ഫാഷൻ കൂടിയത് പണിയായി: ഇറുകിയ വസ്ത്രം മൂലം പടിക്കെട്ടുകൾ ചാടിക്കയറി കിം കർദാഷിയാൻ

kim-kardashian-heart-breaking-look-at-paris-with-daughter
Image Credits: Kim Kardashian/ Instagram
SHARE

ലോകോത്തര ഡിസൈനർമാരുടെ  ഏറ്റവും പുതിയ വസ്ത്ര ഫാഷനുകൾ ധരിക്കാൻ ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത താരമാണ് ടെലിവിഷൻ അവതാരകയും മോഡലുമായ കിം കർദാഷിയാൻ. കിമ്മിന്റെ വസ്ത്രധാരണത്തിലെ വ്യത്യസ്തതകൾ എപ്പോഴും ഫാഷൻ ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കാറുമുണ്ട്. എന്നാൽ ഫാഷൻ അൽപം കൂടിയതുമൂലം കഷ്ടപെടുന്ന കിമ്മിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കാലിനോട് ചേർന്ന് ഇറുകി കിടക്കുന്ന വസ്ത്രം മൂലം പടികൾ നടന്നു കയറാനാവാതെ ചാടിക്കയറുന്ന കിമ്മിന്റെ ദൃശ്യങ്ങളാണ് ഇത്.

മിലൻ ഫാഷൻ വീക്കിൽ പങ്കെടുക്കാൻ താരം എത്തിയപ്പോഴാണ് ദൃശ്യങ്ങൾ പകർത്തിയത്. നിരപ്പായ തറയിൽ  പോലും വളരെ കഷ്ടപ്പെട്ട് നടന്ന് കിം കർദാഷ്യാൻ പടവുകൾക്കരികിൽ എത്തുന്നതാണ് വീഡിയോയുടെ തുടക്കം. പാദം വരെ മൂടി നിൽക്കുന്ന സിൽവർ നിറത്തിലുള്ള ഗൗണാണ് കിം ധരിച്ചിരുന്നത്. വലിയ ഹീലുള്ള പാദരക്ഷകളും ധരിച്ചിരുന്നതിനാൽ പടിക്കെട്ടിലേക്ക് കാലെടുത്തുവയ്ക്കാൻ ഒരു തരത്തിലും താരത്തിന് സാധിക്കുന്നുണ്ടായിരുന്നില്ല. നടന്നു കയറാൻ സാധിക്കില്ല എന്ന് ഉറപ്പിച്ചതോടെ കൈവരികളിൽ പിടിച്ച് ഓരോ പടവും ചാടിക്കയറുകയായിരുന്നു.

വസ്ത്രത്തിന്റെ പാദത്തോട് ചേർന്ന് കിടക്കുന്ന ഭാഗം അൽപം ഉയർത്തിയാൽ ഒരു വിധം പടവുകൾ കയറാൻ സാധിക്കുമായിരുന്നെങ്കിലും തന്റെ ലുക്ക് നിലനിർത്താനായിരുന്നു കിമ്മിന്റെ തീരുമാനം. ഇത്രയധികം പടവുകൾ ചാടിക്കയറുക എന്നത് എളുപ്പമല്ലാത്തതിനാൽ ഒടുവിൽ  രണ്ടുപേരുടെ സഹായം വേണ്ടിവന്നു. ഇരുവശത്തുമായി നിന്ന് സഹായികൾ കിമ്മിന്റെ കയ്യിൽ പിടിച്ചുകൊണ്ട് പടവുകൾ കയറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

എന്നാൽ പടവുകൾ കയറുന്നതിന് മാത്രമല്ല പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്താൻ കാറിൽ കയറാനും താരം നന്നേ പാടുപെട്ടിരുന്നു. കാറിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും മറ്റുള്ളവർ കിമ്മിനെ സഹായിക്കുന്നതിന്റെ ചിത്രങ്ങളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.

ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ കിം നടത്തുന്ന സാഹസങ്ങൾ മുൻപും മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്. മെർലിൻ മൺറോ അണിഞ്ഞ ഗൗൺ തന്റെ ശരീരത്തിൽ പാകമാകുന്നതിന് വേണ്ടി മൂന്നാഴ്ച കൊണ്ട് ഏഴ് കിലോ ഭാരമാണ് കിം മുൻപ് കുറച്ചത്. മേയ് മാസത്തിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു അത്. ഒറ്റയടിക്ക് ഇത്രയധികം ഭാരം കുറച്ചതിന് ഏറെ വിമർശനങ്ങളും താരം നേരിട്ടിരുന്നു. സമൂഹ മാധ്യമങ്ങളിൽ മാത്രം ദശലക്ഷക്കണക്കിന് ആരാധകരുള്ള കിം കുറഞ്ഞ സമയംകൊണ്ട് ഇത്രയധികം ഭാരം കുറച്ചതിലൂടെ തന്റെ ആരാധകരായ പെൺകുട്ടികൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത് എന്നായിരുന്നു വിമർശനം. എന്നാൽ തികച്ചും ആരോഗ്യകരമായ രീതിയിലാണ് താൻ ഭാരം കുറച്ചതെന്നും തെറ്റായ സന്ദേശം ഒന്നും നൽകിയിട്ടില്ല എന്നുമാണ് കിമ്മിന്റെ വാദം.

English Summary:  Kim is forced to JUMP up the stairs at Milan Fashion Week party

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA