ADVERTISEMENT

വനിതകൾ അധികം കൈവച്ചിട്ടില്ലാത്ത വ്യത്യസ്തമായൊരു മേഖലയിൽ നേട്ടങ്ങൾ കൈവരിക്കുകയാണ് ഒരു അമ്മായിയമ്മയും മരുമകളും. സ്റ്റാർട്ടപ്പുകൾ അധികം കടന്നു ചെന്നിട്ടില്ലാത്ത ഊർജ്ജ മേഖലയിൽ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് വൈദ്യുതി എനർജി സർവീസസ്(വിഇഎസ്) എന്ന വനിതാ സ്റ്റാർട്ടപ്പ് രംഗത്തെത്തുന്നത്. തിരുവനന്തപുരം കേന്ദ്രമായാണ് പ്രവർത്തനം. 12 വർഷം വിദേശ രാജ്യങ്ങളിൽ ഊർജ്ജമേഖലയിൽ വിവിധ വൻകിട പ്രോജെക്ടുകൾ കൈകാര്യം ചെയ്തുള്ള അനുഭവമാണ് തിരുവനന്തപുരം സ്വദേശിയായ അനൂപ് ബാബുവിനെ കേരളത്തിൽ ഹരിത-പുനരുപയോഗ ഊർജ രംഗത്ത് രാജ്യാന്തര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരു പുത്തൻ സംരംഭം എന്ന ആശയത്തിലേയ്ക്ക് എത്തിച്ചത്. ഹരിത-പുനരുപയോഗ ഊർജ്ജത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചയുള്ളതും ആഴത്തിലുള്ളതുമായ അറിവും ഈ ആശയത്തിലേയ്ക്ക് എത്തിച്ചു. വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്ക് ശേഷം വിദേശത്ത് ജോലി ചെയ്യുന്ന അനൂപ് തന്റെ സ്വപ്ന പദ്ധതിയുടെ നേതൃത്വം വിശ്വസിച്ച് ഏൽപ്പിച്ചത് സ്വന്തം അമ്മയെയും ഭാര്യയെയും. കമ്പനിയുടെ സഹ സ്ഥാപകയും മാനേജിങ് ഡയറക്ടറുമാണ് ഇന്ദിര ബാബു. കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് അനൂപിന്റെ ഭാര്യയായ കോകില വിജയകുമാറാണ്.

സ്ത്രീകളെ ശാക്തീകരിക്കുക എന്ന ഉന്നതമായ ഒരു ആശയം കൂടി ലക്ഷ്യമിട്ട് ഉയർന്നുവന്ന കൺസൾട്ടൻസി-കം-പ്രോജക്ട് മാനേജ്‌മെന്റ് സ്ഥാപനമായ വിഇഎസിന്റെ താക്കോൽ സ്ഥാനങ്ങളിൽ എല്ലാം സ്ത്രീകളെ തന്നെ നിയോഗിച്ചു. വൈദ്യുതി എനർജി സർവീസസിന്റെ ബിസിനസ് മേധാവിയായി കേരള സംസ്ഥാന  വൈദ്യുതി ബോർഡിന്റെ എനർജി എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിനെ നയിച്ച റിട്ടയേർഡ് എഞ്ചിനീയർ സുധ കുമാരി,  ഊർജ്ജ രംഗത്ത് ഗവേഷണം നടത്തി അറിവും പരിജ്ഞാനവുമുള്ള  ഡോ. വാണി വിജയ്,   തുടങ്ങിയവരും  കമ്പനിൽ പങ്കാളികളായെത്തി. 

ബൃഹത്തായ പ്രവർത്തന മേഖല

ഊർജ്ജ കാര്യക്ഷമത, പുനരുപയോഗ ഊർജ്ജം, ഇ-മൊബിലിറ്റി, കാർബൺ അക്കൗണ്ടിങ്, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രധാന മേഖലകളിലെ കൺസൾട്ടിങ്, പരിശീലനം, എനർജി ഓഡിറ്റുകൾ, പ്രോജക്ട് മാനേജുമെന്റ് എന്നിവയിലൂന്നിയാണ് വിഇസിന്റെ സേവന മേഖല.  കൂടാതെ ഹരിത ഊർജ്ജ  രംഗത്ത്, ദില്ലിയിലെ സിഐഐ-ഐടിസി സെന്റർ ഫോർ എക്സലൻസ് ഫോർ സസ്റ്റെയിനബിൾ ഡവലപ്മെന്റുമായി സഹകരിച്ച് സർട്ടിഫൈഡ് സാങ്കേതിക പരിശീലനം നൽകുന്ന കേരളത്തിലെ ആദ്യത്തെ അംഗീകൃത സ്ഥാപനമാണ് വിഇഎസ്.  ഒപ്പം വിവിധ ഹരിത പ്രോജക്ടുകൾക്കായി സ്കൂളുകളുടെയും എഞ്ചിനീയറിങ് കോളേജുകളുടെയും സാങ്കേതിക, വ്യാവസായിക പങ്കാളിയായും വൈദ്യുതി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല വി ഇ എസ്സിന്റെ പ്രവർത്തന മേഖല. കേരളത്തിന് പുറത്തും, ഗൾഫ് രാജ്യങ്ങളിലും ഈ വനിതാ സ്റ്റാർട്ടപ്പ് പദ്ധതികൾ ഏറ്റെടുക്കുന്നുണ്ട്. 

യുഎൻ അംഗീകാരം; കേരളത്തിൽ ആദ്യം 

ഐക്യരാഷ്ട്ര സംഘടനയുടെ വനിതാ ശാക്തീകരണ തത്വങ്ങളിൽ ഒപ്പുവെച്ചുകൊണ്ട്  ഈ രംഗത്ത് കേരളത്തിൽ നിന്നുള്ള ആദ്യ സംരംഭം എന്ന ബഹുമതിയും നേടിയിരിക്കുകയാണ് വൈദ്യുതി എനർജി സർവീസസ്. ഇന്ത്യയിൽ നിന്ന്  യുഎന്നിന്റെ വനിതാ ശക്തീകരണ സംരംഭത്തിനായി ഒപ്പുവച്ച 170 കമ്പനികളിൽ 64 കമ്പനികളും സ്വകാര്യമേഖലയിൽ നിന്നുള്ളതാണ്. ഇതിൽ  65-ാമത്തെ കമ്പനിയാണ് വിഇഎസ്. ഈ രംഗത്ത്  കേരളത്തിൽനിന്നുള്ള ആദ്യ സംരംഭവും വൈദ്യുതി തന്നെ. സ്ഥാപന നേതൃസ്ഥാനങ്ങളിൽ  വനിതകൾ, എല്ലാ സ്ത്രീ ജീവനക്കാർക്കും ജോലിയിൽ പുരുഷന്മാർക്ക് തുല്യമായ  പരിഗണന, സ്ത്രീ പുരുഷ വിവേചനമില്ലായ്മ, എല്ലാ സ്ത്രീകളുടെയും പുരുഷന്മാരുടെയും ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പാക്കുക,  ജീവനക്കാരായ സ്ത്രീകൾക്ക് വിദ്യാഭ്യാസം, പരിശീലനം, പ്രൊഫഷണൽ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുക, സ്ത്രീ ശാക്തീകരണം ഉറപ്പാക്കുക തുടങ്ങി നിരവധി യുഎൻ മാർഗ്ഗനിർദ്ദേശങ്ങളാണ് ഈ കരാറിലൂടെ കമ്പനി നടപ്പിലാക്കുക.

ഗ്രീൻ എനർജിയാണ് ഭാവി

അനിയന്ത്രിതമായ കാർബൺ എമിഷൻ, ആഗോള താപനം, അടക്കമുള്ള പ്രതിസന്ധിയെ മറികടക്കാൻ പാശ്ചാത്യ രാജ്യങ്ങളും, എന്തിനേറെ ഫോസിൽ ഇന്ധനങ്ങളുടെ കലവറയായ ഗൾഫ് രാജ്യങ്ങൾ പോലും 'ഗ്രീൻ എനർജി' എന്ന പ്രഖ്യാപിത നയത്തിലേക്ക് അതുവേഗം നീങ്ങി കഴിഞ്ഞു. പുനരുപയോഗ യോഗ്യമായ ഊർജ്ജ പദ്ധതികൾക്ക് പ്രാമുഖ്യം നൽകാൻ നമ്മുടെ സർക്കാർ സംവിധാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. കൂടെ നീങ്ങേണ്ടത് മനുഷ്യരാശിയുടെ തന്നെ ആവശ്യവും. വൈദ്യുതി എനർജി സർവീസസ് മാനേജിങ് ഡയറക്ടർ ഇന്ദിര ബാബു പറയുന്നു.

കേരളം നമ്പർ 1

പുനരുപയോഗ ഊർജ്ജമേഖലയിൽ ഇതിനകം തന്നെ വലിയ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന കേരളം, യുണൈറ്റഡ് നേഷന്റെ സസ്റ്റയ്നബിലിറ്റി ഡെവലപ്പ് ഗോൾസിൽ ഭാരതത്തിലെ നീതി ആയോഗിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. സോളാർ പദ്ധതികൾ,സീറോ എമിഷൻ ഉറപ്പാക്കുന്ന  ഇലട്രിക് വാഹനങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. വീടുകൾ, വ്യവസായ സ്ഥാപനങ്ങൾ, മാളുകൾ, വൻകിട ഫാക്ടറികൾ എന്നിവടങ്ങളിലെല്ലാം പുനരുപയോഗ ഊർജ്ജ പദ്ധതികൾ നടപ്പിലാക്കപ്പെടണം. ഇതിലൂടെ  ഊർജ്ജ നഷ്ടം ഒരു പരിധിവരെ പരിഹരിക്കാനും, വൈദ്യുതി ഉപഭോഗം ഒരു പരിധിവരെ കുറച്ചുകൊണ്ട് വരാനും സാധിക്കും. ആശാസ്ത്രീയമായ ഊർജ്ജ ഉപയോഗരീതികളാണ് പലപ്പോഴും ഇതിന് വിഘാതം സൃഷ്ടിക്കുന്നത്. മികച്ച സാങ്കേതിക വിദ്യ സ്വീകരിക്കൽ, അവയുടെ കൃത്യമായ നടപ്പിലാക്കൽ, കാലാകാലങ്ങളിൽ അവയുടെ പ്രവർത്തനം ഉറപ്പാക്കൽ എന്നിവയും വളരെ പ്രാധാന്യം അർഹിക്കുന്നുണ്ട്. പദ്ധതി ചിലവ് അൽപ്പം  കൂടുതലാണെങ്കിൽ തന്നെ ദീർഘകാലത്തിൽ മികച്ച ലാഭം ഇവ നേടിത്തരുമെന്നു  കണക്കുകൾ സൂചിപ്പിക്കുന്നു. ഹരിത ഊർജ്ജ രംഗത്ത് ഒരു 'കേരള മോഡൽ' സൃഷ്ടിക്കുക എന്നതാണ് വിഇഎസിന്റെ  ലക്ഷ്യം - ഇന്ദിര പറയുന്നു.

English Summary: Kerala women startup inks pact with UN agency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com