sections
MORE

ഭർത്താവ് ബിന്നിയെ കളിയാക്കി കമന്റ്; ചുട്ട മറുപടി നൽകി മായന്തി ലാംഗര്‍

Mayanti-Langer
SHARE

ക്രിക്കറ്റ് താരങ്ങളെപ്പോലെ തന്നെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് മായന്തി ലാംഗര്‍. അവതാരകയെന്ന നിലയില്‍ ശ്രദ്ധേയസ്ഥാനം തന്നെയുണ്ട് മായന്തിക്കു കായികപ്രേമികളുടെ മനസ്സില്‍. ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മായന്തി ക്രിക്കറ്റ് മത്സരങ്ങള്‍ക്കും മുമ്പും ഇടവേളയിലും മത്സര ശേഷവും ചടുലമായ അവതരണശൈലിയിലൂടെയും ഉള്‍ക്കാഴ്ചയുള്ള നിരീക്ഷണങ്ങളിലൂടെയും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. മറ്റു രാജ്യങ്ങളിലെ താരങ്ങളുമായി നടത്തിയ ഒട്ടേറെ അഭിമുഖങ്ങള്‍ ക്രിക്കറ്റിനെക്കുറിച്ചുള്ള അവതാരകയുടെ ആഴത്തിലുള്ള അറവിന്റെ ഉദാഹരണങ്ങളുമാണ്.

മായന്തിയുടെ ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ സ്റ്റുവര്‍ട്ട് ബിന്നിയാകട്ടെ 2016 നു ശേഷം ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിട്ടേയില്ല. ഓള്‍ റൗണ്ടറായി മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ദേശീയ ടീമില്‍ സ്ഥാനം പിടിക്കാന്‍ കഴിയാത്ത താരം നിലവില്‍ രഞ്ജി ക്രിക്കറ്റില്‍ നാഗാലാന്‍ഡിനുവേണ്ടിയാണു കളിക്കുന്നത്. കഴിഞ്ഞദിവസം സമൂഹമാധ്യമത്തില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ മായന്തിക്കു ലഭിച്ചത് ബിന്നിയെ കളിയാക്കിക്കൊണ്ടുള്ള കമന്റുകള്‍. ഒട്ടും താമസിച്ചില്ല കളിയാക്കിവര്‍ക്കു കുറിക്കുകൊള്ളുന്ന മറുപടി നല്‍കി മായന്തി രംഗത്തെത്തി.

എവിടെയാണ് ഇപ്പോള്‍ സ്റ്റുവര്‍ട്ട് ബിന്നി എന്നായിരുന്നു ഒരാളുടെ കമന്റ്. ഉടന്‍ തന്നെ മറ്റൊരാള്‍ വേറൊരു കമന്റ് ഇട്ടു. ബിന്നി തിരക്കിലാണെന്നും ഭാര്യയുടെ ബാഗ് ചുമക്കുന്നതാണ് അദ്ദേഹത്തിന്റെ തിരക്കിന്റെ കാരണമെന്നുമായിരുന്നു കമന്റ്. മായന്തിയാകട്ടെ കൂറ്റന്‍ സിക്സറിലൂടെ ടീമിനെ വിജയിപ്പിക്കുന്ന ഷോട്ട് പോലെ മികച്ച മറുപടി തന്നെ നല്‍കി.

‘അതേ, ബിന്നി തിരക്കില്‍ തന്നെ. അദ്ദേഹത്തിന്റെ ജോലി ക്രിക്കറ്റ് കളിക്കുന്നതാണ്. എന്റെ ലഗേജ് കൊണ്ടുനടക്കാന്‍ എനിക്കുതന്നെ കഴിയും. അതിനു മറ്റാരുടെയും സഹായം ആവശ്യമില്ല. താങ്കള്‍ക്കു നന്ദി. എന്നത്തേയും പോലെ ബിന്നി ഗംഭീരമായിത്തന്നെ ജീവിക്കുന്നു. അദ്ദേഹത്തിനു ക്രിക്കറ്റ് കളിക്കാനുമുണ്ട്. ഒരു പരിചയവുമില്ലാത്ത ആളുകളെക്കുറിച്ച് ആദ്ദേഹം കമന്റുകള്‍ പാസ്സാക്കാറുമില്ല- മായന്തി മറുപടി കൊടുത്തു.

നാഗാലാന്‍ഡിനുവേണ്ടി കളിക്കുന്ന സ്റ്റുവര്‍ട്ട് ബിന്നിയാകട്ടെ മികച്ച ഫോമിലാണിപ്പോള്‍. ഏഴ് ഇന്നിങ്സില്‍നിന്ന് അദ്ദേഹം 289 റണ്‍സ് നേടിയിട്ടുണ്ട്. 41 റണ്‍സാണ് അവറേജ്. ഒരു സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടിയിട്ടുമുണ്ട്. 9 വിക്കറ്റുകളും അദ്ദേഹത്തന്റെ പേരിലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA