ADVERTISEMENT

വെറും 22–ാം വയസ്സിൽ പേസ് ഹൈടെക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സിഇഒ ആയി മാറിയ ഗീതു ശിവകുമാറിനെ മലയാളികൾക്ക് പരിചിതമാണല്ലോ. ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ സ്ഥാപനമായ ആമസോൺ തങ്ങളുടെ അതിഥിയായി ക്ഷണിച്ചതിന്റെ സന്തോഷത്തിലാണ് ഗീതു ഇപ്പോൾ. വലിയ പ്രശസ്തർക്കൊപ്പം വേദി പങ്കിടാനായത് തനിക്ക് ലഭിച്ച ഭാഗ്യമായിട്ടാണ് കാണുന്നതെന്ന് ഗീതു മനോരമ ഓൺലൈനോട് പറഞ്ഞു.

ആമസോൺ വെബ് സർവീസസ് ആണ് മികച്ച യുവ വനിതാ സംരംഭകയെന്ന നിലയിൽ ഗീതുവിനെ അതിഥിയായി ക്ഷണിച്ചത്. തന്റെ നിശ്ചയദാർഢ്യത്തിലൂടെ നേടിയെടുത്ത വിജയങ്ങളാണ് ഗീതുവിനെ ഉയരങ്ങളിലേക്ക് എത്തിക്കുന്നത് എന്നതിന്റെ തെളിവാണ് ഈ പുതിയ സംഭവം. ആമസോണിന്റെ െബംഗളൂരുവിലുള്ള ഹെഡ് ഓഫീസിൽ വച്ച് നടന്ന സമ്മേളനത്തിലാണ് ഗീതു ക്ഷണിക്കപ്പെട്ടത്.  ഇന്ത്യയിലെ അനവധി ബിസിനസ് പ്രമുഖരും കഥാകൃത്തുക്കളും വിവിധ മേഖലകളിലുള്ള പ്രശസ്തരായവരും എല്ലാം ഈ സമ്മേളനത്തിന്റെ ഭാഗമായി. വളർന്നു വരുന്ന ഒരു ബിസിനസ് വുമൺ എന്ന നിലയിൽ വലിയ പ്രശസ്തരായവർക്കൊപ്പം സമയം ചെലവിടാൻ ആയത് തന്റെ ഭാവിയിലേക്കുള്ള ചവിട്ടുപടികൾ ആയി കാണുന്നുവെന്ന് പറഞ്ഞ ഗീതു ഇങ്ങനെയൊരു ഭാഗ്യം തന്നെ തേടിയെത്തുമെന്ന് കരുതിയിരുന്നില്ല എന്നും പറഞ്ഞു. 

എഴുത്തുകാരി സുധ നായർ, ടൈറ്റന്റ് മാർക്കറ്റിങ് മാനേജർ ആയിരുന്ന സിമ്രൻ ബാഷിൻ, നമ്മുടെ നാട്ടിലെ വനിതാകമ്മീഷൻ പോലെ മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന മഹിളാ ആർതിക് വികാസ മണ്ഡലിന്റെ മാനേജിങ് ഡയറക്ടർ ശ്രദ്ധ ജോഷി ശർമ, മറ്റ് ബിസിനസ് പ്രമുഖർ എന്നിവർക്കൊപ്പം ഗീതുവിനേയും ആമസോൺ ആദരിച്ചു. സിമ്രനെപ്പോലെയുള്ളവരിൽ നിന്നും തനിക്ക് ഏറെ പഠിക്കാനായെന്നും ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് പദ്ധതിയെന്നും ഗീതു.

ഗീതുവെന്ന യുവപ്രതിഭ

geethu-siva-kumar-02

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യക്തികളുടെയും സ്ഥാപങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്ന സംരംഭമാണ് ഗീതുവിന്റെ മേൽനോട്ടത്തിലുള്ള പേസ് ഹൈടെക്. കവടിയാറില്‍ പ്രവര്‍ത്തിക്കുന്ന ഗീതുവിന്റെ സ്ഥാപനത്തിൽ 20 പേരുണ്ട്. സോഫ്റ്റ് വെയറുകള്‍, ഓട്ടോമേഷന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍സ്, ഇ കോമേഴ്‌സ് തുടങ്ങിയ എല്ലാത്തരത്തിലുമള്ള ഐടി സേവനങ്ങളും ഒപ്പം പേസ് ഹൈടെകിന്റെ തനതായ ഉല്‍പന്നങ്ങളും വികസിപ്പിക്കുന്നു ഇവിടെ.

സ്‌കൂൾ കാലഘട്ടത്തിൽ രാജീവ് ഗാന്ധി സെന്റർ  ബയോടെക്നോളോജിയിൽ ഒരു വർഷത്തെ ഫെലോഷിപ്പ് ചെയ്യാൻ അവസരം കിട്ടിയതായിരുന്നു  ഗീതുവെന്ന യുവപ്രതിഭയുടെ തുടക്കം. പിന്നീട്  എൻജിനീയറിങ് കോളേജ് ബാർട്ടൺഹില്ലിൽ ഇലക്ട്രോണിക്സ്  ബിരുദം ചെയ്യവേ കോളജ് പഠനകാലത്തും സ്വന്തമായിട്ടെന്തെങ്കിലും ചെയ്യണമെന്ന ചിന്തകളായിരുന്നു മനസ് മുഴുവൻ.

geethu-siva-kumar-04

സംസ്ഥാന സർക്കാരും  ടെക്നോപാർക്കും ഐടി മിഷനും ചേർന്ന് സംയുക്തമായി നടത്തിയ സംസ്ഥാന ഐടി  ഫെസ്റ്റിലെ കേരളത്തിലെ ഏറ്റവും മികച്ച വെബ് ഡെവലപ്പർ ആയി വിജയിച്ചതോടെ ഐ ടി മേഖലയിലേക്ക് പരിപൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഗീതു തീരുമാനിച്ചു. കോളേജിൽ തുടങ്ങിയ സ്റ്റാർട്ടപ്പ് ഇൻക്യൂബേറ്ററിൽ ആദ്യമായി രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പും  ആദ്യത്തെ പെൺകുട്ടിയും ഗീതു ആയിരുന്നു. പഠിക്കുമ്പോൾ തന്നെ നല്ലൊരു തുക സമ്പാദിച്ചിരുന്ന പുലിയാണ് ഈ കക്ഷി. 

രാജ്യത്തെ ആദ്യത്തെ ക്യാംപസ് ന്യൂസ് അപ്ലിക്കേഷൻ സ്വന്തം കോളേജിന് വേണ്ടി വികസിപ്പിച്ച ഗീതു അതിനോടനുബന്ധിച്ചു കേന്ദ്ര സർക്കാരിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായി ജപ്പാനും സന്ദർശിച്ചു.സിംഗപ്പൂർ, ശ്രീലങ്ക, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും തന്റെ സംരംഭം വ്യാപിപ്പിച്ച് കൂടുതൽ കരുത്താർജ്ജിക്കുകയാണ് ഈ മിടുക്കി. വരുംനാളുകളിൽ തൻറെ കമ്പനി പ്രവർത്തനങ്ങൾ 10 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഗീതു.

English Summary : Inspirational Life Story Of Geethu Sivakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com