sections
MORE

നാട്ടുകാരെ, അതൊരു ‘ജിന്നാ’ണ്; വിപ്ലവ മദ്യത്തിനു പിന്നിലെ മലയാളി ‘മഹാറാണി’

maharani-big
SHARE

500 വർഷങ്ങൾക്ക് മുൻപ് കോളനിവൽക്കരണത്തിനും സാമ്രാജ്യത്വത്തിനും തുടക്കംകുറിച്ച് യൂറോപ്യൻ പര്യവേഷകർ ഇന്ത്യയിലെത്തിയത് ഇവിടുത്തെ സുഗന്ധവ്യഞ്ജനങ്ങൾ അന്വേഷിച്ചായിരുന്നു. ഇന്ന് നൂറ്റാണ്ടുകൾക്കിപ്പുറം 2020 ലും കേരളത്തിലെ സുഗന്ധ ദ്രവ്യങ്ങൾ കടൽകടന്ന് അങ്ങ് അയർലൻഡിൽ  സുഗന്ധം പരത്തുന്നുണ്ട്. മലയാളിയായ ഭാഗ്യലക്ഷ്മി ബാരറ്റ്  'മഹാറാണി' എന്ന പേരിൽ നമ്മുടെ നാടൻ സുഗന്ധ വ്യഞ്ജനങ്ങളുടെ സത്തുപയോഗിച്ച് വിപണിയിൽ എത്തിച്ചിരിക്കുന്ന ജിന്നിലൂടെയാണ് അത്. ഭാഗ്യലക്ഷ്മിയുടെ ഭർത്താവായ റോബർട്ട് ബാരറ്റിന്റെ ഉടമസ്ഥതയിലുള്ള റിബൽ സിറ്റി ഡിസ്റ്റിലറിയിലാണ് 'മഹാറാണി' ഉത്പാദിപ്പിക്കുന്നത്. അയർലൻഡിലെ കോർക്ക് നഗരത്തിൽ 50 വർഷത്തിനിടെ ആദ്യമായി ആരംഭിച്ച ഡിസ്റ്റിലറികൂടിയാണ്  റിബൽ സിറ്റി ഡിസ്റ്റിലറി.

കമ്പിളി നാരങ്ങ, കാസിയ, ജാതിപത്രി എന്നിവയെല്ലാം അടങ്ങിയ ജിൻ ലോകത്തിൽ തന്നെ ഇതാദ്യമായാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. ജിന്നിന്റെ രുചിയിൽ മാത്രമല്ല മലയാളപ്പെരുമ. പായ്ക്കിങ്ങിന് പുറത്ത് വിപ്ലവ സ്പിരിറ്റ്, മോക്ഷം, ആൽക്കമി, സർഗ്ഗാത്മകത തുടങ്ങിയ വാക്കുകൾ മലയാളത്തിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.രസതന്ത്രവും കലയും സംയോജിപ്പിച്ചാണ്  ജിൻ നിർമ്മിച്ചിരിക്കുന്നത് എന്ന് ഭാഗ്യലക്ഷ്മി പറയുന്നു. വനിതാ ശക്തിക്കുള്ള ആദരമായാണ് മഹാറാണി വിപണിയിലെത്തുന്നത്.

കൊല്ലം ജില്ലയിലെ കിളികൊല്ലൂരിൽ രാജീവ് വാസവൻ, വിമല എന്നിവരുടെ മകളാണ് 34 കാരിയായ ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മിയും ഭർത്താവ് റോബർട്ടും അദ്ദേഹത്തിൻറെ പിതാവായ ബ്രണ്ടൻ ബാരറ്റും  ചേർന്നാണ് ഡിസ്റ്റിലറി  നടത്തുന്നത്.

കേരളത്തിലെ സ്ത്രീകളുടെ വിപ്ലവകരമായ ചുവടുകളുടെയും ഇന്നത്തെ നിലയിലേക്ക് കേരളസമൂഹത്തെ വാർത്തെടുത്തതിലുള്ള അവരുടെ പങ്കിന്റെയും പ്രതീകമായാണ് മഹാറാണി എന്ന ബ്രാൻഡ് നിർമ്മിച്ചിരിക്കുന്നത് എന്ന് ഭാഗ്യലക്ഷ്മി പറയുന്നു. താൻ അടങ്ങുന്ന എല്ലാ സ്ത്രീകളിലും അതേപോലെതന്നെ ജിന്നിലും ഉള്ള വിപ്ലവ മനോഭാവത്തെ സൂചിപ്പിക്കുന്നതാണ് 'വിപ്ലവ സ്പിരിറ്റ്' എന്ന പ്രയോഗം. വയനാട് ജില്ലയിൽ സ്ത്രീകൾ നടത്തുന്ന ജൈവകൃഷി സഹകരണ സംഘമായ 'വനമൂലിക'യിൽ നിന്നുമാണ് ജിന്നിന്റെ ഉത്പാദനത്തിനു വേണ്ട സസ്യങ്ങൾ ശേഖരിക്കുന്നത്.

ജീവിക്കുന്നത് അയർലൻഡിൽ ആണെങ്കിലും തന്നെ സ്വയം വിശേഷിപ്പിക്കുന്നത് ആദ്യം മലയാളി എന്നും രണ്ടാമത് ഇന്ത്യക്കാരി എന്നും ആണ്.  എന്തെങ്കിലും സംരംഭം ആരംഭിക്കുന്നെങ്കിൽ അതിന്റെ അടിസ്ഥാനം കേരളം ആകണമെന്നതും സ്ത്രീകളെ ഉൾപ്പെടുത്തണമെന്നതും തന്റെ സ്വപ്നം ആയിരുന്നു എന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ചെന്നൈയിൽ നിന്നും മാഡ്രിഡിലൂടെ കോർക്കിലേക്ക്

ചെന്നൈയിൽ ഒരു ഐടി പ്രൊഫഷണലായി ആയിരുന്നു ഭാഗ്യലക്ഷ്മിയുടെ കരിയറിന്റെ തുടക്കം.പിന്നീട് സ്പെയിനിലെ മാഡ്രിഡിലേയക്കും അവിടെനിന്നും 2013 ൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദം നേടുന്നതിനായി അയർലണ്ടിലേക്കും നീങ്ങി. 2015 ൽ 'ഡെൽ' കമ്പനിയിൽ പ്രോഗ്രാം മാനേജറായി.

maharani-gin

ബ്രൂവിങ്ങ് ആൻഡ് ഡിസ്റ്റിലിങ്ങിൽ എം എസ് സി നേടിയ റോബർട്ട് കരീബിയൻ, വാൻകൂവർ, ഉഗാണ്ട തുടങ്ങി വിവിധ സ്ഥലങ്ങളിലെ ഡിസ്റ്റിലറികളിൽ ജോലി ചെയ്തിട്ടുണ്ട്. 2017 ൽ കൊല്ലത്ത് വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അതിനുശേഷമാണ് അയർലൻഡിൽ സ്വന്തമായി ഡിസ്റ്റിലറി തുടങ്ങാൻ ഇരുവരും തീരുമാനിച്ചത്.

കോർക്ക്, അയർലണ്ടിലെ വിപ്ലവ നഗരം

വിപ്ലവങ്ങൾക്ക് കീർത്തികേട്ട കോർക്ക് നഗരത്തിനുള്ള ആദരമായിട്ടാണ് തങ്ങളുടെ ഡിസ്റ്റിലറിക്ക് റിബൽ സിറ്റി എന്ന പേര് തന്നെ നൽകിയത്. തങ്ങൾ രണ്ടുപേരും രണ്ടു സംസ്കാരങ്ങളുടെ പ്രതിനിധികളാണ്. അതിനാൽ തങ്ങളുടെ സംരംഭത്തിൽ നിന്നുള്ള ആദ്യത്തെ ഉൽപ്പന്നവും രണ്ട് സംസ്കാരങ്ങളുടെയും സങ്കലനം ആകണം എന്ന് തീരുമാനിക്കുകയായിരുന്നു എന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

വാഹന നിർമാതാക്കളായ ഫോർഡ് കമ്പനി അമേരിക്കയ്ക്ക് പുറത്ത് ആദ്യമായി ആരംഭിച്ച പ്ലാന്റിലാണ് റിബൽ സിറ്റി ഡിസ്റ്റിലറി ആരംഭിച്ചിരിക്കുന്നത്. അത്തരമൊരു ചരിത്രപ്രാധാന്യമുള്ള സ്ഥലം ആയതുകൊണ്ട് തന്നെ കെട്ടിടത്തിന് വലിയ മാറ്റങ്ങൾ വരുത്താതെയാണ് ഡിസ്റ്റിലറി ആരംഭിച്ചത്. കെട്ടിടത്തിന്റെ പെയിന്റ് പോലും അതേപടി നിലനിർത്താൻ ശ്രമിച്ചിട്ടുണ്ട്. ഒരു ജിൻ സ്കൂളും സന്ദർശകർക്ക് മദ്യ നിർമാണം കാണാനും സ്വന്തമായി ഉത്പാദിപ്പിക്കാനും എല്ലാം സൗകര്യമൊരുക്കുന്ന രീതിയിൽ ഒരു വിസിറ്റിംഗ് സെൻസറും ആരംഭിക്കാനാണ് ഇരുവരുടെയും അടുത്ത പദ്ധതി.

സാമ്പത്തിക സഹായം

ഐറിഷ് ഫുഡ് ബോർഡിന്റെയും ചില പ്രാദേശിക സംരംഭങ്ങളുടെയും സഹായത്തോടെ 4.39 കോടി മുതൽമുടക്കിലാണ് ഡിസ്റ്റിലറി ആരംഭിച്ചത്. റോബർട്ടും താനും അടക്കം മൂന്ന് സ്റ്റാഫുകൾ മാത്രമായി ഒരു മാസം മുൻപു തുടങ്ങിയ ഡിസ്റ്റിലറിയിൽ നിന്നും ഉത്പാദിപ്പിച്ച 10,000 ബോട്ടിൽ ‘മഹാറാണി ജിൻ’ ഇപ്പോൾ ജർമനിയിലെയും സ്വീഡനിലെയും സ്റ്റോറുകളിൽ ലഭ്യമാണ്.

ആദ്യത്തെ ലക്ഷ്യം യൂറോപ്യൻ യൂണിയൻ മാർക്കറ്റ് തന്നെയാണ്. അതിനുശേഷം അമേരിക്കയിലേക്കും ഇന്ത്യയിലേക്കും എല്ലാം  ഉത്പന്നം എത്തിക്കാൻ പദ്ധതിയുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു. യുകെയിലെ ചില നക്ഷത്ര റസ്റ്റോറന്റുകളിലും ജിൻ വിൽപനയ്ക്ക് എത്തിച്ചിരുന്നു. എല്ലാ ഭാഗത്തുനിന്നും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ്  പ്രതിസന്ധി നിയന്ത്രണത്തിലായ ശേഷം  വിവിധ റസ്റ്റോറന്റുകളും പബുകളുമായി ചേർന്ന് വിപണനം വിപുലമാക്കുക എന്നതാണ് അടുത്ത പടി.

നിലവിൽ 49 യൂറോയാണ് (4306 രൂപ) മഹാറാണിയുടെ വില. ആഗോളതലത്തിൽ വിപണനം ആരംഭിച്ചുകഴിഞ്ഞാൽ വില കുറയ്ക്കാനാവും എന്ന പ്രതീക്ഷയിലാണ് ഭാഗ്യലക്ഷ്മി.

വരാനിരിക്കുന്നത് മറയൂരിന്റെ രുചിയുള്ള റം 

വിവിധ ഇനം മദ്യം ഉത്പാദിപ്പിക്കാൻ പദ്ധതികൾ ഉണ്ട്. എന്നാലും മഹാറാണിക്ക് ശേഷം ഇറങ്ങുന്ന അടുത്ത ഉൽപന്നവും ഇന്ത്യൻ ബന്ധം ഉള്ളതായിരിക്കുമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. മദ്യത്തിന്റെ കൂട്ടുകളെക്കുറിച്ച് പുറത്തുപറയാൻ സമയമായിട്ടില്ല എങ്കിലും മറയൂരിൽ നിന്നും ശേഖരിക്കുന്ന ചേരുവകൾ കൊണ്ട് ഉണ്ടാക്കുന്ന റം ആയിരിക്കും അത് എന്ന് ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. (കരിമ്പ്, ശർക്കര, ചന്ദനത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ എന്നിവയ്ക്ക് പേരുകേട്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ മറയൂർ)

പച്ചപ്പിന്റെ കാര്യത്തിൽ അടക്കം സമാനതകൾ ഏറെ ഉണ്ടെങ്കിലും കേരളത്തിലെയും അയർലണ്ടിലേയും മദ്യ നിർമാണവും ഉപയോഗവും ഏറെ വ്യത്യസ്തമാണ്.  28 വയസ്സു വരെ മദ്യം എന്നാൽ വിഷം എന്ന ചിന്തയിൽ തന്നെയാണ് താനും കഴിഞ്ഞത്. അയർലൻഡിൽ എത്തിയതോടെ മദ്യത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറി.  കേരളത്തിലെ ജനങ്ങൾ ലഹരി തലയ്ക്കു പിടിക്കുന്നതിനു വേണ്ടിയാണ് മദ്യം കഴിക്കുന്നത്. എന്നാൽ അയർലൻഡിൽ ആകട്ടെ ഏറെ സമയമെടുത്ത് ആസ്വദിക്കാനുള്ള ഒന്നാണ് മദ്യം. ഇവിടെ മദ്യം കഴിക്കുന്നത് സമൂഹജീവിതത്തിന്റെ ഒരു ഭാഗം കൂടിയാണ് എന്നും ഭാഗ്യലക്ഷ്മി പറയുന്നു.

bhagya-family

മാർച്ച് മാസത്തിൽ കേരളത്തിലേക്ക് എത്താൻ പദ്ധതിയിട്ടിരുന്നു എങ്കിലും കൊറോണ വൈറസിന് വ്യാപനത്തോടെ യാത്ര മാറ്റി വയ്ക്കേണ്ടി വന്നു.തന്റെ മാതാപിതാക്കളെ മഹാറാണി ജിൻ കാണിക്കണം എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം. ജിന്നിന് വേണ്ട കൂട്ടുകൾ എത്തിച്ചു നൽകുന്ന വയനാട്ടിലെ സ്ത്രീകൾക്ക് അരികിലേക്കു മഹാറാണിയുമായി എത്തണം എന്നും ഭാഗ്യലക്ഷ്മിക്ക് ആഗ്രഹമുണ്ട്. അപൂർവമായ രുചിക്കൂട്ടിനൊപ്പം രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള ബന്ധത്തിൻറെ കഥയും കൂടി ചേരുന്നു എന്നതാണ്  മഹാറാണിയെ മറ്റ് ജിന്നുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഭാഗ്യലക്ഷ്മിയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ  മഹാറാണി ഒരു വിപ്ലവമാണ്.

വിവർത്തനം: വന്ദന വി. നായർ

English Summary: Keralite Bhagyalakshmi's Maharani Irish gin has Wayanad link, plans rum with Marayoor mix

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA