ഞാൻ എന്ത് ചെയ്താലും ഭർത്താവ് പിന്തുണയ്ക്കും: മാധുരി ദീക്ഷിത്

Mail This Article
ബോളിവുഡ് എന്നാൽ പുരുഷതാരങ്ങളുടെ ലോകമാണെന്നായിരുന്നു ഏതാനും വർഷങ്ങൾക്കു മുൻപുള്ള പൊതുധാരണ. എന്നാൽ സമീപകാലങ്ങളിലായി മികച്ച കഥാപാത്രങ്ങളിലൂടെ വനിതാതാരങ്ങൾ മുൻനിരയിലേക്കു കടന്നുവന്നു. നാല് പതിറ്റാണ്ടുകളായി ബോളിവുഡിൽ സജീവ സാന്നിധ്യമാണ് മാധുരി ദീക്ഷിത്. താൻ എന്ത് ചെയാതാലും ഭർത്താവ് പിന്തുണയ്ക്കുമെന്ന് പറയുകയാണ് മാധുരി.
‘ഇത് ഒരു പരമ്പരാഗത സമൂഹമാണ്. നമുക്ക് കൂടുതൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഞാൻ എന്തു ചെയ്താലും പിന്തുണയ്ക്കുന്ന ആളാണ് എന്റെ ഭർത്താവ്. സ്ത്രീ കഥാപാത്രങ്ങൾ അരികുവത്കരിക്കപ്പെടേണ്ടതല്ല. തുറന്ന ചിന്താഗതിയോടെയായിരിക്കണം സ്ത്രീകഥാപാത്രങ്ങളെ നിർമിക്കേണ്ടത്. ഒരിക്കലും ഒരു വസ്തുവായി മാത്രം സ്ത്രീയെ കാണരുത്. അവരെ മനുഷ്യരായി തന്നെ കാണണം. സ്ത്രീകളെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കാൻ തയാറാകുന്ന തിരക്കഥാകൃത്തുകൾ അഭിനന്ദനം അർഹിക്കുന്നു. സിനിമയില്‍ ഏറ്റവും മികച്ച സമയമാണ് ഇത്.’– താരം പറഞ്ഞു.
മാധുരിയുടെ ഏറ്റവും പുതിയ ചിത്രമായ മാജാ മായിൽ സ്ത്രീകളുടെ സമൂഹത്തിലെ പ്രാധാന്യത്തെ കുറിച്ചാണ് പറയുന്നത്. സിനിമാ മേഖലയിൽ വനിതാ പ്രാതിനിധ്യം വർധിക്കണമെന്നും താരം ആവശ്യപ്പെട്ടു. ‘ശരിയാണ്. സ്ത്രീ എന്നാൽ പലരുടെയും മകളായും ഭാര്യയായും അമ്മയായും ആണ്് അറിയപ്പെടുന്നത് എന്നതിൽ തർക്കമൊന്നും ഇല്ല. പക്ഷേ, സ്ത്രീകൾക്ക് അവരുടെതായ വ്യക്തിത്വം വേണം. എപ്പോഴും സ്ത്രീകൾക്കു പിന്നിലാണ് ഇരുപ്പിടം ലഭിക്കുന്നത്. അവർക്ക് അവരുടെതായ ലക്ഷ്യങ്ങൾ ആവശ്യമാണ്. സ്ത്രീകൾ മുന്നോട്ടു വരണം.’– മാധുരി ദീക്ഷിത് പറഞ്ഞു.
English Summary: My Husband Support What I Do: Madhuri