ADVERTISEMENT

ടെലിവിഷനു വേണ്ടി ലൈവ് അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ, നടുക്കുന്ന ഭൂകമ്പം  ഉണ്ടായെങ്കിലും ദുരന്തത്തില്‍ പതറാതെ ജോലി പൂര്‍ത്തിയാക്കി ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേന്‍. തിങ്കളാഴ്ച തലസ്ഥാനമായ വെല്ലിങ്ടണില്‍വച്ചാണ് സംഭവം. ഭൂകമ്പത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 

ന്യൂസിലന്‍ഡ് തലസ്ഥാനത്തിനടുത്തുള്ള ഒരു പ്രദേശമായിരുന്നു തിങ്കളാഴ്ചത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ലെവിന്‍ എന്ന നഗരത്തോടു ചേര്‍ന്ന്. റിക്ടര്‍ സ്കെയിലിലില്‍ 5.8 രേഖപ്പെടുത്തിയ ദുരന്തം തലസ്ഥാനത്തെയും സമീപ ജില്ലകളെയും പ്രകമ്പനം കൊള്ളിക്കുകയും ചെയ്തു. ബീഹൈവ് എന്നറിയപ്പെടുന്ന പാര്‍ലമെന്റ് മന്ദിരത്തിലായിരുന്നു അപ്പോള്‍ ജെസീന്ത. ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നു. 

ഒരു നിമിഷം ക്യാമറ ഉള്‍പ്പെടെ ആ മുറിയിലുണ്ടായിരുന്ന എല്ലാ വസ്തുക്കളും ഒന്നു കുലുങ്ങി. അപ്പോള്‍ തന്നെ ജെസീന്ത അഭിമുഖം നടത്തിയ റയാന്‍ ബ്രിഡ്ജിനോട് ഒരു കുലുക്കവുമില്ലാതെ പറയുന്നതു കേട്ടു: റയാന്‍, ഇപ്പോള്‍ ഇവിടെ സംഭവിച്ചത് ഒരു ചെറിയ ഭൂകമ്പമാണ്. അത്യാവശ്യം പേടിക്കേണ്ട ഒരു ദുരന്തം തന്നെ. എന്റെ പിന്നിലുള്ള വസ്തുക്കളൊക്കെ കുലുങ്ങുന്നതു നിങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞല്ലോ. ബീഹൈവില്‍ നല്ല ഒരു കുലുക്കം തന്നെയാണ് ഉണ്ടായത്- ജെസീന്ത പറഞ്ഞു; അഭിമുഖത്തിന്റെ ഭാഗമായിത്തന്നെ. 

ഞാന്‍ സുരക്ഷിതയാണ്. നിങ്ങളും. നമുക്ക് ഈ അഭിമുഖം തുടരാം എന്നു പറഞ്ഞുകൊണ്ട് ജെസീന്ത റയാനുമായുള്ള അഭിമുഖം തുടരുകയും ചെയ്തു. പിന്നീട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഭൂകമ്പത്തെക്കുറിച്ച് ജെസീന്ത വിശദമായി സംസാരിച്ചു.  അപകടങ്ങളില്ല. ആര്‍ക്കും പരുക്കുമില്ല. വെല്ലിങ്ടണില്‍ മാത്രം 30 സെക്കന്‍ഡോളം പ്രകമ്പനം നീണ്ടുനിന്നു. ഓഫിസുകളിലും വീടുകളിലും പലരും പരിഭ്രാന്തരായി. കഴിയുന്നിടത്തൊക്കെ ഒളിച്ചിരിക്കാന്‍ പലരും ശ്രമം നടത്തുകയും ചെയ്തു. 

അഗ്നി പര്‍വത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും ന്യൂസിലന്‍ഡില്‍ അത്ര അപരിചിതമല്ല. ഇടയ്ക്കൊക്കെ അതു രാജ്യത്ത് ദുരിതം വിതയ്ക്കാറുമുണ്ട്. 2011 ല്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന സ്ഫോടനത്തില്‍ 185 പേരാണ് മരിച്ചത്. ആ കൂട്ടക്കുരുതിയുടെ നാശനഷ്ടങ്ങള്‍ ഇന്നും നഗരവാസികളുടെ മനസ്സില്‍നിന്നു മാഞ്ഞുപോയിട്ടുമില്ല. 2016 ല്‍ 7.8 രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിലും രാജ്യത്ത് ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായിരുന്നു. 

2017 ല്‍ പ്രധാനമന്ത്രി പദത്തിലെത്തിയ ജെസീന്ത കുറഞ്ഞകാലം കൊണ്ട് രാജ്യത്തെ ഏറ്റവും പ്രശസ്തയായ നേതാവായി മാറിക്കഴിഞ്ഞു. ക്രൈസ്റ്റ് ചര്‍ച്ചില്‍ കഴിഞ്ഞവര്‍ഷം നടന്ന കൂട്ടക്കൊല, ഡിസംബറില്‍ നടന്ന അഗ്നപര്‍വ സ്ഫോടനം, ഇപ്പോഴത്തെ കോവിഡ് മഹാമാരി തുടങ്ങിയ സംഭവങ്ങളെയെല്ലാം സമചിത്തതയോടെ കൈകാര്യം ചെയ്താണ് അവര്‍ ലോകനേതാക്കളുടെ മുന്‍നിരയില്‍ സ്ഥാനം നേടിയത്. 

English Summary: Earthquake Strikes During New Zealand PM Jacinda Ardern's Interview. Watch Her Reaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com