sections
MORE

എന്റെ അനുഭവം ഇനിയാർക്കും ഉണ്ടാകരുത്, അത്രയും വേദന അനുഭവിച്ചു : യാഷിക ആനന്ദ്

yoshika
SHARE

ആഹ്ലാദകരമായ ഒരു യാത്ര അപ്രതീക്ഷിതമായി അവസാനിക്കുകയും ഒരു ജീവിതത്തിലേക്കുള്ള മുഴുവൻ വേദനയും സമ്മാനിച്ചതിന്റെയും ഞെട്ടലിലാണ് തമിഴ് യുവ നടി യാഷിക ആനന്ദ്. ആശുപത്രി കിടക്കയിൽ ഒട്ടേറെ ശസ്ത്രക്രിയകളുടെ ഒടുവിൽ ചലിക്കാൻ പോലും കഴിയാതെ കിടക്കുന്ന നടിയുടെ ചിരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വേദന നിറഞ്ഞ ചിരി. വേർപാടിന്റെ വേദനയും ശരീരത്തിലും മനസ്സിലും ഏറ്റ ആഘാതങ്ങളും നിറഞ്ഞു നിൽക്കുന്ന ചിരി. തന്റെ അനുഭവം ഇനി ആർക്കും ഉണ്ടാകരുതെന്ന ഹൃദയം തൊടുന്ന സന്ദേശവും നടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. 

ജൂൺ 25 നാണ് യാഷികയുടെ ജീവിതം മാറ്റിമറിച്ച അപകടം സംഭവിക്കുന്നത്. ഉറ്റ കൂട്ടുകാരി പാവ്നിക്കും രണ്ടു സുഹൃത്തുക്കൾക്കുമൊപ്പം ആഡംബര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു നടി. റോഡപകടത്തിൽ വാഹനം മറിഞ്ഞപ്പോൾ സീറ്റ് ബൽറ്റ് ധരിക്കാതെയിരുന്ന പാവ്നി പുറത്തേക്കു തെറിച്ചുപോയിവീണു. പാവ്നിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഗുരുതര പരുക്കുകളോടെ യാഷിക ആശുപത്രിയിലുമായി. 

താൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നത് യാഷികയ്ക്ക് വിശ്വസിക്കാൻ തന്നെ പ്രയാസം. അടുത്തിടെ പുറത്തുവന്ന ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത്, സിനിമാ മേഖലയിൽ ഭാവി കരുപ്പിടിപ്പിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടം സംഭവിക്കുന്നത്. പാവ്നിയുടെ വിയോഗം സൃഷ്ടിച്ച ഞെട്ടലും മാറിയിട്ടില്ല. സുഹൃത്തിനെ നഷ്ടപ്പെടുത്തി ജീവിച്ചിരിക്കുന്നതിൽ തനിക്ക് കുറ്റബോധം തോന്നുന്നുണ്ടെന്ന് പറയുന്ന നടി വേദനകൾ കടിച്ചമർത്താനുള്ള ശ്രമത്തിലാണ്. ശരീരത്തിൽ ഒട്ടേറെ മുറിവുകൾ സംഭവിച്ചെങ്കിലും മുഖത്ത് ഒരു പരുക്ക് പോലും ഏറ്റിട്ടില്ല. ഇക്കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിലും മുഖം വ്യക്തമായി കാണാം. 

‘എല്ലാ വേദനയും മറന്നുകൊണ്ട് നിങ്ങളുടെ പ്രാർഥനകൾക്കും ആശംസകൾക്കും ഞാൻ നന്ദി പറയുന്നു. സ്നേഹത്തിനും പരിചരണത്തിനും നന്ദി. വലതുകാലിൽ ഒട്ടേറെ ഒടിവുകളുണ്ട്. ശരീരത്തിൽ പല ഭാഗത്തും എല്ലുകൾക്കു ക്ഷതം സംഭവിച്ചിട്ടുണ്ട്. ഒട്ടേറെ ശസ്ത്രക്രിയകൾക്കു ശേഷമുള്ള വിശ്രമത്തിലാണ് ഞാനിപ്പോൾ. അടു‍ത്ത 5 മാസത്തേക്ക് എഴുന്നേറ്റു നിൽക്കാനോ നടക്കാനോ പോലും കഴിയില്ല. ദിവസം മുഴുവൻ കിടക്കയിൽ തന്നെയാണ്. വശങ്ങളിലേക്ക് ഒന്നു ചരിയാൻ പോലും കഴിയില്ല. ശരീരത്തിലെ ഒരു അവയവവും അനക്കാൻ പറ്റാതായിട്ട് മാസങ്ങളായി. ശരീരത്തിന്റെ പിൻഭാഗത്താണു പരുക്കുകളേറെയും. ഭാഗ്യത്തിന് മുഖത്തിന് ഒന്നും സംഭവിച്ചില്ല. അക്ഷരാർഥത്തിൽ ഇതെന്റെ പുനർജൻമമാണ്. ഞാൻ ആവശ്യപ്പെട്ടിട്ടല്ല അപകടത്തിൽ നിന്ന് ജീവൻ തിരിച്ചുകിട്ടിയത്. ശാരീരികമായ വേദനകൾക്കു പുറമേ മാനസി‌കമായും തകർന്നുപോയി. ദൈവം എനിക്കു നൽകിയ ശിക്ഷ പൂർണമനസ്സോടെ ഏറ്റുവാങ്ങുന്നു. നഷ്ടപ്പെട്ട കൂട്ടുകാരിയുടെ ജീവിതത്തെക്കുറിച്ച് ഓർക്കുമ്പോൾ ഞാനനുഭവിക്കുന്ന വേദനയെല്ലാം നിസ്സാരം മാത്രം– യാഷികയുടെ കുറിപ്പിൽ പറയുന്നു. 

കമൽ ഹാസൻ അതിഥിയായ ബിഗ് ബോസ് സീസൺ 2 ൽ മത്സരാർഥിയായിരുന്നു യാഷിക. ഇവൻ താൻ ഉത്തമൻ, രാജ ഭീമ, പാമ്പാട്ടം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

English Summary: Yashika Aannand is recovering from multiple surgeries after accident

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA