ADVERTISEMENT

‘തുംസെ നാ ഹോ പായേഗ…’ വർഷങ്ങൾക്കുമുമ്പ് റാഞ്ചിയിലെ ഗോത്രവർഗ്ഗക്കാരുടെ സ്കൂളിലെ ഉയർന്ന ജാതിക്കാരനായ കണക്ക് അധ്യാപകൻ ഒരു പെൺകുട്ടിയോട് പറഞ്ഞതാണിത്. കണക്കിൽ മിടുക്കിയാണെന്നും മൂന്നുതവണ പരീക്ഷയിൽ 100 മാർക്കു കിട്ടിയിരുന്നുവെന്നും അറിയാമായിരുന്നിട്ടും ബിരുദത്തിനായി കണക്ക് തെരഞ്ഞെടുക്കട്ടേ എന്നുചോദിച്ചപ്പോൾ അധ്യാപകൻ പറഞ്ഞതായിരുന്നു. ‘നിനക്കതു പറ്റില്ല...’

പെൺകുട്ടി കണക്കെടുത്ത് പഠിച്ച്‌ ബിരുദവും മാസ്റ്റർ ബിരുദവും നേടി. കംപ്യൂട്ടർ സയൻസിൽ എംഫിലും പിഎച്ച്ഡിയും നേടി. അധ്യാപികയായി. പ്രഫസറായി. കണക്കുപഠിക്കാൻ കൊള്ളില്ലെന്നു ഗണിതാധ്യാപകൻ പറഞ്ഞ പെൺകുട്ടി ഒടുവിൽ സർവകലാശാലാ വൈസ് ചാൻസലറുമായി. ഇതാണ് ബുധനാഴ്ച ഇന്ത്യയിലെ ആദ്യ ദലിത് വൈസ് ചാൻസലറായി ചുമതലയേറ്റ സോനാചാര്യ മിൻസിന്റെ കഥ.

മേയ് 27 ബുധനാഴ്ച ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ ജാർഖണ്ഡിലെ ധുംക ജില്ലയിലുള്ള സിഡോ കൻഹു മുർമു സർവകലാശാലയിലെ (എസ്‌കെഎംയു) വൈസ് ചാൻസലറായി നിയമിതയായ സോനാചാര്യ മിൻസ് ഒറാവോൺ ഗോത്രവിഭാഗക്കാരിയാണ്. ലോക്ഡൗൺ മൂലം റാഞ്ചിയിലെ വീട്ടിൽ കുടുങ്ങിപ്പോയ മിൻസ് നിയമന ഉത്തരവ് ലഭിക്കുമ്പോൾ ജെഎൻയുവിലേക്കുള്ള യാത്രയിലായിരുന്നു.

പിന്നാക്ക ജനതയുടെ ഈ ചരിത്രനേട്ടത്തിന് കളമൊരുക്കിയത് ട്രൈബൽ നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയായ ജാർഖണ്ഡ് സർക്കാരാണ്. വിദ്യാഭ്യാസ പിന്നാക്കാവസ്ഥയിലുള്ള ആദിവാസികളുടെ ആകെയുള്ള ഭൂമികൂടി കയ്യടക്കാനുള്ള ഖനനമാഫിയാ ശ്രമങ്ങൾക്ക് വികസനത്തിന്റെ മൂടുപടം ചാർത്തി കൂട്ടുനിൽക്കുകയാരിരുന്നു അതുവരെ അവിടത്തെ സർക്കാരുകൾ.

സംസ്ഥാനത്തെ കാലാവധി അവസാനിക്കുന്ന നാല് വൈസ് ചാൻസലർമാരുടെ സ്ഥാനത്തേക്കുള്ള നിയമന പരസ്യം മേയിൽ വന്നപ്പോൾ ഹസാരിബാഗിലെ വിനോബഭാവെ യൂണിവേഴ്‌സിറ്റിയിലും (വിബിയു) എസ്‌കെഎംയുവിലും മിൻസും അപേക്ഷ സമർപ്പിച്ചു. ‘പരീക്ഷയിലെ എളുപ്പമായ രണ്ടു ചോദ്യങ്ങളിൽനിന്ന് ഒന്ന് തിരഞ്ഞെടുക്കുന്ന പോലെയായിരുന്നു രണ്ടു സർവകലാശാലകളിൽ ഒന്നിന്റെ തിരഞ്ഞെടുപ്പ്. പിതാവ് പഠിച്ച ഹസാരിബാഗിലെ സെന്റ് കൊളംബ കോളജ് വളർന്നു വികസിച്ച വിബി‌യു എളുപ്പമുള്ള ഓപ്ഷൻ ആയിരുന്നു. ഒടുവിൽ മിൻസ് എസ്‌കെ‌എം‌യു തിരഞ്ഞെടുത്തു. അത് സാന്തൽ പർഗാനയിലെ പ്രധാന പഠനകേന്ദ്രമാണ്. ഒപ്പം ആരംഭിച്ച മറ്റ് ഏത് സർവകലാശാലയെയുംപോലെ ഉയർത്തി കൊണ്ടുവരണം...’– ചുമതലയേറ്റ ശേഷം ബുധനാഴ്ച അനുവദിച്ച ആദ്യ അഭിമുഖത്തിൽ മിൻസ് പറഞ്ഞു.

സിദ്ദോ കൻഹു മർമു യൂണിവേഴ്സിറ്റി

ജാർഖണ്ഡിലെ സന്താൽ പർഗാനയിൽ അന്നത്തെ ബിഹാർ ലെജിസ്ലേറ്റീവ് അസംബ്ലി പാസാക്കിയ നിയമപ്രകാരം 1992 ൽ സ്ഥാപിക്കപ്പെട്ടതാണ് സിദ്ദോ കൻഹു മർമു യൂണിവേഴ്സിറ്റി (എസ്‌കെഎംയു). സാമൂഹികവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളിലേക്കും വിദ്യാഭ്യാസം എത്തിക്കുകയാണ്  സർവകലാശാലയുടെ മുഖ്യലക്ഷ്യം. ബ്രിട്ടിഷ് കോളനി ഭരണചൂഷണത്തിനെതിരെ 1855 ൽ സന്താൾ കലാപത്തിന് (1855-56) നേതൃത്വം നൽകിയ ഐതിഹാസിക സന്താൾ സമരപോരാളികളായ സിഡോ മർമു, കൻഹു മർമു എന്നിവരുടെ നാമത്തിലുള്ളതാണ്‌ ഈ സർവകലാശാല.

2000 ൽ ജാർഖണ്ഡ് രൂപീകരിച്ചപ്പോൾ എസ്‌കെഎംയു ആ സംസ്ഥാനത്തായി. തലസ്ഥാനമായ റാഞ്ചിയിൽനിന്ന് 280 കിലോമീറ്റർ വടക്കുകിഴക്കായി ധുംകയിലാണ് സർവകലാശാലയുടെ ആസ്ഥാനം. സന്താൽ പർഗാനയിലെ ആറ് ഡിവിഷനലുകളിലായി വിവിധ വകുപ്പുകളും ഒമ്പത് അഫിലിയേറ്റഡ് കോളജുകളും ഈ സർവകലാശാലയ്ക്ക് കീഴിലുണ്ട്. 2007 മേയ് 7 നു യുജിസിയുടെ അംഗീകാരവും ലഭിച്ചു.

മിൻസ് എന്ന മിന്നും താരം 

ആദിവാസികൾ, പ്രത്യേകിച്ച് ഒറാവോൺ ഗോത്രം സംസാരിക്കുന്ന കുഡുഖ് ഭാഷയിലെ പണ്ഡിതനും റാഞ്ചിയിലെ ഗോസ്നർ കോളജ് സ്ഥാപകനുമായ  ലൂഥറൻ ബിഷപ്പ് എമെറിറ്റസ് നിർമ്മൽ മിൻസിന്റെ മകളായിരുന്നു മിൻസ്. ഇംഗ്ലിഷ് മീഡിയം സ്‌കൂളിൽ പഠിക്കാൻ കഴിയാതെ ആദിവാസി വിദ്യാർഥികൾമാത്രം പഠിക്കുന്ന റാഞ്ചിയിലെ സെന്റ് മാർഗരറ്റ് സ്‌കൂളിൽ ഹിന്ദി മീഡിയത്തിലായിരുന്നു അവൾ പഠിച്ചത്. സ്‌കൂളിലെ ഭൂരിഭാഗം അധ്യാപകരും വിദ്യാർഥികളും ആദിവാസികൾ തന്നെ.

മിടുക്കിയായിരുന്നിട്ടും പ്രോത്സാഹിപ്പിക്കാതിരുന്ന കണക്കുസാറിനോട് മധുരതരമായ കണക്കുതീർക്കാൻ അവൾ കണക്കുതന്നെ പഠിച്ചു. ഗണിതശാസ്ത്രത്തിൽ ചെന്നൈയിലെ വുമൺ ക്രിസ്ത്യൻ കോളജിൽ നിന്ന് ബിരുദവും മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും. ജെഎൻയുവിൽ കംപ്യൂട്ടർ സയൻസിൽ എംഫില്ലും തുടർന്ന് പിഎച്ച്ഡിയും.

തമിഴ്‌നാട്ടിലെ മധുര കമരാജ് സർവകലാശാല (1991-1992), ഭോപ്പാലിലെ ബർക്കത്തുല്ല യൂണിവേഴ്‌സിറ്റി, (1990-1991) എന്നിവിടങ്ങളിൽ കംപ്യൂട്ടർ സയൻസ് വകുപ്പിൽ അസിസ്റ്റൻറ് പ്രഫസറായ മിൻസ് 1992 ൽ ജെഎൻയുവിൽ സ്കൂൾ ഓഫ് കംപ്യൂട്ടർ ആൻഡ് സിസ്റ്റംസ് സയൻസസ് അധ്യാപികയായി മടങ്ങിയെത്തി.1997-2005 കാലത്ത് അവിടെ അസോസിയേറ്റ് പ്രഫസർ. 2005 മുതൽ നാളിതുവരെ പ്രഫസർ. ജിയോ-സ്പെഷ്ൽ ഇൻഫർമാറ്റിക്സ്, സ്പേഷ്യോ-ടെമ്പറൽ ഡാറ്റ അനാലിസിസ്, ഡാറ്റ മൈനിങ്, മെഷീൻ ലേണിങ് പോലെയുള്ള നൂതന ഇഷ്ടവിഷയങ്ങളിൽ ദേശീയ, രാജ്യാന്തര ജേണലുകളിൽ നിരവധി ഗവേഷണ പ്രബന്ധങ്ങളും മിൻസ് പ്രസിദ്ധീകരിച്ചു.

2018-19 കാലത്ത് ജെഎൻയു ടീച്ചേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്ന അവർക്ക് 2020 ജനുവരി 5 ന് രാത്രി ജെഎൻയു ക്യാംപസിൽ നടന്ന മുഖംമൂടി ആക്രമണത്തിൽ പരുക്കേറ്റു. ഏറ്റവും ഒടുവിൽ കോവിഡ് കാലത്ത് തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ ടെക്സ്റ്റൈൽ ഹബിൽ കുടുങ്ങിയ 150 ഓളം ജാർഖണ്ഡ് തൊഴിലാളികളെ തിരികെ അവരവരുടെ ഗ്രാമങ്ങളിൽ എത്തിക്കുന്നതിൽ സാമൂഹിക പ്രവർത്തകയായ മിൻസിന്റെ സമയോചിതമായ ഇടപെടലുകളും സഹായകമായി. അടുത്ത കാലംവരെ കിഴക്കൻ ഇന്ത്യയിൽനിന്നു ജെഎൻയുവിൽ എത്തുന്ന വിദ്യാർഥികളുടെ പ്രിയ ലോക്കൽ ഗാർഡിയൻ മിൻസ് ആയിരുന്നു.

മിൻസിന്റെ മുൻഗണനകൾ 

വൈസ് ചാൻസലർ സ്ഥാനലബ്ധിയിൽ സന്തുഷ്ടയായിരിക്കുമ്പോഴും  ഗോത്രവർഗ സ്ത്രീയുടെ കടന്നുവരവ് ഉയർത്തുന്ന ലിംഗ, സാമൂഹിക വെല്ലുവിളികളെക്കുറിച്ച് സുദീർഘമായ അനുഭവജ്ഞാനമുള്ള അവർക്കു ബോധ്യമുണ്ട്. ‘അധികാരം എന്നത് സത്യം, നീതി എന്നീ രണ്ട് തത്ത്വങ്ങളിൽ ഉറച്ചു നിൽക്കണം. സത്യം മൂടിവയ്ക്കാനോ വളച്ചൊടിക്കാനോ ദുരുപയോഗം ചെയ്യാനോ കഴിയില്ല. നീതി നടപ്പാക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറാനും...’ – എന്നായിരുന്നു മിൻസ് ആദ്യഅഭിമുഖത്തിൽ പറഞ്ഞത്‌. ഗോത്രപഠനത്തിനുള്ള കേന്ദ്രവും മൾട്ടി-ഡിസിപ്ലിനറി പഠനകേന്ദ്രങ്ങളുമാണ് നിയുക്ത വൈസ് ചാൻസലറുടെ ഉടൻ സ്വപ്‌നങ്ങൾ.

ആദിവാസിസ്ത്രീ  അക്കാദമിക് ഭരണതലപ്പത്ത് എത്തുമ്പോൾ

ഇന്ത്യൻ അക്കാദമിക് രംഗത്തെ ഏറെ ആഹ്ലാദകരവും നിർണ്ണായകവുമായ  നടപടിയാണ് സോനാചാര്യ മിൻസ് എന്ന ആദിവാസി പ്രഫസറുടെ വൈസ്ചാൻസലർ നിയമനം. ഏറ്റവും പുതിയ (2018-19) അഖിലേന്ത്യാ ഉന്നത വിദ്യാഭ്യാസ സർവേയിൽ ഇന്ത്യയിൽ ആകെയുള്ള 33,403 പട്ടികവർഗ അധ്യാപകരിൽ മൂന്നിലൊന്നു മാത്രമാണ് സ്ത്രീകൾ. അവരിൽ ഉയർന്ന പദവികളിൽ എത്തുന്നവർ വളരെ കുറവും.

സർവകലാശാലാ വൈസ് ചാൻസലറാകുന്ന, ആദിവാസിവിഭാഗത്തിലെ ആദ്യത്തെയാൾ സ്ത്രീ ആണെന്നതും ഈ നിയമനത്തെ ചരിത്ര സംഭവമാക്കുന്നു. ആദിവാസികൾക്ക്‌, പ്രത്യേകിച്ചും സ്ത്രീകൾക്ക്‌,  ഒറാവോൺ വർഗ്ഗക്കാർക്ക്‌ ഏറെ അഭിമാനകരമാണ്‌ അവരുടെ മുന്നേറ്റചരിത്രത്തിലെ ശ്രദ്ധേയമായ ഈ ചുവടുവയ്പ്.

ഈ നിയമനത്തിന്റെ ശരിയായ ഫലപ്രാപ്തി മൂന്നോ നാലോ വർഷം നീളുന്ന ഇവരുടെ വൈസ് ചാൻസലർ കാലാവധികൊണ്ടുമാത്രം കൈവരിക്കാനാവില്ല. തുടക്കമാവുന്ന നടപടികളുടെ തുടർച്ച  ഉണ്ടാവണമെങ്കിൽ വൈയക്തികമായ നേട്ടത്തിന്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ തുടർനടപടികളും ഉണ്ടാവണം. വിദ്യാഭ്യാസ പുരോഗതിക്കൊപ്പം ഭരണതലത്തിൽ ആദിവാസിഭൂമി അന്യാധീനപ്പെടാതെ കാക്കാനും ആദിവാസികൾക്കായുള്ള സർക്കാർ പദ്ധതിപ്പണത്തിന്റെ ശരിയായ വിനിയോഗത്തിനും നടപടികളും ഉണ്ടാവണം.

പണ്ട് താൻ പഠിച്ച സ്‌കൂളിലെ കണക്കധ്യാപകന്റെ മിൻസിനോടുള്ള ‘തുംസെ നാ ഹോ പായേഗ...’ എന്ന ചോദ്യം ഇപ്പോഴും ഇടയ്ക്കിടെ കേട്ടുകൊണ്ടിരിക്കുന്നു. ഭരണഘടനാ ശിൽപി ബി.ആർ. അംബേദ്കർ വിദേശത്തെ പഠനശേഷം ബറോഡാ മഹാരാജ ഗെയ്ക്‌വാദിന്റെ കീഴിൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുമ്പോൾ ഓഫിസ് മുറിയിലെ വാതിൽ പടിയിൽനിന്നു കീഴുദ്യോഗസ്ഥരായ ഉയർന്ന ജാതിക്കാർ ഫയലുകൾ എറിഞ്ഞുകൊടുത്തപ്പോൾ കേട്ടത് ഈ ചോദ്യം തന്നെയാണ്. കേരളത്തിൽപോലും ഒരു സർവകലാശാലയിലെ വകുപ്പധ്യക്ഷനായിരുന്ന ആദിവാസി പ്രഫസർ ഇതേ ചോദ്യങ്ങൾ ആയിരുന്നു തന്റെ കാലത്തു സഹപ്രവർത്തകരിൽ ചിലരിൽനിന്നും കേട്ടുകൊണ്ടിരുന്നത്. അക്കാദമിക് ഗവേഷണ രംഗത്ത് കേരളത്തിലെ വിവിധ സർവകലാശാലകളിലെ ദലിത് വിദ്യാർഥികൾ... കേരളത്തിലെതന്നെ ആദിവാസി വനിതാ സബ് കലക്ടർ... ഇന്നും ഇത്തരം ചോദ്യങ്ങൾ ഇടക്കിടെ കേട്ടുകൊണ്ടിരിക്കുന്നു

ഒരു ആദിവാസി അധ്യാപിക വൈസ് ചാൻസലർ ആയത്‌ സമൂഹമാധ്യമങ്ങളിലല്ലാതെ കേരളത്തിലെ മുഖ്യധാര പത്ര-ദൃശ്യ മാധ്യമചർച്ചകളിൽ കാര്യമായി കടന്നുവന്നില്ല. സംഘടിതമായി വിലപേശാൻ കഴിവില്ലാത്തവരുടെ സാമൂഹികജീവിതത്തിലെ കാതലായ മാറ്റങ്ങൾക്ക്‌ ഇടയാക്കാനിടയുള്ള ഇത്തരം ചെറുനീക്കങ്ങളുടെ പ്രചരണ ദൗത്യം പല മാധ്യമങ്ങളും ഏറ്റെടുക്കുന്നില്ല എന്നത് വിമർശിക്കപ്പെടുകതന്നെ വേണം. സംഘടിത മത,സമുദായങ്ങൾക്കിടയിൽ  സാമൂഹിക സ്ഥാനങ്ങൾ മിക്കതും വീതംവയ്ക്കപ്പെടുമ്പോൾ അശരണർ (സ്ത്രീകളും) നിരന്തരം അവഗണിക്കപ്പെടുന്നത് അവർക്കു മറ്റുള്ളവർക്കുള്ളതുപോലെ വിലപേശൽ ശേഷി ഇല്ലാത്തതുകൊണ്ടാണ്. 

English Summary: Sonajharia Minz First Tribal Vice Chanceller In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com