sections
MORE

സ്ത്രീ വേഷത്തിൽ നേരിട്ട അതിക്രമം; ആത്മഹത്യാ ശ്രമം; ഈ പത്മശ്രീക്ക് പൊൻതിളക്കം

manjamma-jogathy
മഞ്ജമ്മ ജോഗതി
SHARE

മഞ്ജമ്മ ജോഗതി: ആർക്കും വേണ്ടാത്ത കൗമാരം, പട്ടിണിയും അവഗണനയും ഭക്ഷിച്ച യൗവനം, വെല്ലുവിളികളെ നൃത്തച്ചുവടുകളിലൂടെ അതിജീവിച്ച ജീവിതം; ഒടുവിൽ പത്മശ്രീ പുരസ്‌കാരം – മഞ്ജമ്മയുടെ 64 വയസ്സിനെ ഇങ്ങനെ വിശേഷിപ്പിക്കാം. 

പേരിൽ ചേർത്തുവച്ച ‘ജോഗതി’ എന്ന നൃത്തരൂപത്തിനും നാടോടി സംഗീതത്തിനും നൽകിയ സംഭാവന കണക്കിലെടുത്താണ് ഈ വർഷത്തെ പത്മപുരസ്‌കാര പട്ടികയിൽ മഞ്ജമ്മയുടെ പേരും ഉൾപ്പെടുത്തിയത്. കർണാടകയുടെ ഗ്രാമീണ മേഖലയിൽ പ്രചാരത്തിലുള്ള നൃത്ത രൂപമാണ് ജോഗതി. 

ജോഗതി എന്ന നൃത്തത്തെ ഉപാസിക്കുന്നതിലൂടെ നേടിയ പുരസ്‌കാരവും അതേ നൃത്തത്തിനായി സമർപ്പിക്കുന്നുവെന്ന് മഞ്ജമ്മ പറയുന്നു. പത്മപുരസ്‌കാരം നേടുന്ന രണ്ടാമത്തെ ട്രാൻസ്‌ജെൻഡറാണ് ജനം മഞ്ജവ്വ എന്നു വിളിക്കുന്ന മഞ്ജമ്മ ജോഗതി. (2019 ൽ പത്മശ്രീ നേടിയ നർത്തകി നടരാജാണ് ആദ്യ ട്രാൻസ്‌ജെൻഡർ). 

മഞ്ജുനാഥിൽ നിന്ന് മഞ്ജമ്മയിലേക്ക്

1957 ൽ കർണാടകയിലെ ബെള്ളാരി ജില്ലയിൽ കല്ലുകമ്പയിലാണ് മഞ്ജുനാഥ് ഷെട്ടിയുടെ ജനനം. ഒരു ആൺകുഞ്ഞ് പിറന്ന സന്തോഷത്തിലായിരുന്നു ഷെട്ടി കുടുംബം. ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. 15-ാം വയസ്സിലാണ് താനൊരു പുരുഷനല്ലെന്ന തിരിച്ചറിവ് മഞ്ജുനാഥിനുണ്ടായത്. സഹോദരൻ പറഞ്ഞത് എന്തോ പിശാചു ബാധയെന്ന്. അങ്ങനെ പ്രാർഥനയ്ക്കായി ക്ഷേത്രത്തിലെത്തിച്ചു. സ്‌ത്രൈണതയിൽ കുറവു കാണാതെ വന്നതോടെ ചികിത്സിക്കാൻ ശ്രമിച്ചു. പിന്നീടാണ് ഒരു പൂജാരിയെ കണ്ടത്. അദ്ദേഹമാണ് ദേവിയുടെ ശക്തിയാണിതെന്നും കുടുംബത്തോടു പറഞ്ഞത്. അങ്ങനെ, യെല്ലമ്മ ദേവിയെ ആരാധിക്കുന്ന ക്ഷേത്രത്തിൽ കുടുംബം എത്തിച്ചത്. 

അവിടെയാണ് ജോഗപ്പകൾ എന്ന ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ഭാഗമായത്. ആൺകുട്ടിയെന്ന നിലയിൽ അരയിൽ കെട്ടിയിരുന്ന ചരട് അറുത്തുമാറ്റി. ഒരു ബ്ലൗസും പാവാടയും ധരിക്കാൻ കൊടുത്തു. അന്നു മാതാപിതാക്കൾ കണ്ണീരോടെ പറഞ്ഞു - ഞങ്ങളുടെ മകൻ മരിച്ചു. മഞ്ജുനാഥ് മഞ്ജമ്മയായി.

സ്‌ത്രൈണത കൂടുതൽ തെളിഞ്ഞതോടെ കുടുംബത്തിൽ നിന്ന് അകറ്റി. ആർക്കും വേണ്ടതായി. പിന്നീട് അനുഭവിച്ച പട്ടിണിയും മർദനവും അവഹേളവും സഹിച്ചു. വെല്ലുവിളികൾ അവിടെ തീർന്നില്ല. ജീവിക്കാൻ പണം വേണം. അതിനായി പിച്ചയെടുത്തു. പലരും ആട്ടിയോടിച്ചു. പലതവണ ആത്മഹത്യയ്ക്കു ശ്രമിച്ചു. സ്ത്രീവേഷത്തിൽ സഞ്ചരിക്കുന്നതിനാൽ ലൈംഗികാതിക്രമത്തിന് ഇരയായി. 

ഒടുവിൽ,മരിക്കാനുള്ള ദൃഡനിശ്ചയവുമായി ഒരു ബസ് സ്റ്റാൻഡിൽ ഇരിക്കുമ്പോഴാണു നൃത്തം ചെയ്യുന്ന അപ്പനെയും മകനെയും കണ്ടുമുട്ടിയത്. പിതാവിന്റെ പാട്ടിന് മകൻ നൃത്തം ചെയ്യുന്നു. മകന്റെ തലയിലൊരു കുടമുണ്ട്, അതുതാഴെ വീഴാതെയാണ് നൃത്തം. അന്ന് അവൻ ചെയ്ത നൃത്തമാണ് ജോഗതി. നൃത്തം അവസാനിച്ചപ്പോൾ പിതാവിനെ സമീപിച്ചു. തന്നെയും പരിശീലിപ്പിക്കണമെന്ന ആവശ്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന് സന്തോഷമായി. അങ്ങനെ മട്ടിക്കൽ ബസപ്പ ജോഗതി നൃത്തത്തിൽ ആദ്യ ഗുരുവായി. 

യെല്ലമ്മ ദേവിയെ ആരാധിക്കുന്ന ജോഗപ്പ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ നൃത്തരൂപമായ ജോഗതിയും നാടോടി സംഗീതവും വശമാക്കി. യെല്ലമ്മ ദേവിയെ വിവാഹം കഴിച്ചവരാണ് ജോഗപ്പ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ ഭാഗമാകുന്നത്. പ്രധാനമായും ജോഗപ്പകൾ അവതരിപ്പിക്കുന്ന നൃത്തമാണ് ജോഗതി. കർണാടകയ്ക്കു പുറമേ, മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങളിലും പ്രചാരത്തിലുള്ളതാണ് ജോഗതി നൃത്തം. രാജ്യത്തിന് അകത്തും പുറത്തും ഒട്ടേറെ വേദികളിൽ ജോഗതി നൃത്തത്തിന്റെയും നാടോടി സംഗീതത്തിന്റെയും പ്രതിനിധിയായി നിന്നു. അന്യം നിന്നുപോകുമെന്നു കരുതിയിരുന്ന മറ്റനേകം നാടൻ കലാരൂപങ്ങൾക്കും കാവലാളായി മഞ്ജമ്മ നിലകൊണ്ടു. 

2006 ൽ കർണാടക ജനപദ അക്കാദമി പുരസ്‌കാരവും 2010 ൽ കർണാടക രാജ്യോത്സവ പുരസ്‌കാരവും മഞ്ജമ്മയുടെ കഴിവുകൾക്ക് അംഗീകാരമായി. 2019 ൽ കർണാടക ജനപദ (ഫോക്ക്‌ലോർ) അക്കാദമി അധ്യക്ഷയായി. ഈ പദവിയിലെത്തുന്ന ആദ്യ ട്രാൻസ്‌ജെൻഡറാണ് മഞ്ജമ്മ ജോഗതി.

പത്മ പുരസ്‌കാര പട്ടികയിൽ പേരുണ്ടെന്ന വാർത്തയ്ക്കു പിന്നാലെ മഞ്ജമ്മ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: മനുഷ്യൻ മനുഷനാണ്, അവർക്ക് കൂടുതലോ കുറവോ ഇല്ല. കല കലയാണ്, കലാകാരന്മാർക്ക് കുറവോ കൂടതലോയില്ല. എന്നെപോലെയുള്ളവർക്ക് കല മാത്രമാണ് ജീവിതം. കലരൂപത്തെ പേരിലേക്ക് ആവാഹിച്ച മഞ്ജമ്മയ്ക്കുള്ള രാജ്യത്തിന്റെ ആദരം.

English Summary: Life Story Of Padma Shri Manjamma Jogati

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA