sections
MORE

മക്കളെ പ്രസവിക്കാൻ കഴിയാത്തിൽ വിമർശിക്കരുത്, രണ്ട് പെൺമക്കളുണ്ട്; തുറന്നു പറഞ്ഞ് നടി

Elizabeth Banks
എലിസബത്ത് ബാങ്ക്സ്.
SHARE

ആരൊക്കെ എത്രയൊക്കെ വിമര്‍ശിച്ചാലും താന്‍ അമ്മയാണെന്ന യാഥാര്‍ഥ്യത്തെ ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ലെന്ന വാദവുമായി ബഹുമുഖ പ്രതിഭയായ നടി എലിസബത്ത് ബാങ്ക്സ്. വാടക അമ്മമാരിലൂടെ രണ്ടു പെണ്‍മക്കളുടെ അമ്മയായ സംഭവത്തെ പരാമര്‍ശിച്ചാണ്, അനപത്യതാ ദുഃഖം അനുഭവിക്കുന്ന സ്തീകള്‍ക്ക് ആശ്വാസമാകുന്ന വാദവുമായി എലിസബത്ത് രംഗത്തെത്തിയിരിക്കുന്നത്. 

ഫെലിക്സ്, മാഗ്നസ് എന്നിങ്ങനെയാണ് എലിസബത്തിന്റെ കുട്ടികളുടെ പേര്. തിരക്കേറിയ ജീവിതത്തിലും താന്‍ മക്കളോടൊത്ത് സമയം ചെലവിടാറുണ്ടെന്നും മക്കള്‍ തന്നെയാണ് ഏറ്റവും വലിയ സ്വത്ത് എന്നും പറഞ്ഞ എലിസബത്ത് താന്‍ എങ്ങനെയാണ് ജീവിത്തിലെ നിര്‍ണായകമായ തീരുമാനത്തില്‍ എത്തിയതെന്നും വിശദീകരിച്ചു. 

പ്രത്യുല്‍പാദനപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ തനിക്ക് കുട്ടികളെ പ്രസവിക്കാന്‍ ആവില്ലെന്ന് എലിസബത്ത് പറയുന്നു. ബ്രോക്കണ്‍ ബെല്ലി അഥാവാ തകര്‍ന്ന വയര്‍ എന്നാണ് ആരോഗ്യപ്രശ്നത്തെ നടി വിശേഷിപ്പിക്കുന്നത്. 

''എന്റെ ആരോഗ്യപ്രശ്നം ഞാന്‍ സൃഷ്ടിച്ചതല്ല. അതിന്റെ ഉത്തരവാദിയും ഞാനല്ല. അതുകൊണ്ടുതന്നെ അമ്മയാകാന്‍ കഴിയാതെപോയതില്‍ എന്നെ വിമര്‍ശിക്കുന്നതിലും അര്‍ഥമില്ല. എന്റെ പ്രവൃത്തിയെ അംഗീകരിക്കാത്തവര്‍ ഇപ്പോഴുമുണ്ടെന്ന് എനിക്കറിയാം. പക്ഷേ, അവര്‍ക്കാര്‍ക്കും എന്തുകൊണ്ടാണ് ഞാന്‍ അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അറിയില്ല. എന്തായാലും വാടക ഗര്‍ഭപാത്രം സ്വീകരിക്കേണ്ടിവന്നതില്‍ എനിക്ക് ആരോടും ഒന്നും  വിശദീകരിക്കേണ്ടതില്ല. ആരുടെ മുമ്പിലും ന്യായീകരണം നിരത്തേണ്ടതുമില്ല''. - നടി ഉറപ്പിച്ചു പറയുന്നു. 

ജീവിതത്തില്‍ ഒറ്റപ്പെടുന്നവരെ എന്റെ അനുഭവം ഏതെങ്കിലും രീതിയില്‍ സഹായിക്കുകയാണെങ്കില്‍ അവരോട് എനിക്ക് തീര്‍ച്ചയായും നന്ദിയുണ്ടായിരിക്കും എന്നും എലിസബത്ത് വ്യക്തമാക്കി. ചാര്‍ലീസ് ഏയ്ഞ്ചല്‍സ് പരമ്പരയിലെ പുതിയ സിനിമ എഴുതി-അഭിനയിച്ച്- നിര്‍മിച്ച നടി എത്ര വലിയ തിരക്കിനിടയിലും താന്‍ കുട്ടികളോടൊത്ത് സമയം ചെലവിടാറുണ്ടെന്നും വ്യക്തമാക്കി. ആ നിമിഷങ്ങള്‍ തനിക്കു തരുന്ന ആനന്ദത്തെക്കുറിച്ചും നടി വ്യക്തമാക്കി. 

'ജോലി ചെയ്യുന്ന അമ്മയായിരിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. വളര്‍ന്നുവരുന്ന കുട്ടികള്‍ ഞാന്‍ ജോലി ചെയ്യുന്നത് തീര്‍ച്ചയായും കാണണം. എന്റെ അമ്മ ജോലി ചെയ്യുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതെന്നില്‍ അപാരമായ ആത്മവിശ്വാസവും വളര്‍ത്തിയിരുന്നു. ഞാന്‍ ജോലി ചെയ്യുന്ന സെറ്റില്‍ മറ്റു സ്ത്രീകള്‍ അവരുടെ കുട്ടികളെ കൊണ്ടുവരുന്നതിലും എനിക്ക് എതിര്‍പ്പില്ല. ഞാനത് തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കും''.- എലിസബത്ത് ബാങ്ക്സ് വ്യക്തമാക്കി. 

'' ഒരു സ്ത്രീയുടെ പല ജോലികളില്‍ ഒന്നു മാത്രമാണ് മാതൃത്വവും കുട്ടികളെ നോക്കുന്നതുമൊക്കെ. പല ജോലികള്‍ കൂടിച്ചേരുമ്പോഴാണ് ഓരോ വ്യക്തിയുടെയും ജീവിതം പൂര്‍ണമാകുന്നത്. എന്റെ കുട്ടികളില്‍നിന്നും ജോലിയെ മാറ്റിനിര്‍ത്താന്‍ ഞാന്‍ തയാറല്ല. അതിനു വിപരീതമായ എല്ലാ സിദ്ധാന്തങ്ങളെയും ഞാന്‍ വലിച്ചെറിയുന്നു. നന്നായി ജോലി ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. നന്നായിത്തന്നെ കുട്ടികളെ വളര്‍ത്തണമെന്നും''- എലിസബത്ത് നയം വ്യക്തമാക്കുന്നു. 

ഹങ്കര്‍ ഗെയിം സിനിമാ പരമ്പരയിലൂടെ ശ്രദ്ധേയയായ അമേരിക്കന്‍ നടിയും സംവിധായികയും നിര്‍മാതാവും രചയിതാവുമാണ് എലിസബത്ത് ബാങ്ക്സ്. 

English Summary : Elizabeth Banks Talks About infertility issues

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA