ADVERTISEMENT

അമേരിക്കയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമല ഹാരിസിനെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ അവര്‍ വിധേയയായത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള എണ്ണമറ്റ ആക്രമണങ്ങള്‍ക്ക്. 

ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ചും കറുത്ത നിറത്തെക്കുറിച്ചുമൊക്കെയുള്ള കമലയുടെ അവകാശവാദങ്ങള്‍ തെറ്റാണെന്നും വൈറ്റ് ഹൗസില്‍ വൈസ് പ്രസിഡന്റ് പദവിയില്‍ ഇരിക്കാന്‍ അവര്‍ അയോഗ്യയാണെന്നും പറയുന്ന ഒട്ടേറെ സമൂഹ മാധ്യമ പോസ്റ്റുകളും പ്രചരിച്ചിരുന്നു. ഈ പോസ്റ്റുകള്‍ പലതും വംശീയ വിവേചനവും വര്‍ഗീത ചേരിതിരിവും ഉള്‍ക്കൊള്ളുന്നതുമായിരുന്നു. 

കമലയുടെ അമ്മ ഇന്ത്യക്കാരിയും അച്ഛന്‍ ജമൈക്കന്‍ വംശജനുമാണ്. വെളുത്ത വര്‍ഗ്ഗത്തില്‍പെട്ട സ്ഥാനാര്‍ഥിയെക്കാള്‍ 4 ഇരട്ടിയിലധികം വംശീയ ആക്രമണമാണ് കമല നേരിട്ടതെന്ന് മീഡിയ ഇന്റലിസന്‍സ് സ്ഥാപനം സിഗ്നല്‍ ലാബ്സ് ചൂണ്ടിക്കാട്ടുന്നു. ജൂണ്‍ മാസത്തിനു ശേഷം ഏതാണ്ട് 1 ലക്ഷം ട്വീറ്റുകളാണ് കമലയുമായി ബന്ധപ്പെട്ട സന്ദേശങ്ങളിലും ഹാഷ്ഗാടുകളിലും ഉപയോഗിച്ചത്. ഇവയില്‍ മൂന്നു ലക്ഷത്തോളം പോസ്റ്റുകളും ചര്‍ച്ച ചെയ്തത് വൈറ്റ് ഹൗസില്‍ എത്താനുള്ള കമലയുടെ യോഗ്യതയെക്കുറിച്ചായിരുന്നു. 

2019-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ തയാറെടുക്കുന്നു എന്ന് കമല പ്രഖ്യാപിച്ചപ്പോള്‍ തന്നെ തെറ്റായ വിവരങ്ങളും പ്രചരിച്ചുതുടങ്ങിയത്രേ. അക്കാലത്തു തന്നെ പ്രസിഡന്റ് ട്രംപ് കമലയ്ക്കെതിരെ രംഗത്തു വരികയും തരം കിട്ടുമ്പോഴൊക്കെ പരിഹസിക്കുകയും ചെയ്തു. കമലയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്നത് അവര്‍ കലിഫോര്‍ണിയയിലെ ഓക്‌ലാന്‍ഡില്‍ 1964 ഒക്ടോബര്‍ 20 ന് ജനിച്ചു എന്നാണ്. ഈ ഒരു വാദം മാത്രം മതി പ്രസിഡന്റ് സ്ഥാനത്തേക്കോ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കോ മത്സരിക്കാന്‍ അവര്‍ യോഗ്യയാണെന്നു തെളിയിക്കാന്‍. 

2016- ലെ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച പ്രധാനമായും പ്രസിഡന്റ് സ്ഥാനത്തേക്കുറിച്ചു മാത്രമായിരുന്നു. വൈസ് പ്രസി‍ഡന്റ് സ്ഥാനത്തെക്കുറിച്ച് അന്ന് വിശദമായ ചര്‍ച്ച തന്നെ നടന്നിട്ടില്ല. ഇത്തവണയും മൈക്ക് പെന്‍സ് ചര്‍ച്ചകളില്‍ അധികം നിറഞ്ഞുനിന്നിട്ടുമില്ല. എന്നാല്‍ ചര്‍ച്ചകളില്‍ എന്നും കമല നിറഞ്ഞുനിന്നു. ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ ദക്ഷിണേഷ്യയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള ആദ്യത്തെ വനിതാ സ്ഥാനാര്‍ഥിയാണു കമല ഹാരിസ് എന്നതു തന്നെയാണ് ഇത്തവണ ഒട്ടേറെ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണം എന്നു വ്യക്തം. 

കരിയറില്‍ മുന്നേറാന്‍ ഒരു സ്ത്രീ എന്ന നിലയിലുള്ള തന്റെ ആകര്‍ഷണീയത കമല ഉപയോഗിച്ചു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. കമലയുടെ മുഖത്തിന്റെ സ്ഥാനത്ത് ലൈംഗിക തൊഴിലാളികളുടെ മുഖം ഒട്ടിച്ചുവച്ച ചിത്രങ്ങള്‍ പോലും ഫെയ്സ്ബുക്കില്‍ പ്രചരിച്ചു. 

പൊതുരംഗത്ത് ഇറങ്ങുന്ന എല്ലാ സ്ത്രീകളെയും കാത്തിരിക്കുന്ന അപമാനത്തിന്റെയും അധിക്ഷേപത്തിന്റെയും ഇരയായി മാറുകയായിരുന്നു കമല ഹാരിസും. എന്നാല്‍ ഇവയ്ക്കൊക്കെ വോട്ടെണ്ണുമ്പോള്‍ മറുപടി കൊടുക്കാന്‍ കമലയ്ക്ക് കഴിയുമോ എന്നാണ് അമേരിക്കയും ഇന്ത്യയും മറ്റു ലോകരാജ്യങ്ങളും കാത്തിരിക്കുന്നത്.

English Summary: Harris target of more misinformation than Pence, data shows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com