ADVERTISEMENT

ജര്‍മനിയില്‍ തിരക്കേറിയ ട്രെയിനില്‍ സ‍ഞ്ചരിച്ച ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സ്വീഡിഷ് കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ ട്യൂൻബർഗിന് ജര്‍മന്‍ റെയില്‍കമ്പനിയുടെ തല്ലും തലോടലും. സ്പെയിനില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കുശേഷം നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് നാലോളം വലിയ ബാഗുകള്‍ സഹിതം ഗ്രെറ്റ യാത്ര ചെയ്തത്. 

ട്രെയിനില്‍ നല്ല തിരക്കായതിനാൽ താന്‍ നിലത്താണ് ഇരുന്നതെന്ന് ഗ്രെറ്റ കുറിച്ചു. വലിയ ബാഗുകള്‍ക്കുസമീപം ട്രെയിനിലെ തറയില്‍ ഇരിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തു. ഉടന്‍ തന്നെ ജര്‍മന്‍ റയില്‍ കമ്പനിയുടെ മറുപടിയെത്തി. രണ്ടു ട്വീറ്റുകളിലൂടെയായിരുന്നു അവരുടെ പ്രതികരണം. അവയാകട്ടെ ഗ്രെറ്റയുടെ അവകാശവാദത്തെ പൂര്‍ണമായും ഖണ്ഡിക്കുന്നതും. 

‘സ്നേഹത്തോടെ ഗ്രെറ്റയ്ക്ക്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്ന റെയില്‍ കമ്പനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതില്‍ സന്തോഷം. ശനിയാഴ്ച നിങ്ങള്‍ ഐസിഇ 74 കോച്ചില്‍ സഞ്ചരിച്ചതില്‍ സന്തോഷം. ഹരിത വാതകം ഉപയോഗിച്ചായിരുന്നു ട്രെയിന്‍ യാത്ര ചെയ്തത് -ഇതായിരുന്നു ഡ്യൂഷെ ബാന്‍ എന്ന റെയില്‍ കമ്പനിയുടെ ആദ്യത്തെ ട്വീറ്റ്. 

ഇതില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഒളിയമ്പ് എല്ലാവര്‍ക്കും മനസ്സിലാകുമോ എന്ന സംശയത്തിലാണെന്നു തോന്നുവന്നു കാര്യങ്ങള്‍ കുറച്ചൂകൂടി വ്യക്തമാക്കി കമ്പനി ഒരു ട്വീറ്റ് കൂടി പോസ്റ്റ് ചെയ്തു. ‘ ഗ്രെറ്റ, നിങ്ങള്‍ സഞ്ചരിച്ച ഫസ്റ്റ് ക്ലാസ്സ് കോച്ചില്‍ ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ നിങ്ങളോട് എത്ര മാന്യമായും അന്തസ്സോടെയും സൗഹാര്‍ദപരവുമായാണ് പെരുമാറിയത്. അതേക്കുറിച്ചുകൂടി നിങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ക്കു സന്തോഷമാകുമായിരുന്നു. ശുഭയാത്ര- ഇതാണ് രണ്ടാമത്തെ ട്വീറ്റ്. 

തറയിലിരുന്നാണ് യാത്ര ചെയ്തതെന്ന ഗ്രെറ്റയുടെ അവകാശവാദത്തെ ഖണ്ഡിക്കുകയാണ് കമ്പനി. യഥാര്‍ഥത്തില്‍ ഫസ്റ്റ് ക്ലാസ്സ് കോച്ചില്‍ എല്ലാ സൗകര്യങ്ങളോടെയുമാണ് ഗ്രെറ്റ യാത്ര ചെയ്തത്. ഇടയ്ക്ക് തറയിലിരുന്ന് ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തെന്നു മാത്രം. ഇക്കാര്യം ഒളിച്ചുവച്ച വാക്കുകളിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു ഡ്യൂഷെ റെയില്‍ കമ്പനി. ഇതേത്തുടര്‍ന്ന് കാര്യങ്ങള്‍ വ്യക്തമാക്കി ഗ്രെറ്റ ഒരു സന്ദേശം കൂടി പോസ്റ്റ് ചെയ്തു. 

‘ ബാസലില്‍നിന്ന് ഞാന്‍ കയറിയ ട്രെയിനില്‍ നിറയെ യാത്രക്കാരായിരുന്നു. അതുകൊണ്ട് രണ്ടു സ്റ്റേഷനുകളില്‍ തറയില്‍ ഇരിക്കേണ്ടിവന്നു. ഗോട്ടിങ്ഗന്‍ കഴിഞ്ഞതിനുശേഷമാണ് സീറ്റ് കിട്ടിയത്. യാത്രയില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. അങ്ങനെ ഞാന്‍ പറഞ്ഞിട്ടേയില്ല. ട്രെയിനില്‍ തിരക്കുണ്ട് എന്നതുതന്നെ നല്ല സൂചനയാണ്. കൂടുതല്‍ യാത്രക്കാര്‍ ട്രെയിന്‍ ആശ്രയിക്കുന്നു എന്നല്ലേ അതിന്റെ അര്‍ഥം. അതു മഹത്തായ കാര്യം തന്നെ- ഗ്രെറ്റ വിശദീകരിച്ചു. 

അടുത്തിടെയാണ് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലോക പ്രശസ്ത മാസികയായ ടൈം ഗ്രെറ്റയെ ഈ വര്‍ഷത്തെ വ്യക്തിയായി തിരഞ്ഞെടുത്തത്. 

English Summary : Twitter conversation between Greta Thunberg and German railway company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com