ADVERTISEMENT

ഇന്ത്യൻ സിനിമയുടെ പരമ്പരാഗത രീതികളെ പൊളിച്ചെഴുതിയ മുൻനിര നായികമാരിൽ ഒരാൾ. ക്ഷമയുടെയും സഹനത്തിന്റെയും പ്രതീകങ്ങളായി മാത്രം സ്ത്രീകൾ സിനിമയിൽ ചിത്രീകരിക്കപ്പെട്ടിരുന്ന കാലത്ത് വ്യക്തിത്വവും നിലപാടുകളുമുള്ള മികച്ച കഥാപാത്രങ്ങളിലൂടെ ചലച്ചിത്ര മേഖലയിൽ തന്റേതായ ഇടം അടയാളപ്പെടുത്തിയ ദീപ്തി നവൽ എന്ന അഭിനേത്രിയെ ഇങ്ങനെ വിശേഷിപ്പിക്കാം. എന്നാൽ ഏറെ ആഘോഷിക്കപ്പെട്ട താരമായിട്ട് കൂടി വിവാഹശേഷം സിനിമ മേഖലയിൽ നിന്നു താൻ മാറ്റിനിർത്തപ്പെട്ട അനുഭവത്തെക്കുറിച്ച് വിവരിക്കുകയാണ് ദീപ്തി നവൽ. സാഹിത്യ ആജ് തക് എന്ന സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് ദീപ്തി തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തിയത്.

1985ലാണ് ചലച്ചിത്ര നിർമാതാവായ പ്രകാശ് ഝായെ ദീപ്തി വിവാഹം ചെയ്തത്. എന്നാൽ വിവാഹശേഷം സിനിമയിൽ നിന്നും റോളുകൾ ഒന്നും ലഭിച്ചതേ ഇല്ല എന്നാണ് ദീപ്തി വെളിപ്പെടുത്തിയിരിക്കുന്നത്. അഭിനയിക്കാനുള്ള തന്റെ കഴിവ് വിവാഹത്തോടെ ഇല്ലാതായി എന്ന തരത്തിലായിരുന്നു സിനിമ മേഖലയുടെ പ്രതികരണം. ഒരു സിനിമ പോലും ലഭിക്കാതെ വർഷങ്ങളോളം താൻ വെറുതെ ഇരുന്നിട്ടുണ്ടെന്നും ദീപ്തി പറയുന്നു.

എന്നാൽ എന്താണ് സംഭവിച്ചതെന്ന് അന്നും തനിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. തന്നെ സ്വയം ഒരു കലാകാരിയായി മാത്രമാണ് കണ്ടിരുന്നത്. എന്നിട്ടും ജോലിയിൽ നിന്നും പൂർണമായി മാറ്റിനിർത്തപ്പെട്ടപ്പോൾ വിഷാദരോഗത്തിലേക്ക് വീണു പോയതായും ദീപ്തി നവൽ പറയുന്നു. ഒരു കലാകാരിയായിരുന്നിട്ടും ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥ വന്നാൽ പിന്നെ താൻ ആരാണ് എന്ന് ചോദ്യമാണ് മനസ്സിൽ ഉയർന്നത്. തിരികെയെത്താനുള്ള വഴി സ്വയം കണ്ടെത്തേണ്ടി വരുന്ന അവസ്ഥ വിഷാദ രോഗത്തിലേക്ക് തള്ളിവിടുകയായിരുന്നു.

ബോളിവുഡിലെ മാറ്റങ്ങളെക്കുറിച്ചും ദീപ്തി നവൽ തുറന്നു പറഞ്ഞു. സിനിമാ വ്യവസായം സ്വയം പുനർനിർമിക്കപ്പെടുകയാണ്. കാസ്റ്റിങ് ഡയറക്ടർമാരുടെ ഇടപെടൽ മൂലം നിർമാതാക്കളിലേക്ക് നേരിട്ടെത്താൻ സാധിക്കാതെ വരുന്നു. എന്നാൽ കാസ്റ്റിങ് കൗച്ച് എല്ലാകാലത്തും സിനിമാ മേഖലയിൽ നിലനിന്നിരുന്നു എന്നും താരം വെളിപ്പെടുത്തി. ഈ പ്രശ്നങ്ങൾ എല്ലാം നിലനിൽക്കെ തന്നെയാണ് സിനിമ മേഖലയിൽ സ്വന്തമായി ഒരു വഴി കണ്ടെത്തേണ്ടി വരുന്നത് എന്നും ദീപ്തി കൂട്ടിച്ചേർത്തു.

English Summary: Deepti Naval says she stopped getting roles post marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com