ എങ്ങനെ പഴയ സെറീന അല്ലാതായി എന്ന്. അമ്മ എന്ന ആഹ്ളാദ പദവി എന്തു മാറ്റമാണ് ഉണ്ടാക്കിയതെന്ന്. താന്‍ എങ്ങനെ വ്യത്യസ്തയായ ഒരു കളിക്കാരിയും സ്ത്രീയും ആയി മാറിയെന്ന്.

23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള സെറീനയ്ക്ക് ഇപ്പോള്‍ 37 വയസ്സ്. ഫ്രഞ്ച് ഓപ്പണിനു മുമ്പ് അവര്‍ മാര്‍ച്ചില്‍ മിയാമി ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കളിച്ചിരുന്നു. അപ്പോഴാണ് അമ്മയെന്ന നിലയിലുള്ള സെറീനയുടെ മാറ്റം എതിരാളിക്കു പോലും മനസ്സിലായത്. കൗമാരതാരം അമന്ദ അവിടെ പരാജയത്തില്‍ ഹൃദയം തകര്‍ന്ന് ഇരുന്നപ്പോള്‍ ആശ്വസിപ്പിച്ചിരുന്നു സെറീന. വനിതാ ടെന്നീസിലെ അപൂര്‍വ കാഴ്ചയായിരുന്നു അത്. ആ സന്ദര്‍ഭത്തെക്കുറിച്ച് പറയുമ്പോള്‍ താന്‍ ചെയ്തത് പൂര്‍ണമായും ശരിയാണെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നു പറയുന്നു സെറീന.

അപ്പോള്‍ എനിക്ക് അങ്ങനെയാണ് തോന്നിയത്. സ്നേഹവും കാരുണ്യവുമൊക്കെ എന്നും എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷേ, അതെങ്ങനെ പ്രകടിപ്പിക്കണം എന്ന് എനിക്ക് ശരിയായ ധാരണ ഇല്ലായിരുന്നു എന്നു തോന്നുന്നു. ഇപ്പോള്‍ ഞാന്‍ വെറുമൊരു സ്ത്രീ മാത്രമല്ല. അമ്മ കൂടിയാണ്. ആ പദവിയായിരിക്കും എന്റെ മനസ്സിലെ സ്നേഹത്തിന് ഒഴുകാന്‍ അവസരമൊരുക്കിക്കൊടുക്കുന്നതും. 2017 സെപ്റ്റംബറിലാണ് സെറീന മകള്‍ ഒളിംപിയയ്ക്ക് ജന്‍മം നല്‍കിയത്. കുട്ടിയെ വളര്‍ത്തി വീട്ടിലിരിക്കുന്നതിനുപകരം അവര്‍ വീണ്ടും കളിക്കളത്തിലെത്തി. മുന്‍കാല ഫോം അവര്‍ത്തിച്ച് വിജയം ശീലമാക്കുകയും ചെയ്തു.

ഒരു വാക്കിനും നോക്കിനുമൊക്കെ ഒത്തിരി അര്‍ഥമുണ്ട്. മറ്റുള്ളവര്‍ അത് ചെയ്യുന്നോ ഇല്ലയോ എന്നത് എനിക്ക് പ്രസക്തമല്ല. പഴയതുപോലെ തോറ്റുപോയ വ്യക്തിയെ അവഗണിച്ചിട്ട്  പോകാന്‍ എനിക്ക് ഇപ്പോള്‍ തോന്നുന്നില്ല- സെറീന പറയുന്നു.

സെറീനയുടേത് വെറും വാക്കുകളല്ലെന്നു സാക്ഷ്യപ്പെടുത്തുന്നു മിയാമിയില്‍ അവരുടെ സ്നേഹത്തിന്റെ മുഖം കണ്ട അനിസിമോവ എന്ന താരം. കഠിമായിരുന്നു മിയാമിയിലെ മല്‍സരം. നീണ്ടുപോയ മല്‍സരത്തിലെ പരാജയത്തെത്തുടര്‍ന്ന് ഞാന്‍ ആകെ തകര്‍ന്ന അവസ്ഥയിലുമായിരുന്നു. കളിക്കുശേഷം ലോക്കര്‍ റൂമിയില്‍ ഞാന്‍ നിരാശയായി ഇരിക്കുമ്പോള്‍ സെറീന വന്നു. ഞാന്‍ അദ്ഭുതപ്പെട്ടുപോയി. അവര്‍ എന്നെ ആശ്വസിപ്പിച്ചു. ആ വാക്കുകളോരോന്നും എനിക്കു വിലപ്പെട്ടതായിരുന്നു. ആ നിമിഷം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ഇനിയെന്നും ആ മുഖം ഞാന്‍ ഓര്‍മിക്കുകയും െചയ്യും.

അനിസിമോവ മനസ്സില്‍ സൂക്ഷിക്കുന്നത് സെറീയ വില്യംസ് എന്ന ടെന്നീസ് താരത്തിന്റെ മുഖം മാത്രമല്ല, സ്നേഹമയിയായ ഒരു അമ്മയുടെ മുഖംകൂടിയാണ്. പരാജയപ്പെട്ട താരത്തെ ആശ്വസിപ്പിക്കാന്‍ സമയവും സൗകര്യവും കണ്ടെത്തുന്ന താരത്തിന്റെ കാരുണ്യത്തിന്റെ മുഖം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com