sections
MORE

ടെൻഷൻ കളയുന്ന വീട്ടകം, മനസ്സിനെ പോസിറ്റീവാക്കുന്ന രണ്ടു പെൺസംരംഭങ്ങൾ

Ramya-meera
SHARE

കൊറോണക്കാലം എല്ലാവരെയും വീട്ടകങ്ങളിൽ തളച്ചിട്ടപ്പോൾ ഏറ്റവുമധികം ബുദ്ധിമുട്ടിയതും വിഷമിച്ചതും വീട്ടിലെ സ്ത്രീകളാണ്. വർക്ക്ഫ്രം ഹോം ചെയ്യുന്നവരാണെങ്കിലും മറ്റ് ജോലികൾ ഉള്ളവരാണെങ്കിലും ഒരു ജോലിയും ഇല്ലാത്തവരാണെങ്കിലും എല്ലാവരുടെയും ജീവിതശൈലി നിന്ന നിൽപിൽ മാറിമറിഞ്ഞു. ഇഷ്ടപ്പെട്ടത് ചെയ്യാൻ കഴിയാതെ, പുറത്തിറങ്ങാൻ കഴിയാതെ പലരും വിഷാദത്തിലേക്ക് വഴുതി വീണപ്പോൾ വീട്ടകങ്ങളിൽ പോസീറ്റീവ് എനർജി കൊണ്ടുവന്നവരും ഒട്ടും കുറവല്ല. അത്തരത്തിൽ ലോക്ഡൗൺ കാലം പോസീറ്റീവായി ചിലവഴിക്കുന്ന രണ്ട് സ്ത്രീസംരംഭകരെ പരിചയപ്പെടാം.

ടെൻഷൻ കളയുന്ന വീട്ടിലെ ആ ഇടം

രമ്യ ആനന്ദിന്റെ സോഷ്യൽമീഡിയ പേജ് പച്ചപ്പിൽ കുതിർന്ന നിൽക്കുന്ന ഒന്നാണ്. അത്രയും സന്തോഷങ്ങൾ കൊണ്ട് നിറഞ്ഞൊരു വീട്. അതിന്റെ ഊർജം രമ്യയുടെ പല ചിത്രങ്ങൾക്കുമുണ്ട്. യാത്രകളെ ഏറെ പ്രണയിക്കുന്ന രമ്യ ഇപ്പോൾ എങ്ങും പോകാനാകാതെ ഇരിക്കേണ്ടി വരുന്നതിൽ വിഷമമുണ്ടെങ്കിലും എങ്ങനെയാണ് വീടിനുള്ളിലെ ഊർജം തരുന്ന ഒരിടത്ത് തന്റെ നെഗറ്റീവ് ചിന്തകളെയൊക്കെ ഉരിഞ്ഞെറിഞ്ഞു കളയുന്നു അവർ. ഗാർഡൻ സ്റ്റൈലിസ്റ്റ് എന്ന അത്രയ്ക്കൊന്നും നമുക്ക് പരിചിതമല്ലാത്ത പ്രൊഫഷണൽ പേരും രമ്യയ്ക്കുണ്ട്. വീടിനുള്ളിൽ സ്വന്തമായി ഒരുക്കിയ പച്ചപ്പും പൂക്കളും നിറഞ്ഞ അന്തരീക്ഷം തന്നെയാണ് രമ്യയ്ക്ക് തന്റെ ബയോഡേറ്റയിൽ ഗാർഡൻ സ്റ്റൈലിസ്റ്റ് എന്ന പേരിനൊപ്പം കാണിക്കാനുള്ളത്. ഇതുവരെ നിരവധി വീടുകൾക്ക് പൂന്തോട്ടവും ഇന്റീരിയറും ഒരുക്കിയ കഥയുണ്ട് രമ്യയുടെ കയ്യിൽ. പക്ഷേ തന്റെ സർക്കാർ ജോലിയിലുള്ള സമയം കഴിഞ്ഞു ബാക്കിയുള്ള സമയം മാത്രമേ ഇതിനു നൽകാൻ കഴിയുന്നുള്ളൂ എന്നത് മാത്രമാണ് ഒരു വിഷമം. രമ്യ പറയുന്നു.

RamyaS

"ലോക്ഡൗണിൽ വീട്ടിലിരിക്കുന്നവർ അവരവരുടെ വീട്ടിൽ ക്രിയേറ്റിവ് സ്പെയ്സ് ഒരുക്കാൻ ഒരിടം ഉണ്ടാക്കുന്നത് നല്ല ആശയമായിരിക്കും. ഞാൻ ഗാർഡൻ സ്റ്റൈൽ ചെയ്യാൻ ഒരുപാട് പേരെ സഹായിക്കാറുണ്ട്. ഒരുപാടു പേര് വിളിക്കാറുണ്ട്. സർക്കാർ ജോലിയുണ്ട്, അതും തിരുവല്ലയിൽ. എനിക്ക് അഞ്ചര മണിക്കൂർ ദിവസവും ജോലി യാത്ര തന്നെയുണ്ട്. എറണാകുളം തിരുവല്ല യാത്ര എത്ര ജില്ലകൾ കടന്നാണ് പോകേണ്ടത്, എല്ലാ ദിവസവും വീട്ടിലിരുന്നു ചെയ്യാനാകും പറ്റില്ല. എങ്കിലും ഇടയ്ക്ക് വീട്ടിലിരുന്നു ജോലി ചെയ്യാറുണ്ട്. യാത്രയ്ക്ക് എടുക്കുന്ന സമയം തന്നെ ഏറ്റവും വലിയ ലാഭമാണ് ഒരു ദിവസത്തെ. ജോലിയില്ലാത്ത ഞായർ പോലെയുള്ള ദിവസങ്ങളിൽ പലരെയും ഗാർഡനിങ്ങിൽ സഹായിക്കാറുമുണ്ട്.

കുട്ടിക്കാലത്ത് നൃത്തത്തിലും വായനയിലും എഴുത്തിലും യാത്രയിലും ഗാർഡനിലെ ഒക്കെ താൽപര്യമുണ്ടായിരുന്നു. ഇപ്പോഴും അതൊക്കെ കൂടെയുണ്ട്. ഏതെങ്കിലും ഒന്നിൽ മാത്രമായി ഞാനെന്നെ തളച്ചിടാറുമില്ല. എങ്കിലും ഏറ്റവും കൂടുതൽ അഭിനന്ദനങ്ങൾ കിട്ടിയത് ഗാർഡനിങ്ങിനാണ്. എന്റെ വീട്ടിൽ ഞാനൊരു ഇടം ഒരുക്കിയിട്ടുണ്ട്. അത്രയും മനസ്സിന് ഭാരവും ടെൻഷനും ഒക്കെ വന്നാൽ ഞാൻ പോയിരിക്കുന്ന ഒരിടം. അവിടെയിരിക്കുമ്പോൾ ഒരു മോശമായ ചിന്തകളും നമ്മളെ ബാധിക്കാറില്ല, സന്തോഷമായിരിക്കാൻ പറ്റും. പ്രത്യേകിച്ച് ഈയൊരു കാലത്ത് സമാധാനമായിരിക്കുക എന്നതാണല്ലോ പ്രധാനം. നിറയെ പച്ചപ്പും പൂക്കളുമൊക്കെ അവിടെയുണ്ട്. അത് കണ്ടിട്ടും പല സുഹൃത്തുക്കളും അവരുടെ ഗാർഡൻ ഡിസൈൻ ചെയ്തു കൊടുക്കാൻ പറയാറുണ്ട്. ഇപ്പോൾ ഒരു സുഹൃത്തിന്റെ വീടിനു വേണ്ടി ചെയ്ത ഗാർഡനിങ് ജോലികൾ അതിന്റെ അവസാന ഘട്ടത്തിലാണ്. രണ്ടു വർഷത്തോളമായി, ഇന്റീരിയറും എക്സ്റ്റീരിയറും ചെയ്തു കൊടുത്തു. മിക്കപ്പോഴും സാമ്പത്തികം നോക്കിയല്ല സുഹൃത്തുക്കൾക്ക് അവരുടെ പൂന്തോട്ടങ്ങൾ സ്റ്റൈൽ ചെയ്തു കൊടുക്കാറുള്ളത്, 

RamyaSanand

സ്വന്തമായി ഗാർഡൻ മാത്രമല്ല നമുക്കാവശ്യമായ പച്ചക്കറികൾ ഒക്കെ ഉണ്ടാക്കാൻ പറ്റി എന്നതാണ് സന്തോഷം. ബ്രേക്ക് ദ ചെയിൻ വളരെ പ്രധാനപ്പെട്ട കാര്യമാണല്ലോ, അത് നമ്മൾ പാലിക്കുന്നതിന്റെ ഭാഗമായി നിൽക്കുമ്പോൾ വീട്ടിലിരുന്നു തന്നെ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ് പ്രധാനം. യാത്ര ചെയ്യാൻ പറ്റാത്തത് വലിയൊരു വിഷമമാണ്, പക്ഷേ തത്‌കാലം അതല്ലല്ലോ പ്രധാനം. ഈ സമയത്ത് നിന്നു പോയ വായന തിരിച്ചെടുത്തു എന്നതാണ് മറ്റൊരു സന്തോഷം. മാത്രമല്ല ആളുകൾക്ക് വലിയൊരു സഹായ മനഃസ്ഥിതി കൂടിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്. തൊട്ടടുത്ത ഫ്ലാറ്റിൽ കോവിഡ് പോസിറ്റീവ് ആയ ഒരാളുണ്ടെങ്കിൽ ഭക്ഷണം ഉൾപ്പെടെ നൽകുന്ന ഒരുപാട് പേരെ എനിക്കറിയാം.

പുറത്തു പോയി ഒന്നും വാങ്ങാനൊന്നും പറ്റുന്നില്ലല്ലോ അതുകൊണ്ട് ഉപയോഗിച്ച് കളയുന്ന സാധനങ്ങൾ വീണ്ടും ഉപയോഗിക്കാൻ പറ്റുന്നവ ഉപയോഗിക്കുന്നത് നല്ല കാര്യമാണ്. മറ്റൊന്നിനും പറ്റുന്നില്ലെങ്കിൽ അതുകൊണ്ട് ക്രിയേറ്റിവ് ആയ എന്തെങ്കിലും ചെയ്യാനാകും.അപ്പോൾ പലതും വീണ്ടും ഉപയോഗിക്കാനും പറ്റും മനസ്സ് ക്രിയേറ്റിവ് ആയി ഇരിക്കുകയും ചെയ്യും. ജീവിതത്തിന്റെ ഒരു കാഴ്ചപ്പാട് തന്നെ മാറിപ്പോയി ഈ കാലത്ത്. സൂപ്പർ മാർക്കെറ്റുകളെ ആശ്രയിക്കാതെ വീടിനടുത്ത ചെറിയ കടകളിൽ നിന്നാണ് സാധനങ്ങൾ വാങ്ങുന്നത്, മാത്രമല്ല പുറത്ത് നിന്ന് ഭക്ഷണം ഒട്ടുമേ വാങ്ങുന്നതുമില്ല. ഇവിടെ തന്നെ വച്ച ഭക്ഷണം ഒക്കെ കഴിച്ച് പരമാവധി ശരീരത്തെ പോസിറ്റീവ് ആക്കാതെ മനസ്സിനെ പോസിറ്റീവ് ആക്കി നിലനിർത്തുന്ന കാര്യങ്ങൾ തന്നെയാണ് അന്നും ഇന്നും ചെയ്തുകൊണ്ടിരിക്കുന്നത്."

ചോറ് പൊതിയുടെ സ്നേഹവുമായി മീര

മീരാ മനോജിനെ കൊച്ചിക്കാർക്ക് മാത്രമല്ല സോഷ്യൽ മീഡിയയിലെ ഭക്ഷണ പ്രണയികൾക്ക് ഒത്തിരി ഇഷ്ടമാണ്. കാരണം മീരയുടെ കേക്കിന്റെ സ്വാദ് അത്ര പൊളിയാണ്. പലയിടങ്ങളിൽ നിന്നായി ഒരുപാട് ആരാധകരുണ്ട് മീരയ്ക്ക്. എല്ലാം കേക്കിന്റെ സ്വാദിൽ നിന്നു വന്നെത്തിയവർ. പല ഫ്ലേവറുകളിൽ പല ആകൃതിയിൽ മീര കേക്കുകൾ നിർമിക്കാറുണ്ട്. കേക്ക് നിർമിക്കാൻ വേണ്ടിയുള്ള പഠന ക്ലാസ്സുകൾ ഓൺലൈനായും ഓഫ്‌ലൈനായും എടുത്ത അനുഭവ പരിചയവും മീരയ്ക്കുണ്ട്. ക്ലാസ്സിൽ നിന്ന് മാത്രം കേക്ക് നിർമാതാക്കളായ വീട്ടമ്മമാർ നിരവധിയാണ്, അങ്ങനെ നല്ലൊരു ശിഷ്യ സമ്പത്തും സ്വന്തമായുണ്ട് മീരയ്ക്ക്. ലോക്ഡൗൺ സമയമാണ് തന്നെ ഏറെ ബുദ്ധിമുട്ടിച്ചതെന്ന് മീര പറയുന്നു. "കേക്കിനെക്കാൾ ആവശ്യം ചോറും കറികളും ഒക്കെ തന്നെയാണല്ലോ" എന്ന് പറഞ്ഞുകൊണ്ട് ജീവിതത്തിന്റെ മറ്റൊരു വഴിയിലേക്ക് നടന്നു കയറുകയാണ് മീര മനോജ്. കൊച്ചിയിൽ തന്നെ മീരാസ് കിച്ചൻ അവർ തുടങ്ങിയത് ഈ ലോക്‌ഡൗണിനു തൊട്ടു മുൻപാണ്. എന്നാൽ തൽക്കാലം ഹോട്ടലുകളും റെസ്റ്റോറന്റുകളുമൊന്നും അതിഥികൾക്ക് മുന്നിൽ ആതിഥ്യ മര്യാദ കാണിക്കാൻ കഴിയാത്ത ഇടമായിരുന്നു. അകത്ത് വിളിച്ചു കയറ്റി ഭക്ഷണം നൽകാൻ കൊറോണ അനുവദിക്കാത്തത് കൊണ്ട് തന്നെ വിശക്കുന്നവർക്കായി പൊതിച്ചോർ എന്ന ആശയമാണ് മീരാസ് കിച്ചൻ ആദ്യം തുടങ്ങിയത്.

meera-success-story

"നല്ല ഭക്ഷണം ആളുകൾക്ക് കൊടുക്കുക എന്നതൊരു സ്വപ്നമായിരുന്നു. ഇവിടെ വീട്ടിൽ വന്നു ഭക്ഷണം കഴിക്കുന്ന എല്ലാവരും പറയാറുണ്ട്, ഇതുപോലെ രുചിയുള്ള ഭക്ഷണം എല്ലായിടത്തും നൽകാൻ സംവിധാനം ഒരുക്കിക്കൂടെ എന്നൊക്കെ. ഭർത്താവ് മനോജിനും ഈ വിഷയത്തിൽ താൽപര്യമുണ്ടായിരുന്നു. പല ഹോട്ടലിലും പലപ്പോഴും ഒരു തട്ടിപ്പ് നമുക്ക് അനുഭവപ്പെടാറുണ്ട്, പക്ഷേ വീട്ടിലാണെങ്കിലോ, ഒരു തട്ടിപ്പും ഇല്ലാതെ നമുക്ക് വേണ്ടിയല്ലേ ഉണ്ടാക്കുക, അപ്പോൾ അതിൽ ആത്മാർത്ഥതയും സ്വാദും ഉണ്ടാകും. സാമ്പത്തികം, മാനസികം എല്ലാം കൊറോണ കാലത്ത് പൊതുവെ പ്രശ്നങ്ങളാണ്. അപ്പോൾ എന്താണോ മനസ്സിന് ഇഷ്ടം അതിലേക്ക് മാറാൻ ശ്രമിക്കണമെന്ന് തോന്നി. ആദ്യം മനസ്സിൽ വിചാരിച്ചത് ഒരു ഹോസ്റ്റൽ തുടങ്ങാം എന്നാണു, ലോക്‌ഡൗൺ സമയത്തിനു മുൻപാണ് ആ സംഭവം. തുടങ്ങാം എന്ന് തീരുമാനം ആയപ്പോൾ ആദ്യം നോക്കിയത് ഒരു കെട്ടിടമാണ്. നമുക്ക് ഇടപെടീൽ നടത്താൻ പറ്റുന്ന ഒരു ഇടം വേണം. വീട്ടിൽ എല്ലാത്തിനും കൂടി എളുപ്പമല്ല. സഹോദരന്റെ വീട് ഒടുവിൽ കിട്ടി. ആള് അത് വിൽക്കാൻ വച്ചിരിക്കുകയായിരുന്നു, നമ്മൾ അതെടുത്ത് പുതുക്കി പണിതു. ഹോസ്റ്റൽ ആക്കി. മെൻസ് ഹോസ്റ്റൽ ആണ്. ഇവർക്ക് ഭക്ഷണം വേണമല്ലോ എന്ന് കരുതിയാണ് മെസ് തുടങ്ങിയത്. പക്ഷേ ലോക്ക് ആയപ്പോഴേക്കും ഒന്നും നടന്നില്ല, എന്നാൽ ഉപകരണങ്ങളെല്ലാം എത്തുകയും ചെയ്തു. അങ്ങനെയാണ് അത് മീരാസ് കിച്ചൻ എന്ന രീതിയിൽ പുറത്തുള്ളവർക്കും ഭക്ഷണം കൊടുക്കുന്ന ഞങ്ങളുടെ സ്വപ്നമായി രൂപാന്തരപ്പെടുത്തിയാലോ എന്ന് ആലോചിക്കുന്നത്. നല്ല മുതൽമുടക്കുണ്ട്. വീടും ഇതും കൂടി ഒന്നിച്ച് കൊണ്ട് പോകുന്നത് എളുപ്പമല്ല. പക്ഷെ ഇഷ്ടം തോന്നിയാൽ പിന്നെ അതിൽ നമുക്ക് ഇറങ്ങി നടക്കാൻ പറ്റും.

നമ്മൾ തന്നെ മാർക്കറ്റിൽ പോയി നല്ല സാധനങ്ങൾ നോക്കിയാണ് വാങ്ങുന്നത്. ഓരോ ദിവസവും രാവിലെ പോയി ആവശ്യമുള്ളത് വാങ്ങി കൊണ്ട് പോകും. പൊതിച്ചോർ ആണ് കൂടുതൽ പേർക്കും ആവശ്യം. ഓരോ ദിവസത്തെയും മെനു നോക്കി, നോക്കേണ്ട മാറ്റങ്ങൾ വരുത്തി, ജോലിക്കാർക്ക് കാര്യങ്ങളെല്ലാം പറഞ്ഞു കൊടുക്കും. ഡൈനിങ് ഇല്ല, അതുകൊണ്ട് എല്ലാം പാക്കിങ് ആണ്. ജോലിക്കാർ ഒരു വീടുകളിലും എത്തുന്നില്ലാത്തതുകൊണ്ട് ഭക്ഷണം പൊതി ആക്കിയതിനു ആവശ്യക്കാർ ഏറെയാണ്. അതും ഓർഡറുകൾ എത്തുന്നത് പലതും പല സ്ഥലങ്ങളിൽ പല ദൂരങ്ങളിൽ നിന്നാവും. പക്ഷെ രണ്ടു സ്റ്റാഫുകളാണ് നമുക്കിപ്പോൾ ഉള്ളത്. സ്വിഗ്ഗി പോലെയുള്ള ഫുഡ് ആപ്പുകളൊന്നും ഇതുവരെ ബന്ധപ്പെട്ടു പ്രവർത്തിക്കാൻ തുടങ്ങിയിട്ടില്ല, അതുകൊണ്ട് എത്തിച്ചു കൊടുക്കുക എന്നതൊരു ബുദ്ധിമുട്ട് തന്നെയാണ്. പ്രത്യേകിച്ച് ഈ ലോക്ഡൗൺ സമയത്ത്. ഞാനും മനോജും ഒക്കെ തന്നെയാണ് ഭക്ഷണം ഇപ്പോൾ പലയിടത്തും എത്തിച്ചു കൊടുക്കുന്നത്.

മഴയും ലോക്ഡൗണും ഒക്കെ പ്രശ്നമാണ്. ഇടവഴികളിലും നമുക്കറിയാത്ത വഴികളിലും ഒക്കെയാവും പല ഓർഡറുകളും ലഭിക്കുന്നത്. അത് കൃത്യമായി എത്തിക്കാൻ ഇപ്പോൾ ബുദ്ധിമുട്ടുണ്ട്, ഒന്നാമത് നമ്മൾ തുടങ്ങിയിട്ടേയുള്ളൂ. സ്വിഗ്ഗി തുടങ്ങി കഴിഞ്ഞാൽ കുറച്ചുകൂടി എളുപ്പമാകുമെന്നു കരുതുന്നു. പ്രഭാത ഭക്ഷണവും ഉച്ചയ്ക്കുള്ളതും അത്താഴവും എല്ലാം ഉണ്ടാക്കുന്നുണ്ട്. ചെറിയൊരു ഡെലിവറി ചാർജുമുണ്ട്, ലാഭത്തിനു വേണ്ടിയല്ല, ആളുകളിലേക്ക് എത്തിക്കാൻ അത്ര ബുദ്ധിമുട്ടു നേരിടുന്നുണ്ട്. പക്ഷേ വലിയൊരു ചാർജ് ഭക്ഷണത്തിനും ഏർപ്പെടുത്തിയിട്ടില്ല. എങ്കിലും ഒരുപാട് പേർക്ക് ഞങ്ങളുടെ ഭക്ഷണം ഇഷ്ടപ്പെടുന്നുണ്ട്.

ലോക്ഡൗണിൽ ഭ്രാന്ത് പിടിച്ച് ഒറ്റപ്പെട്ടു പോയില്ല എന്നതാണ് ഏറ്റവും സന്തോഷം ആളുകൾക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുക അത് എത്തിച്ചു കൊടുക്കുക എന്നതാണ് എന്റെ ആനന്ദം. ലോക്ഡൗൺ തീരുന്നത് വരെ ഭക്ഷണം എത്തിച്ചു കൊടുക്കാമോ എന്ന് ചോദിക്കുന്നവരൊക്കെയുണ്ട്. എട്ടു കൂട്ടം കറികളുണ്ട് ചോറ് പൊതിയിൽ വെജും നോൺ വെജും എത്തിക്കുന്നുണ്ട്. എന്തായാലും മീരാസ് കിച്ചണിലേക്ക് വരുന്ന വിളികളുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്.

English Summary: Positive stories of two women in covid time

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA