sections
MORE

ആരുടെയും അസിസ്റ്റന്റാകണമെന്ന് നിർബന്ധമില്ല; സിനിമാലോകം സ്ത്രീകൾക്ക് അന്യമല്ല: ബബിത മാത്യു

pyaali
SHARE

കുട്ടികൾ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച പ്യാലി എന്ന സിനിമയുടെ സംവിധായികയാണ് ബബിത മാത്യു. ഭർത്താവ് റിന്നിനൊപ്പം ബബിത നടന്നു കയറിയത് നാളുകളായി മനസ്സിൽ കൂടു കൂട്ടിയ സ്വപ്നത്തിലേക്കാണ്. സ്ത്രീ സംവിധായകർ അത്രയ്ക്കൊന്നും മലയാള സിനിമയിൽ പറയാനില്ല, സംവിധാനത്തിലേക്ക് മാത്രമല്ല സിനിമ എന്ന ലോകം ഇത്രയും കാലം പുരുഷ കേന്ദ്രീകൃതമായി മാറി നിന്നപ്പോൾ പിന്മാറി നിന്നിരുന്ന സ്ത്രീകൾ ഒരുപാടു പേർ സിനിമ ലോകത്തെ കണ്ടെത്തി അതിലേയ്ക്ക് ചേർന്ന് തുടങ്ങിയിരിക്കുന്നു. ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല പിന്നിലും അവർ അരങ്ങുറപ്പിക്കുന്നു. ബബിതയുടെ കാര്യത്തിൽ അത് കൃത്യമാണ്.

ബബിത മാത്യു എന്ന സ്ത്രീ

കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ തികച്ചും സാധാരണക്കാരിയായ സ്ത്രീയായി മാത്രം ജീവിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. രാവിലെ എന്നും ഇൻഫോ പാർക്കിലെ ഓഫീസിൽ പോകുന്നു, മോളുണ്ട്, കൂട്ട് കുടുംബത്തിലാണ് ജീവിക്കുന്നത്. അതിന്റെതായ ബുദ്ധിമുട്ടുകൾ പലതുമുണ്ടായി. അങ്ങനെയൊരിക്കൽ ഞാൻ തിരിച്ചറിഞ്ഞു എന്റെ ജീവിതം സിനിമയാണ്, ഏറ്റവുമിഷ്ടം അതാണ്. അങ്ങനെ സിനിമ എന്ന ലോകത്തിലേയ്ക്ക് ഞാനിറങ്ങാൻ തീരുമാനിച്ചു. ഞാനിപ്പോൾ ഒരു സിനിമ ചെയ്തു. അതുകൊണ്ട് തന്നെ മലയാള സിനിമയുടെ ചരിത്രമെടുക്കുമ്പോൾ എന്റെ പേരും അതിലുണ്ട്. അങ്ങനെ ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത്‌കൊണ്ട് തന്നെ ഇതെന്റെ വിജയമായി കാണുന്നുണ്ട്. സാധാരണക്കാരിയായ എന്നെപ്പോലെ ഒരാൾക്ക് ഒരു സിനിമ സംവിധാനം ചെയ്യാൻ സാധിക്കുമെങ്കിൽ അതത്ര വലിയ ബാലികേറാ മലയൊന്നുമല്ല.

പ്യാലി എന്റെ മകൾ

കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു ബെഡ് ടൈം സ്റ്റോറി പോലെ റിൻ പറഞ്ഞ കഥാ തന്തുവാണ് പ്യാലി. കഥ പൂർത്തിയായപ്പോൾ മനസ്സ് നിറഞ്ഞതിനൊപ്പം  കണ്ണും നിറഞ്ഞിരുന്നു. ആ നിമിഷം ഞാൻ! അല്ല ഞങ്ങൾ തീരുമാനിച്ചു, അതുവരെ സിനിമയാക്കാൻ പരിശ്രമിക്കുന്ന എല്ലാ കഥകളും മാറ്റിവയ്ക്കാൻ, പ്യാലിയായിരിക്കും ഞങ്ങളുടെ ആദ്യ സിനിമയെന്ന്. പിന്നിടെങ്ങോട് പരിശ്രമങ്ങളുടെ  നീണ്ട കാലമായിരുന്നു. എന്റെ മോളെന്റെ വയറ്റിൽ വളർന്നതു പോലെ പ്യാലി എന്റെ മനസ്സിൽ വളരുകയായിരുന്നു. അതെ പ്യാലി എന്റെ മകളാണ്

കുട്ടികളുടെ സ്വന്തം പ്യാലി

പ്യാലി കുട്ടികളുടെ മാത്രം സിനിമയല്ല, കുട്ടികൾ പ്രധാന വേഷത്തിലാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. പക്ഷെ ഞങ്ങൾ ഇതിൽ പറയാൻ ഉദ്ദേശിച്ചിരിക്കുന്നത് ഏതു പ്രായത്തിലുള്ളവർക്കു പോലും അവരുടെ ജീവിതവുമായി ചേർന്ന് നില്ക്കാൻ സാധ്യതയുള്ള ജീവിതത്തെക്കുറിച്ചാണ്. നമ്മുടെ ലോകം വളരെ മനോഹരമാണ് പക്ഷെ എന്നാലും എല്ലാ മനുഷ്യരും, അതിൽ കുട്ടികളും പെടും, ഓരോ തരത്തിൽ പ്രതിബന്ധങ്ങളെ തരണം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്യാലി ഒരു ചേട്ടന്റെയും അനുജത്തിയുടെയും കഥയാണ്. വ്യക്തിത്വം പോലുമിലല്ലാതെ ജീവിക്കേണ്ടി വരുന്ന എത്രയോ പേരുണ്ട് നമുക്ക് ചുറ്റും. അവർ ഏതു നാട്ട്കാആരാണു എന്ന് പോലും ചിലപ്പോൾ നമുക്കറിയില്ല. അവർക്ക് ഐ ഡി കാർഡുകൾ ഉണ്ടാകില്ല. പക്ഷെ അവർക്കും ജീവിതമുണ്ടല്ലോ. പ്യാലിയിലെ ചേട്ടനും അനുജത്തിയും അങ്ങനെയുള്ളവരാണ്. ഈ ലോകത്തിൽ അങ്ങനെയുള്ള രണ്ട പേര് എങ്ങനെ മുന്നോട്ടു പോകും എന്നതാണ് കഥ. പല പ്രശ്നങ്ങൾക്കിടയിലും അവരുടെ സ്നേഹം, ശ്രദ്ധ, ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകുന്ന വിധം ഇതൊക്കെയാണ് പ്രധാനം. അത് പറയുന്നത് ഞങ്ങളുടെ സാമൂഹിക പ്രതിബന്ധത കൂടിയാണ്.

വീടില്ലാത്ത കുഞ്ഞുങ്ങൾ

വീടിനു പുറത്ത് ജീവിക്കുന്ന ഒരുപാട് കുഞ്ഞുങ്ങളെ നമ്മൾ കാണാറുണ്ട്. പ്രത്യേകിച്ചും സിഗ്നലിന്റെ ഒക്കെ അടുത്ത് നിൽക്കുമ്പോൾ തീരെ ചെറിയ കുഞ്ഞുങ്ങളെയുൾപ്പെടെ നമ്മൾ കടന്നു പോകാറുണ്ട്. ആ ഒരു മുപ്പതു സെക്കന്റ് പോലും നമുക്ക് തരുന്നത് വേദനയാവും. പ്യാലി നടക്കുന്ന സമയങ്ങളിലെല്ലാം അവരെ ഞങ്ങൾ പിന്തുടർന്നിട്ടുണ്ട്. അവരിൽ മിക്കവരും നമ്മൾ ഈ വാഹനത്തിനുള്ളിൽ ഇരുന്നു കാണുമ്പൊൾ നോവാണെങ്കിലും ആ ദിവസത്തിന്റെ അവസാനം അലച്ചിലൊക്കെ അവസാനിച്ച് അവർ മാതാപിതാക്കളുടെ അടുത്തേയ്ക്ക് എത്തുന്നത് കണ്ടിട്ടുണ്ട്. അവർ ആഘോഷിക്കുന്നതും കണ്ടിട്ടുണ്ട്. അത് പക്ഷെ ഒരു വിഭാഗമായിരിക്കാം. എല്ലായിടത്തേയ്ക്കും നോക്കാൻ ഞങ്ങൾക്കായിട്ടില്ല.

വീടിനു പുറത്തെ സ്ത്രീകൾ

വീടിനകത്തും പുറത്തും സ്ത്രീകൾ പലതരം പ്രശ്നങ്ങൾ തീർച്ചയായും നേരിടാറുണ്ട്. നമ്മുടെ നിസ്സഹായാവസ്ഥയാവും മിക്കാവാറും പ്രശ്നമായി നമ്മുടെ മുന്നിൽ വന്നു പെടുക. നമ്മൾ മാനസികമായി ശക്തരായി ഇരുന്നാൽ എല്ലാത്തിനെയും അതിജീവിക്കാൻ എളുപ്പമാണ്. എന്റെ കാര്യം പറഞ്ഞാൽ ഒരു സാധാരണക്കാരിയായിരുന്ന എന്റെ ജീവിതത്തിൽ ഞാൻ തിരിച്ചറിയുന്നു എന്റെ വഴി വ്യത്യസ്തമാണ്. അത് നേടാൻ വേണ്ടി ഇറങ്ങി തിരിക്കുന്നു. പ്രശ്നങ്ങൾ പലതും മുന്നിലുണ്ടാവും പക്ഷേ, എനിക്ക് എന്റെ സ്വപ്നത്തിലേക്കെത്താൻ സാധിച്ചിട്ടുണ്ടെങ്കിൽ ആർക്കും അത് സാധിക്കും എന്നുറപ്പാണ്. ഇറങ്ങി തിരിക്കണം എന്നതാണ് ചെയ്യേണ്ടത്.

ബബിതയും മലയാള സിനിമയും

ഓർമ വച്ച കാലം മുതൽ ആസ്വദിച്ച ഒന്നാണ് സിനിമ. മൂന്നോ നാലോ വയസ്സിലാണ് ആദ്യമായി തീയേറ്ററിൽ പോയി സിനിമ കണ്ടത്. അന്ന് തൊട്ട് ഇന്ന് വരെ ഒരുപാട് സിനിമകൾ ഇമോഷണൽ ആയും അല്ലാതെയുമൊക്കെ സ്വാധീനിച്ചിട്ടുണ്ട്. സിനിമ സാങ്കേതികമായി പഠിച്ച ഒരാളല്ല ഞാൻ, ആരുടെയും അസിസ്റ്റന്റ് ആയും ജോലി ചെയ്തിട്ടില്ല. ആകെയുള്ള സിനിമ അനുഭവം കുട്ടിക്കാലം മുതൽ ഞാൻ കണ്ടിട്ടുള്ള സിനിമകളാണ്. ആ സിനിമകൾ തന്ന ധൈര്യം, അനുഭവിച്ച കഥകൾ, അതൊക്കെത്തന്നെയാണ് എന്നെയൊരു സിനിമക്കാരിയാക്കിയത്. ഒരിക്കലും ഞാൻ വിശ്വസിച്ചില്ല എനിക്കൊരു സിനിമ ചെയ്യാനാകും എന്ന്. പക്ഷേ ഒരിക്കലൊരു ഷോർട്ട് ഫിലിം ചെയ്തു. അതൊരു സാഹചര്യം വന്നപ്പോൾ ചെയ്തതാണ്, അതിൽ നിന്നാണ് ആത്മധൈര്യം കിട്ടിയത്. എനിക്ക് ഇതിൽക്കൂടുതൽ ചെയ്യാനാകും എന്നുറപ്പിച്ചത്. അവിടെ നിന്നാണ് ആ ഒരു മാജിക് ലോകത്തേയ്ക്ക് ഞാനെത്തിയത്. സിനിമ ഇപ്പോൾ പണ്ടത്തേക്കാൾ കാണും. അതിനേക്കാൾ എന്റെ ആഗ്രഹം മികച്ച സിനിമകൾ ചെയ്യണം എന്ന് തന്നെയാണ്.

സ്ത്രീകളും മലയാള സിനിമയും

ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടത്തോടെ താൽപര്യത്തോടെ ചെയ്യുന്ന കാര്യം സിനിമയാണ്. സെറ്റിലാണെങ്കിലും ഞാൻ കംഫേട്ടാണ്. പ്രൊഡ്യൂസർ ആണെങ്കിലും ടീം ആണെങ്കിലും കൂടെയുണ്ട്, അതുകൊണ്ട് തന്നെ എന്റെ പ്രിയപ്പെട്ട ലക്ഷ്യത്തിന്റെ ഭാഗമെന്ന നിലയിൽ ഏറ്റവും സുരക്ഷിത ബോധത്തോടെയാണ് ഞാൻ സിനിമ ഇന്ടസ്ട്രിയെ കാണുന്നത്. സിനിമയിൽ സ്ത്രീകൾ പൊതുവെ കുറവാണ്. അസിസ്റ്റന്റ് ഡയറക്ടർമാർ ആയി പെൺകുട്ടികൾ ഒരുപാട് പേരുണ്ട്, എന്നാൽ ഒരു ഡയറക്ടർ എന്ന നിലയിലോ അത് പോലെയുള്ള നിലയിലോ സ്ത്രീകൾ കുറവാണ്. നമ്മുടെ സിനിമാ ലോകം മാറിയത് അധികം പേരും അറിഞ്ഞിട്ടുണ്ടാവില്ല എന്നാണു തോന്നുന്നത്. എന്നാലും ഒരുപാടു പേര് അത് തിരിച്ചറിഞ്ഞിട്ടുണ്ട്, ഞങ്ങളെക്കൊണ്ടും ചെയ്യാൻ കഴിയും എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് മാറ്റങ്ങളുണ്ടാകും.

ഒരു കലാസൃഷ്ടി എന്നത് അത് ചെയ്യുന്ന ആളുടെ മനസ്സാണ്. അയാളുടെ മനസ്സിലുള്ളത് എന്താണോ അതിനെ കൃത്യമായ ആർട്ട് ആയി ആവിഷ്കരിക്കുക എന്നതാണ് പ്രധാനം. അതിൽ സ്ത്രീ പുരുഷ വ്യത്യാസമില്ല. സിനിമ ഇപ്പോൾ സ്ത്രീകൾക്ക് മുൻപിൽ തുറന്നു കിടക്കുകയാണ്. ഞാൻ പലരോടും കഥ പറയാനൊക്കെ പോയിട്ടുണ്ട്, അതുകൊണ്ട് തന്നെ എനിക്കറിയാം എല്ലായിടത്തും അവസരങ്ങൾ ഇപ്പോഴുണ്ട്. പണ്ടത്തെ കഥകൾ ഒക്കെ ഞാനും കേട്ടിട്ടേയുള്ളൂ, പക്ഷെ ഇപ്പോൾ സിനിമാ ലോകം എല്ലാവരുടെയുമാണ്.

നാടും വീടും ഇല്ലാത്തവർ

കുറെ കഥകൾ ഞങ്ങൾ ആലോചിച്ചിരുന്നു. പക്ഷേ, പ്യാലി തന്നെ ആദ്യം ചെയ്യണമെന്ന് തോന്നി, അത്രമാത്രം അതിലെ കഥയുമായി അതിൽ അഭിനയിച്ച കുട്ടികളുമാണ് ഞങ്ങൾ അടുത്തിരുന്നു.ആദ്യത്തെ സിനിമ പിയായി ആയിരിക്കണം എന്നതിന്റെ മറ്റൊരു കാരണം എനിക്ക് അതിൽ എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടെന്നും എനിക്കറിയാമായിരുന്നു. ആർട്ട് ആണെങ്കിലും മ്യൂസിക് ആണെങ്കിലും എല്ലാ വിഭാഗത്തിനും സർവ സ്വാതന്ത്ര്യത്തോടെ അവരുടെ കഴിവുകളെ ഉപയോഗിക്കാൻ ഇതിൽ ഇടമുണ്ടായിരുന്നു. വീടും നാടുമില്ലാത്ത കുട്ടികളെക്കാൾ ഒരു സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധമാണ് എനിക്ക് ഇതിൽ കൂടുതൽ ഊന്നി പറയാൻ ആഗ്രഹിച്ചത്. ആരുമില്ലാതെ തെരുവിലൂടെ നടക്കുന്ന കുഞ്ഞുങ്ങൾ ജീവിതത്തെ എങ്ങനെ ബലപ്പെടുത്തി മുന്നോട്ടു കൊണ്ട് വരുന്നു എന്നതാണ് പ്രധാനം. അതുകൊണ്ട് തന്നെയാണ് അതെന്റെ ആദ്യ സിനിമയായതും.

ബബിത സംവിധാനം സോഫിയ വർഗീസ് നിർമ്മാണം

പ്യാലി സ്ത്രീകളുടെ മാത്രം സിനിമയല്ല. സംവിധാനം ഞാനും എന്റെ ഭർത്താവ് റെന്നും കൂടിയാണ് ചെയ്തത്. നിർമ്മാണം എൻ എഫ് വർഗീസിന്റെ മകൾ സോഫിയ വർഗീസ് ആണ്. മലയാളത്തിലെ ആദ്യത്തെ ഡുവോ കപ്പിൾ സിനിമയാണ്. ഇത് എന്റെയോ റെന്നിന്റെയോ സോഫി ചേച്ചിയുടെയോ മാത്രം  സിനിമയല്ല, ഓരോ സാങ്കേതിക തികവിനും കൂട്ട് നിന്ന ഓരോരുത്തരും ഇതിലായി സംഭാവനകൾ നൽകിയിട്ടുണ്ട്. അവർക്കെല്ലാം ഇതിൽ ഇടമുണ്ടായിരുന്നു. അതുകൊണ്ട് പ്യാലി ഞങ്ങൾ സ്ത്രീകളുടെ മാത്രമല്ല ഞങ്ങൾ ഒരുപിടി ആർട്ടിസ്റ്റുകളുടെ സിനിമയാണ്. ഉടനെ തന്നെ പ്യാലി റിലീസ് ആവും.

English Summary: Babitha Mathew About Her Film

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA