ADVERTISEMENT

താന്‍ കുറച്ചുദിവസത്തേക്കു ക്ലാസിൽ വരില്ലെന്നു പറഞ്ഞപ്പോള്‍ അവിശ്വസിച്ച ടീച്ചര്‍മാരോട് കോറി ഗോഫിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ- വിംബിള്‍ഡണ്‍ ടെന്നിസ് മല്‍സരം ടെലിവിഷനില്‍ കാണൂ. ടീച്ചര്‍മാര്‍  മല്‍സരം കണ്ടാലും ഇല്ലെങ്കിലും ഇപ്പോള്‍ അമേരിക്കയില്‍ വാര്‍ത്ത സൃഷ്ടിക്കുന്നത് കോറി ഗോഫ് ആണ്.

കൗമാര ടെന്നീസ് താരം എന്ന നിലയില്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി വിംബിള്‍ഡണ്‍ വേദിയിലെത്തിയ 15 വയസ്സുകാരി ആദ്യറൗണ്ടില്‍ത്തന്നെ സ്വന്തമാക്കിയത് അട്ടിമറി വിജയം. അമേരിക്കയുടെ അഭിമാനവും കോറി ഗോഫിന്റെ തന്നെ ആരാധനാ പാത്രവുമായ വീനസ് വില്യംസിനെ തോല്‍പിച്ചുകൊണ്ട്. അതും ആധികാരികമായി. നേരിട്ടുള്ള സെറ്റുകളില്‍. ഒരു പിഴവിനും പഴുതു കൊടുക്കാതെ: 6-4, 6-4. 

View this post on Instagram

Unbelievable....

A post shared by Cori Gauff 🔹 (@cori_gauff_official) on

ഗോഫിന്റെ ഇരട്ടിയലധികം പ്രായമുണ്ട് വീനസ് വില്യംസിന്-39 വയസ്സ്. രണ്ടു ദശാബ്ദമായി വിംബിള്‍ഡണിന്റെ അവിഭാജ്യഭാഗവും. 7 ഗ്രാൻഡ്സ്ലാമുകളും അവരുടെ പേരിലുണ്ട്. അതില്‍ ആദ്യത്തെ കിരീടങ്ങള്‍ വീനസ് സ്വന്തമാക്കുമ്പോള്‍ ഗോഫ് ജനിച്ചിട്ടുപോലുമില്ല. പക്ഷേ, കോര്‍ട്ടില്‍ ഇരുത്തം വന്ന താരത്തിന്റെ സ്വാഭാവികതയും ആധിപത്യവുമാണ് ഗോഫ് പ്രദര്‍ശിപ്പിച്ചത്. എതിരാളിയുമായുള്ള 24 വയസ്സിന്റെ വ്യത്യാസമോ 269 റാങ്കിങ് പോയിന്റിന്റെ വ്യത്യാസമോ ഒന്നും ഗോഫിനെ ബാധിച്ചതേയില്ല. 

പ്രഫഷണല്‍ ടെന്നിസിന്റെ ചരിത്രത്തില്‍ വിംബിള്‍ഡണ്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരി കൂടിയാണ് ഗോഫ്. ഒന്നാമത്തെ കോര്‍ട്ടില്‍ അവിശ്വസനീയ വിജയം സ്വന്തമാക്കിയപ്പോള്‍ നിറഞ്ഞ കണ്ണുകള്‍ ആ കുട്ടി തുടച്ചു. 'ഇപ്പോഴെന്താണു തോന്നുന്നതെന്നു പറയാന്‍ എനിക്കു വാക്കുകളില്ല' എന്നു പറഞ്ഞുകൊണ്ട് നിറഞ്ഞ കണ്ണുകള്‍ വീണ്ടും തുടച്ച് ഗോഫ് കോര്‍ട്ടിനു പുറത്തേക്കു നടക്കുമ്പോള്‍ ചരിത്രം പിറക്കുകയായിരുന്നു. ആധുനിക ടെന്നിസിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നും. അപ്പോള്‍ അവിശ്വാസത്തോടെയും അതിലേറെ അദ്ഭുതത്തോടെയും തരിച്ചുനില്‍ക്കുകയായിരുന്നു വീനസ് വില്യംസ്. പരാജയം ഉള്‍ക്കൊള്ളാനാകാതെ. സംഭവിച്ചതെന്തെന്ന് വിശകലനം ചെയ്തുകൊണ്ട്. 

ഇതിനുമുമ്പ് ഒരു ലോകവേദിയില്‍ ഞാന്‍ കളിച്ചിട്ടില്ല. അതുകൊണ്ട് മനസ്സിനോട് ശാന്തമാകാന്‍ ഞാന്‍ പറഞ്ഞുകൊണ്ടിരുന്നു. സ്കൂളിലെ കോര്‍ട്ടും വിംബിള്‍ഡണ്‍ കോര്‍ട്ടും തമ്മില്‍ ഒരു വ്യത്യസവുമില്ലെന്നും എല്ലായിടത്തും കോര്‍ട്ടിന് ഒരേ നീളും വീതിയുമാണെന്നും ഞാന്‍ എന്നോടു തന്നെ പറഞ്ഞുകൊണ്ടിരുന്നു. സംഭ്രമം അടക്കാനായിരുന്നു ബുദ്ധിമുട്ട്. കുതിക്കുന്ന മനസ്സിനെ പിടിച്ചുനിര്‍ത്തി ശാന്തയാകാന്‍ ഏറെ പണിപ്പെട്ടു- ഗോഫ് വിശദീകരിച്ചു. 

ഈ വിജയം എന്റെ സ്വപ്നത്തില്‍പോലും ഉണ്ടായിരുന്നില്ല. ഇങ്ങനെയൊന്നു സംഭവിക്കുമെന്ന് ഞാന്‍ സ്വപ്നം കണ്ടിട്ടുമില്ല. എങ്കിവും വിംബിള്‍ഡണില്‍ കിട്ടിയ അവസരം ഞാന്‍ പ്രയോജനപ്പെടുത്തി- ആഹ്ലാദത്തോടെ അമേരിക്കയുടെ പുതിയ കൗമാരതാരം പറഞ്ഞു. 

മല്‍സരത്തിനു മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ കോക്കോ എന്നു വിളിക്കപ്പെടുന്ന ഗോഫ് എഴുതി: എന്റെ രണ്ടു ടീച്ചര്‍മാര്‍ ഇപ്പോഴാണ് ഞാന്‍ ടെന്നീസ് കളിക്കുന്നത് അറിയുന്നതുതന്നെ. എന്തായാലും ടീച്ചര്‍മാര്‍ക്കും സഹപാഠികള്‍ക്കും ലോകത്തിനും ഇനി ടെലിവിഷനില്‍ ഗോഫിന്റെ കളി കാണാം. ഉദിച്ചുയരുന്ന  താരത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ആസ്വദിക്കാം. 

മല്‍സരശേഷം നന്ദി എന്നു മാത്രമേ വീനസിനോടു പറയാന്‍ എനിക്കു കഴിഞ്ഞുള്ളൂ. സത്യത്തില്‍ അവരില്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടെവരെ എത്തുമായിരുന്നില്ല. അവരെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. കളിച്ചത്. ഇവിടെവരെയെത്തിയത്. നന്ദി വീനസ്...എന്നെ വിംബിള്‍ഡണിന്റെ ആദ്യറൗണ്ട് കടത്തിവിട്ടതിന്....ഗോഫ് പറയാതെ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com