ADVERTISEMENT

സിനിമയിലാകട്ടെ, ഫാഷൻ മേഖലകളിലാവട്ടെ സെലിബ്രിറ്റികളായ സ്ത്രീകൾ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നമാണ് ശരീരത്തെക്കുറിച്ചുള്ള അധിക്ഷേപങ്ങൾ. സെലിബ്രിറ്റികൾ മാത്രമല്ല, പൊതുവിടങ്ങളിലും എന്തിന് സൗഹൃദ സദസ്സുകളിൽപ്പോലും സാധാരണ സ്ത്രീകളും ബോഡിഷെയിമിങ്ങിന് ഇരകളാകാറുണ്ട്.

താരങ്ങളായ സ്ത്രീകളുടെ അഴകളവുകൾ നിശ്ചയിക്കുന്നത് തങ്ങളാണെന്ന ഭാവത്തോടെ പെരുമാറുന്നവരും കുറവല്ല. അത്തരക്കാരുടെ വായടപ്പിക്കുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം സൊനാക്ഷി സിൻഹ. ഉഗ്രനൊരു വിഡിയോയിലൂടെയാണ് സൊനാക്ഷി ഇത്തരക്കാർക്ക് മറുപടി നൽകിയിരിക്കുന്നത്.

ബിഗർ ദാൻ ദെം എന്ന ഹാഷ്ടാഗോടെയാണ് സൊനാക്ഷി വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. ക്രൂരമായ രീതിയിലുള്ള ബോഡിഷെയിമിങ്ങിന് പലപ്പോഴും ഇരയാകേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് സൊനാക്ഷി. വളരെ ശക്തമായ ദൃശ്യങ്ങളിലൂടെയാണ് ബോഡിഷെയ്മിങ്ങിനെതിരെ സൊനാക്ഷി പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ സൗന്ദര്യ സങ്കൽപ്പമനുസരിച്ച് സ്ത്രീകൾ അഴകളവുകൾ സംരക്ഷിക്കണമെന്നു ശഠിക്കുന്നവർക്കെതിരെയാണ് ദൃശ്യങ്ങളിലൂടെ സൊനാക്ഷി പ്രതികരിക്കുന്നത്.

ജീവിതത്തിലെ പല തുറകളിൽപ്പെട്ട ആളുകളാണ് വിഡിയോ കണ്ട് സൊനാക്ഷിക്ക് പിന്തുണയുമായെത്തിയിരിക്കുന്നത്. വിട്ടുവീഴ്ചകൾ ചെയ്യാൻ ഒരുക്കമല്ലാത്ത, പരിഹാസങ്ങളെ അവഗണിക്കുന്ന സൊനാക്ഷിക്ക് പിന്തുണ നൽകാനും അവർ മറന്നില്ല.

തന്നെ അപമാനിക്കാൻ ആളുകളുപയോഗിച്ച ചില വാക്കുകൾ ഉറക്കെ വായിക്കുന്ന സൊനാക്ഷിയെയാണ് വിഡിയോയുടെ തുടക്കത്തിൽ കാണാനാവുക. '' പശുവിന്റെ ക്യാറ്റ്‌വോക്ക്, ആന്റി, തടിച്ചി, എന്നിങ്ങനെയുള്ള വാക്കുകളുപയോഗിച്ചാണ് ആളുകൾ അവരെ പരിഹസിച്ചത്. പ്രത്യേകിച്ച് യാതൊരു ജോലിയുമില്ലാത്ത ആളുകളാണ് മറ്റുള്ളവരെ പരിഹസിക്കുന്നതെന്നാണ് സൊനാക്ഷിയുടെ അഭിപ്രായം. ട്രോളുകൾ ആദ്യമൊക്കെ എങ്ങനെയാണ് തന്നെ ബാധിച്ചതെന്നതിനെക്കുറിച്ചും സൊനാക്ഷി വിഡിയോയിൽ തുറന്നു പറയുന്നുണ്ട്.

'ദേഷ്യം, വേദന, മരവിപ്പ്' എന്നീ വികാരങ്ങളൊക്കെ കഴിഞ്ഞ് ഇപ്പോൾ പരിഹസിക്കപ്പെടുമ്പോൾ പൊട്ടിച്ചിരിക്കാൻ കഴിയുന്ന മാനസികാവസ്ഥയിലേക്ക് താൻ മാറിയിട്ടുണ്ടെന്നും താരം പറയുന്നു. അതിനെയൊരു തമാശയായി മാത്രമേ താനെടുക്കാറുള്ളൂവെന്നും അവർ പറയുന്നു.

ബോഡിഷെയിമിങ്ങിനെ ഭയപ്പെട്ടിരുന്ന ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നുവെന്നും, അങ്ങനെ ശരീരഭാരത്തിന്റെ 30 കിലോയോളം താൻ കുറച്ചിരുന്നുവെന്നും താരം പറയുന്നു. '' ഞാനൊരുപാട് കേട്ടിട്ടുണ്ട്, കേട്ടകാര്യങ്ങളൊക്കെ എന്നെ ബാധിച്ചിട്ടുമുണ്ട്. ശരീരഭാരത്തിൽ നിന്ന് 30 കിലോ കുറച്ചിട്ടും അവർ അതേ പല്ലവി തന്നെ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോൾ ഞാനിവിടെ നിൽക്കുന്നതിനൊരു കാരണമുണ്ട്. എനിക്കൊന്നും ഒളിച്ചുവയ്ക്കാനില്ല, എന്റെ അഴകളവോ, ശരീരഭാരമോ, എന്റെ ഇമേജോ ഒന്നും തന്നെ.''

പക്ഷേ സൊനാക്ഷി പറഞ്ഞ ചില വാചകങ്ങളാണ് ആരാധകർക്ക് ഏറെ ഇഷ്ടപ്പെട്ടത്. '' ഞാൻ സ്കെയിലിലെ അക്കങ്ങളല്ല, അതുതന്നെയാണ് എന്നെ അവരേക്കാൾ വലിയവളാക്കുന്നതും''. ശക്തമായ വിഡിയോ പങ്കുവച്ചുകൊണ്ട് താരം പറയുന്നതിങ്ങനെ :- 

''നമുക്ക് മുറിക്കുള്ളിലെ ആനയെക്കുറിച്ച് സംസാരിക്കാം. വർഷങ്ങളായി ഞാനെന്റെ ശരീരഭാരത്തിന്റെ പേരിൽ പരിഹസിക്കപ്പെടുന്നുണ്ട്. പക്ഷേ അപ്പോഴൊന്നും പ്രതികരിക്കണമെന്ന് എനിക്ക് തോന്നിയിരുന്നില്ല. കാരണം ഞാൻ അവരേക്കാൾ വലുതാണെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്.'' – സൊനാക്ഷി പറയുന്നു.

ഇത്തരം കാര്യങ്ങൾ തുറന്നു പറഞ്ഞതിനും, ട്രോളുകളെ സൊനാക്ഷി കൈകാര്യം ചെയ്ത രീതിയെ പുകഴ്ത്തിയും നിരവധിപേരാണ് പ്രതികരണങ്ങൾ പങ്കുവച്ചത്.

English Summary: Sonakshi takes on body shaming and trolls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com