sections
MORE

അനുമാലിക്കിനെതിരെ നേഹ ഭാസിൻ, സച്ചിനും വിമർശനം; കാരണം?

Anu Malik. Neha Bhasin
അനുമാലിക്, നേഹ ഭാസിൻ
SHARE

ലൈംഗിക പീഡന ആരോപണത്തെത്തുടര്‍ന്ന് സ്ഥാനം നഷ്ടമായ അനു മാലിക്കിനെ സംഗീത റിയാലിറ്റി ഷോയുടെ വിധി കര്‍ത്താവായി വീണ്ടും നിയമിച്ചതിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ, പ്രസിദ്ധ സംഗീത സംവിധായകനെതിരെ രൂക്ഷമായ ആരോപണവുമായി ഒരാള്‍ കൂടി രംഗത്ത്. ഗായിക നേഹ ഭാസിനാണ് തനിക്ക് അനു മാലിക്കില്‍നിന്നു നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

15 വര്‍ഷം മുമ്പ് നടന്ന സംഭവം ഒരിക്കലും മറക്കാന്‍ പറ്റില്ലെന്നും താന്‍ എല്ലാം ഇന്നലത്തേതുപോലെ ഓര്‍മിക്കുന്നുണ്ടെന്നും നേഹ പറയുന്നു. അനു മാലിക്കിനെതിരെ പ്രതിഷേധിച്ച സോനു മഹാപത്രയുടെ സന്ദേശത്തിനു മറുപടി എന്ന നിലയിലാണ് േനഹ പുതിയ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. താങ്കൾ  പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. നമ്മള്‍ ജീവിക്കുന്ന ലോകം പുരുഷ മേല്‍ക്കോയ്മയുടെയും ലൈംഗിക പീഡനങ്ങളുടേതുമാണ്. 

''അനു മാലിക്ക് ലൈംഗിക വൈകൃതങ്ങളുടെ ആളാണ്. മാംസദാഹി. എന്റെ 21-ാം വയസ്സില്‍ അയാളില്‍നിന്ന് എനിക്ക് ദുരനുഭവം ഉണ്ടായി. അന്നു ഞാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സ്റ്റുഡിയോയിലെ സോഫയില്‍ കിടക്കുന്ന അനു മാലിക്കിന്റെ മുമ്പില്‍ അധികനേരം നില്‍ക്കാന്‍ ഞാന്‍ തയാറായില്ല. എന്നെ കണ്ടപ്പോള്‍ തന്നെ എന്റെ കണ്ണുകളുടെ ഭംഗിയെപ്പറ്റി അയാള്‍ വാചാലനാകാന്‍ തുടങ്ങി. അമ്മ പുറത്ത് എന്നെ കാത്തുനില്‍ക്കുകയാണ് എന്നു പറ‍ഞ്ഞുകൊണ്ട് ഞാന്‍ ഓടിരക്ഷപ്പെട്ടു. 

അദ്ദേഹം എന്നെ വിടാതെ പിന്തുടര്‍ന്നു. എനിക്കു സന്ദേശങ്ങള്‍ അയച്ചു. വിളിക്കുകയും ചെയ്തു. അതോടെ ഞാന്‍ അദ്ദേഹത്തിന്റെ കോളുകള്‍ എടുക്കാതായി. ഞാന്‍ പാടിയ പാട്ടുകളുടെ സിഡി കൊടുക്കാനും അവസരം തേടിയുമാണ് ഞാന്‍ അന്ന് അദ്ദേഹത്തെ കാണാന്‍ പോയത്. എന്നെക്കാള്‍ എത്രയയോ വയസ്സിനു മുതിര്‍ന്ന അദ്ദേഹം അന്നങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു. എല്ലാവര്‍ക്കുമറിയാം അനു മാലിക് മനസാക്ഷിയില്ലാത്ത ലൈംഗിക വൈകൃതങ്ങളുടെ ആളാണെന്ന്. അതേ വ്യക്തി സംഗീത റിയാലിറ്റി ഷോയില്‍ വീണ്ടും വിധികര്‍ത്താവായി വന്നത് അക്ഷരാര്‍ഥത്തില്‍ എന്നെ ഞെട്ടിച്ചിരിക്കുന്നു. 

നമ്മുടെ ടെലിവിഷന്‍ ചാനലുകളും രാജ്യവും ഈ രീതിയിലാണോ സ്ത്രീകളോട് പെരുമാറേണ്ടത് ? എനിക്കൊരിക്കലും ആ ചാനലിന് മാപ്പു കൊടുക്കാന്‍ ആവില്ല. ആരൊക്കെ എങ്ങനെയൊക്കെ വെള്ളപൂശാന്‍  ശ്രമിച്ചാലും സത്യം സത്യം തന്നെയാണ്. സത്യത്തിന്റെ മുഖം വികൃതമാക്കാന്‍ ആര്‍ക്കും കഴിയില്ല''. - േനഹ രൂക്ഷമായ ഭാഷയില്‍ എഴുതി. 

ഇതിനിടെ. ചാനലിന്റെ സംഗീത റിയാലിറ്റി ഷോയിലെ മത്സരാര്‍ഥികളെ പുകഴ്ത്തിക്കൊണ്ട് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയിരുന്നു. റിയാലിറ്റി ഷോയിലെ താരങ്ങളെല്ലാം മികച്ചവരാണ്. അവരുടെ ഹൃദയം കീഴടക്കുന്ന ആലാപനവും അവരുടെ ജീവിതകഥകളും രസകരവും ഹൃദയസ്പര്‍ശിയുമാണ്. രാഹുല്‍, ചെല്‍സി, ദിവാസ്, സണ്ണി..എല്ലാവരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വന്നവരാണ്. എല്ലാ പ്രതിസന്ധികളെയും മറികടന്ന് സംഗീതത്തെ ഉപാസിക്കുന്നവര്‍. അവര്‍ ഏറെക്കാലം സംഗീതലോകത്ത് ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം- എന്നായിരുന്നു സച്ചിന്റെ സന്ദേശം. 

ഈ സന്ദേശത്തിനു മറുപടിയായി സോന മഹാപത്ര എഴുതി: പ്രിയപ്പെട്ട സച്ചിന്‍, താങ്കള്‍ പുകഴ്ത്തിയ റിയാലിറ്റി ഷോയുടെ വിധികര്‍ത്താവായ അനു മാലിക്കിനെതിരെ ഒട്ടേറെ സ്ത്രീകളും ഷോയുടെ സഹ നിര്‍മാതാവ് തന്നെയും ആരോപണം ഉന്നയിച്ചത് താങ്കള്‍ അറിഞ്ഞില്ലെന്നുണ്ടോ. അവര്‍ അനുഭവിച്ച പീഡനങ്ങളും ദുരന്തങ്ങളും കഷ്ടപ്പാടുകളും താങ്കളുടെ ഹൃദയത്തെ സ്പര്‍ശിക്കാതെപോയതെന്തുകൊണ്ട് ? 

English Summary : Neha Bhasin recalls how Anu Malik made her uncomfortable

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA