ADVERTISEMENT

മാധ്യമങ്ങൾ തനിക്ക് നൽകിയ വിശേഷണങ്ങൾ അവഗണിച്ച് സിനിമാ മേഖലയിൽ പിടിച്ചു നിന്നതെങ്ങനെയെന്ന് തുറന്നു പറയുകയാണ് ബോളിവുഡ് താരം മല്ലിക ഷെരാവത്ത്. ആദ്യ സിനിമയിലെ അഭിനയത്തോടെ മാധ്യമങ്ങൾ തനിക്ക് ചാർത്തി തന്ന സെക്സ് സിംബൽ പരിവേഷം ഏറെ വിഷമിപ്പിച്ചു എന്ന് മല്ലിക പറയുന്നു. അതിനപ്പുറം തന്റെ മികച്ച വേഷങ്ങളെക്കുറിച്ചോ അഭിനയത്തിലുള്ള കഴിവോ മാധ്യമങ്ങളുടെ ശ്രദ്ധയിൽ എത്താതിരുന്നിട്ടും അതെല്ലാം അവഗണിച്ചതുകൊണ്ട് മാത്രമാണ് തനിക്ക് ഈ മേഖലയിൽ തുടരാനായതെന്നും താരം പറയുന്നു.

ആദ്യ ചിത്രമായ മർഡറിനു ശേഷമാണ് മാധ്യമങ്ങൾ തന്നെ സെക്സ് സിംബലായി  വിശേഷിപ്പിച്ചു തുടങ്ങിയത്. കമലഹാസനൊപ്പമുള്ള ദശാവതാരമടക്കം നിരവധി സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്തെങ്കിലും ഒരു വിഭാഗം മാധ്യമങ്ങൾ അവയൊന്നും കണ്ടില്ല എന്ന് നടിച്ചു. ജാക്കി ചാന്റെ സിനിമയിൽ അഭിനയിച്ചിട്ട് പോലും ഈ രീതികൾക്ക് മാറ്റം വന്നില്ല. ഇത്തരം മാധ്യമങ്ങൾ ഉണ്ടാക്കിയെടുത്ത കാഴ്ചപ്പാട് ഒരുതരത്തിൽ പീഡനം തന്നെയായിരുന്നു. താൻ ഇവയൊന്നും കാര്യമായി എടുക്കേണ്ട എന്ന മനോഭാവം പുലർത്താനാണ്  ശ്രമിച്ചത്. മികച്ച സിനിമകൾ തിരഞ്ഞെടുക്കുകയും അവയിൽ പരമാവധി മികച്ച അഭിനയം കാഴ്ചവയ്ക്കുകയും ചെയ്യുക എന്നതാണ് ഇതിനുള്ള തന്റെ മറുപടിയെന്നും മല്ലിക പറയുന്നു.

യഥാർഥത്തിൽ തങ്ങളുടെ കഴിവ് എന്താണെന്ന് കണ്ടെത്തി ജീവിക്കാൻ മറ്റുസ്ത്രീകൾക്ക് പ്രചോദനമായി ഒരു സ്വതന്ത്രയായ സ്ത്രീയെന്ന നിലയിലേക്ക് വളർന്നതോടെയാണ്  ഇത്തരം കാഴ്ചപ്പാടുകളിൽ നിന്നും പുറത്തുവരാൻ മല്ലികയ്ക്ക് സാധിച്ചത്.  യാഥാസ്ഥിതികതയോടെ ചിന്തിക്കുന്ന ഒരു സമൂഹത്തിൽ ഒരു സെക്സ് സിംബൽ പരിവേഷം കിട്ടിയിട്ടും ഇത്രയും കാലം ചലച്ചിത്ര മേഖലയിൽ തുടരാൻ എത്രപേർക്ക് സാധിക്കും എന്നതാണ് മല്ലികയുടെ ചോദ്യം. സ്വന്തമായി ചെക്ക് എഴുതി നൽകാനാവുക എന്നതാണ് തന്നെ സംബന്ധിച്ചിടത്തോളം സ്ത്രീകൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ശക്തികരണം. സ്വന്തമായി എന്ന് പണം കണ്ടെത്താൻ കഴിയുമോ അന്ന് സ്വന്തം കാര്യങ്ങൾ എല്ലാം നിങ്ങളുടെ തന്നെ നിയന്ത്രണത്തിൽ വരുമെന്നും മല്ലിക പറയുന്നു.

എന്നാൽ ഇന്നത്തെ ഈ നിലയിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. കുടുംബത്തിന്റെ പോലും പിന്തുണ ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. തന്റെ നാട്ടിൽ സ്ത്രീകൾക്കു കന്നുകാലികളുടെ വില മാത്രമാണ് ലഭിക്കുന്നത് എന്ന് പറഞ്ഞത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. അന്ന് താൻ പറഞ്ഞത് സത്യം മാത്രമാണ്.  ഈ അവസ്ഥയ്ക്കെതിരെ പോരാടാൻ തനിക്ക് ഉത്തരവാദിത്വമുണ്ട്.

പ്രശസ്തി ഉള്ളതുകൊണ്ടു തന്നെ താൻ പറയുന്ന കാര്യങ്ങൾക്ക് അൽപം എങ്കിലും ചലനം സ്ത്രീകളുടെ അവസ്ഥയിൽ ഉണ്ടാക്കാൻ സാധിച്ചത് വരാം. അതിനായി താൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ ഒന്നും ഒരിക്കലും മാധ്യമങ്ങൾ എഴുതാൻ ശ്രമിച്ചിട്ടില്ല. തന്റെ ശരീരം എത്രമാത്രം ഗ്ലാമറസാണെന്നും അല്ലെങ്കിൽ ബിക്കിനിയിൽ എത്ര ഭംഗിയുണ്ടെന്നും മാത്രമായിരുന്നു എപ്പോഴും മാധ്യമങ്ങളുടെ ശ്രദ്ധ എന്ന് മല്ലിക ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.

English Summary: When Mallika Sherawat felt ‘bullied, harassed’ by media: ‘They were focusing only on my body’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com