sections
MORE

ശരീരം വിൽക്കുന്നവളെന്ന് വിളിച്ചു; അന്ന് ഭീതിയോടെ നേരം വെളുപ്പിച്ചു; ഇന്ന് അവൾ പൊലീസ്!

afghan-police
SHARE

തുർക്കിയിലെ പൊലീസ് അക്കാഡമിയിലെ പഠനത്തിനും പരിശീലനത്തിനും ശേഷം സല സസായ് എന്ന യുവതി അഫ്ഗാനിസ്ഥാനിൽ തിരിച്ചെത്തിയത് ജൂൺ മാസത്തിൽ; അഭിമാനത്തോടെ, ആവേശ ഭരിതയായി. സ്വന്തം നാടിനെ സേവിക്കണമെന്ന തീരാത്ത മോഹവുമായി. എന്നാൽ, രാജ്യത്തെ കിഴക്കൻ പ്രവിശ്യയിൽ പൊലീസ് സേനയുടെ ഭാഗമായി ജോലി തുടങ്ങിയതോടെ സലയുടെ ആവേശം നിരാശയ്ക്കു വഴിമാറി. 

സമൂഹമാധ്യമങ്ങളിൽ സല അധിക്ഷേപിക്കപ്പെട്ടു; അഭിസാരിക എന്ന വിളിച്ചു. പൊലീസിലെ സലയുടെ സാന്നിധ്യം സേനയെ ആകെ ദുഷിപ്പിക്കുമെന്നു പ്രചരിപ്പിച്ചവരുണ്ട്. പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ ആകെയുള്ള 500 പേരിൽ ഒരൊറ്റ വനിത മാത്രമാണുണ്ടായിരുന്നത്. സല മാത്രം. സഹപ്രവർത്തകർ പോലും സലയെ നിരന്തരമായി പീഡിപ്പിച്ചു. ശിരോവസ്ത്രം ധരിക്കാൻ നിർബന്ധിച്ചു. യൂണിഫോമിനു പകരം പരമ്പരാഗത വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടു. ഓഫിസിലെ ഏതെങ്കിലും മൂലയിൽ ഒളിച്ചിരിക്കാനും ആവശ്യപ്പെട്ടു. പൊതുജനങ്ങൾ കാണാതിരിക്കാൻ. ചിലപ്പോഴൊക്കെ പ്രദേശത്തെ ജനങ്ങൾ ഒഫിസിനു മുന്നിലെത്തി ഊഴം കാത്തുനിന്നു; സല എന്ന പൊലിസുകാരിയെ ഒരുനോക്കു കാണാൻ മാത്രം; പരിഹസിക്കാൻ. 21 വയസ്സുകാരി സല അഫ്ഗാനിൽ ആദ്യ ദിവസത്തെ ജോലിക്കു ശേഷം വീട്ടിൽ തിരിച്ചെത്തിയതു പേടിച്ചരണ്ട കണ്ണുകളുമായി. കാബൂളിൽ നിന്ന് അമ്മയും സലയ്ക്കൊപ്പമെത്തിയിരുന്നു മകളുടെ ജോലി സ്ഥലത്ത് താമസിക്കാൻ. രാത്രി രണ്ടു സ്ത്രീകളും മുറികളുടെ വാതിലുകൾ ചേർത്തടച്ച് ഭീതിയോടെ ഉറങ്ങാതെ നേരം വെളുപ്പിച്ചു. ആക്രമണം ഉണ്ടായാൽ നേരിടാൻ ഒരു പിസ്റ്റളിനുള്ള അപേക്ഷയും കൊടുത്തു അധികാരികൾക്കു മുന്നിൽ. എന്നെ പ്രതിരോധിക്കാൻ അതല്ലാതെ മറ്റൊരു മാർഗവും എന്റെ മുന്നിലില്ലായിരുന്നു– സല പറയുന്നു. 

1990 –കളിൽ താലിബാൻ അഫഗാന്റെ നിയന്തണം ഏറ്റെടുത്തതോടെയാണ് സ്ത്രീകളുടെ ശനിദശയും തുടങ്ങുന്നത്. 2000– ന്റെ തുടക്കത്തിൽ അമേരിക്കൻ സേന നിയന്ത്രണം ഏറ്റെടുത്തതോടെ വീടുകളിൽ നിന്നു പുറത്താക്കപ്പെട്ട സ്ത്രീകൾ തിരിച്ചെത്തിത്തുടങ്ങി. ഇപ്പോൾ രണ്ടു ദശകത്തിനുശേഷം വിദ്യാഭ്യാസം നേടിയ, സംസ്കാര സമ്പന്നരായ, ജോലി ചെയ്യാൻ തയാറുള്ള സ്ത്രീകൾ അഫ്ഗാനിലെങ്ങുമുണ്ട്. അവരുടെ പ്രതിനിധിയാണ് സലയും. 

എന്നാൽ താലിബാനും അഫ്ഗാൻ സർക്കാരും തമ്മിൽ അധികാരം പങ്കിടാനുള്ള ചർച്ചകൾ‌ പുരോഗമിക്കുമ്പോൾ ഏറ്റവും കൂടുതൽ പേടിക്കുന്നതും സ്ത്രീകൾ തന്നെ. രണ്ടു പതിറ്റാണ്ടായി തങ്ങൾക്കു ലഭിച്ച സ്വാതന്ത്ര്യവും സമാധാനവും താലിബാനു മേൽക്കൈ കിട്ടിയാൽ നഷ്ടപ്പെടുമോ എന്നാണവരുടെ പേടി. ആ പേടിക്ക് അടിസ്ഥാനമുണ്ടുതാനും. 

സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുവേണ്ടി കോടികൾ ചെലവഴിച്ചിട്ടും ഇന്നും അഫ്ഗാനിൽ പൊതുരംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം തീരെ കുറവാണ്. പ്രധാനപ്പെട്ട പദവികളിലൊന്നും സ്ത്രീകൾക്കു സ്ഥാനമില്ല. യുദ്ധം, സമാധാനം, രാജ്യത്തിന്റെ ഭാവി തുടങ്ങിയ നിർണായക ചർച്ചകൾ നടക്കുന്നിടത്തൊന്നും സ്ത്രീകളെ കാണാനേയില്ല. പീഡനവും അധിക്ഷേപവും പരിഹാസവും സഹിച്ചാണ് ചുരുക്കം വരുന്ന സ്ത്രീകൾ പൊതുഇടങ്ങളിൽ ജോലി ചെയ്തു മുന്നേറുന്നതും; സലയെപ്പോലെ. 

പൊലീസ് സേനയിൽ സ്ത്രീ പങ്കാളിത്തം വെറും 2.8 ശതമാനം മാത്രമാണ്. കഴിഞ്ഞ 18 വർഷത്തെ ഏറ്റവും ഉയർന്ന നിലയാണത്. സേനയിലെ ആകെയുള്ള 3,800 സ്ത്രീ സേനാംഗങ്ങൾ അറിയപ്പെടാതെ, ശ്രദ്ധേയമല്ലാത്ത പദവികളിൽ ആരുമറിയാതെ കാലം പോക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ താലിബാന്റെ സ്വാധീനം കുറവായിരുന്നെങ്കിലും അഭിപ്രായത്തിലും കാഴ്ചപ്പാടുകളിലും സ്ത്രീ വിരുദ്ധത കൊണ്ടുനടക്കുന്നവരായിരുന്നു പ്രധാനപ്പെട്ട പല തസ്തികകളിലും. പ്രസിഡന്റ് അഷ്റഫ് ഗനി കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ കൂടുതൽ വനിതകളെ അംബാസഡർമാരായി നിയോഗിച്ചു. ഡെപ്യൂട്ടി ഗവർണർ സ്ഥാനങ്ങൾ അവർക്കുവേണ്ടി നീക്കിവച്ചു. മന്ത്രിപദവികളിൽ വനിതകളെ അവരോധിച്ചു. എന്നാൽ സമൂഹത്തിൽ അവയൊന്നും വലിയ മാറ്റങ്ങളുണ്ടാക്കിയില്ല. ഇപ്പോഴും പുരുഷ കേന്ദ്രീകൃതം തന്നെയാണ് അഫ്ഗാൻ സമൂഹം. ഉന്നത പദവികളിലെത്തുന്ന സ്ത്രീകളെ കാത്തിരിക്കുന്നത് പ്രതിബന്ധങ്ങളും വെല്ലുവിളികളും മാത്രം. പൊലീസ് സേനയിൽ സ്ത്രീ പങ്കാളിത്തം 5 ശതമാനത്തിൽ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനുവേണ്ടി ലക്ഷങ്ങൾ ചെലവഴിച്ചിട്ടും ലക്ഷ്യത്തിനടുത്തുപോലും എത്തിയില്ല എന്നതാണ് വാസ്തവം. 

വിദ്യാഭ്യാസവും കഴിവുമുള്ള സ്ത്രീകൾ അഫ്ഗാനിൽ ഇല്ല എന്നതല്ല പ്രശ്നം. പൊലീസ് സേനയിൽ ഉൾപ്പെടെ എവിടെയായാലും അനുഭവിക്കേണ്ടിവരുന്ന പരിഹാസവും ആക്ഷേപവും തന്നെയാണ് പ്രധാനം. പലരും പരിഹാസം നേരിടാൻ മടിക്കുന്നു. സുരക്ഷാ വിഭാഗങ്ങളിൽ ലൈംഗിക പീഡന പരാതികൾക്കും കുറവില്ല. മരിച്ചുപോയ ഉദ്യോഗസ്ഥരുടെ ഭാര്യമാർ ആനുകൂല്യങ്ങൾ കൈപ്പറ്റാൻവേണ്ടി എത്തുമ്പോൾ പോലും പീഡിപ്പിക്കപ്പെടുന്നു. സാധാരണ സ്ത്രീകളാകട്ടെ വീടുകളിൽ എത്ര വലിയ പീഡനം നടന്നാലും പരാതിയുമായി പൊലീസിനെ സമീപിക്കാൻ മടി കാണിക്കുന്നു. 

സലയുടെ അമ്മ തന്റെ പെൺമക്കളെ പഠിപ്പിക്കാൻ തയാറായി. അവർക്ക് ഉന്നത പദവികൾ ലഭിക്കണമെന്ന് ആഗ്രഹിച്ചു. അതിന്റെ പേരിൽ‌ പുരുഷൻമാരായ ബന്ധുക്കളുടെ ഉൾപ്പെടെ വിമർശനം ഏറ്റുവാങ്ങേണ്ടിയും വന്നു. പെൺമക്കളെ പൊലീസ് സേനയിൽ ചേർക്കാൻ ആഗ്രഹിച്ചതിന്റെ പേരിൽ ഉന്നത ഉദ്യോഗസ്ഥർ വരെ സലയുടെ അമ്മയെ ചോദ്യം ചെയ്തു. എന്നാൽ അവർ പതറിയില്ല. ഇപ്പോൾ സലയ്ക്ക് സേനയിൽ പദവി ലഭിച്ചെങ്കിലും കാത്തിരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് അവർ ബോധവതിയാണ്. എല്ലാം നേരിടാമെന്ന ആത്മവിശ്വാസമാണ് അമ്മയുടെയും മകളുടെയും കരുത്ത്. 

English Summary: ‘A force that is only working for men’: The women in the Afghan security forces

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA