ADVERTISEMENT

കുട്ടികളെ നോക്കുന്നതിനും വീട്ടുകാര്യങ്ങൾക്കുമൊപ്പം കരിയർ കൂടിയാകുമ്പോൾ പല സ്ത്രീകളും തളരാറുണ്ട്. മാനസികമായും ശാരീരികമായും. എന്നാൽ, ചിലർ ഇവയെയെല്ലാം വിജയകരമായി ബാലൻസ് ചെയ്തു പോകാറുമുണ്ട്. ജോലിയും വീട്ടുകാര്യവും പൊരുത്തപ്പെടേണ്ടത് സ്ത്രീകളുടെ നിലനിൽപിന്റെ തന്നെ പ്രശ്നമാണ്. അതിൽ പരാജയപ്പെട്ടാൽ ജീവിതം തന്നെയായിരിക്കും കൈവിട്ടുപോകുക. ഈ സാഹചര്യത്തിലാണ് അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡന്റെ ഉപദേശങ്ങൾക്കു പ്രസക്തിയേറുന്നത്. വീട്ടുജോലി, കുട്ടികളെ വളർത്തൽ, ഇവയ്ക്കൊപ്പം കരിയറും എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്ന് ഈയിടെ ജിൽ പറയുകയുണ്ടായി; സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ.

അമേരിക്കൻ ചരിത്രത്തിൽ ഇതാദ്യമായാണ് പ്രഥമ വനിതയായിരിക്കുന്ന വ്യക്തി ജോലിയും ചെയ്യുന്നത്. ജിൽ അധ്യാപനം തുടങ്ങിക്കഴിഞ്ഞു; വൈറ്റ് ഹൗസിലെ ജീവിതത്തിനൊപ്പം. സ്ത്രീകൾ ജീവിതം വിജയകരമായി മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ സ്വന്തമായി ചില നിമിഷങ്ങൾ കണ്ടെത്തണമെന്നാണ് ജിൽ പറയുന്നത്. കുട്ടികളെ വളർത്തുന്ന അമ്മമാരെയാണ് വടക്കൻ വെർജീനിയയിലെ കമ്മ്യൂണിറ്റി കോളജിൽ ജിൽ പഠിപ്പിക്കുന്നത്. അവരോടു താൻ പറയാറുള്ള കാര്യങ്ങളാണ് ജിൽ വെളിപ്പെടുത്തിയത്.

നിങ്ങൾ നിങ്ങൾക്കുവേണ്ടി സന്തോഷകരമായ നിമിഷങ്ങൾ കണ്ടെത്തണം എന്നാണ് എനിക്കു പറയാനുള്ളത്. തീർച്ചയായും അക്കാര്യത്തിൽ വീഴ്ച വരുത്തരുത്. നമ്മൾ അമ്മമാർ പലപ്പോഴും നമ്മളെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്. സ്വന്തമായി ലഭിക്കുന്ന നിമിഷങ്ങളിൽ സ്വന്തം തലച്ചോറിലെ സംഘർഷങ്ങൾ  നമുക്ക് അമർച്ച ചെയ്യേണ്ടതുണ്ട് – 69 വയസ്സുള്ള ജിൽ പറയുന്നു.

കോവിഡ് വന്നതോടെ കുട്ടികളെ സ്കൂളിൽ വിടാൻ പലർക്കും കഴിയുന്നില്ല. അതായതു കുട്ടികളുടെ മുഴുവൻ സമയത്തെയും ഉത്തരവാദിത്തം കൂടി അമ്മമാരുടെ ചുമലിലായി. പലരും അസാമാന്യ മെയ്‍വഴക്കത്തോടെയാണ് ഇപ്പോൾ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. യാത്രകളും അതിഥി സൽക്കാരവും പാർട്ടികളും ഒന്നുമില്ലാതെ പലരും വല്ലാതെ വിരസമായ ജീവിതമാണ് ഇപ്പോൾ നയിക്കുന്നത്. സ്വന്തം ജോലിക്കാര്യം നോക്കുമ്പോൾ തന്നെ പലർക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഭാരവും ഏറ്റെടുക്കേണ്ടിവരുന്നു.

സ്ത്രീകൾ, പ്രത്യേകിച്ചും അമ്മമാർ ശക്തരാണ്. ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ ശേഷിയുള്ളവർ. എന്നാൽ ജോലിത്തിരക്കിനിടെ തമാശ പറയാനോ ഉല്ലാസത്തിനു സമയം കണ്ടെത്താനോ ഒന്നും എപ്പോഴും കഴിഞ്ഞെന്നുവരില്ല. എങ്കിലും പരാജയപ്പെടരുത്. നിങ്ങൾ നിങ്ങളുടെ ശക്തി കണ്ടെടുത്ത് വിജയകരമായി ഉപയോഗിക്കുക. വിജയം സ്വന്തം വഴിയിൽ വരും– ജിൽ അനുഭവത്തിൽ നിന്നു പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com