ടെലിവിഷനിലെ തൽസമയ പരിപാടികൾക്കിടെ ഉണ്ടാവുന്ന അബദ്ധങ്ങൾ എപ്പോഴും പ്രേക്ഷകർക്ക് ചിരിക്കാനുള്ള വക നൽകാറുണ്ട്. എന്നാൽ തന്റെ പരിപാടിക്കിടെ സംഭവിച്ച ഒരു അബദ്ധം കണ്ട് ചിരിയടക്കാനാവാത്ത ഒരു അവതാരകയുടെ ദൃശ്യങ്ങളാണ് ഓസ്ട്രേലിയയിലെ അഡിലെയ്ഡിൽ നിന്നും പുറത്ത് വരുന്നത്. വാർത്തയ്ക്കിടെ വിഡിയോ കോളിൽ അതിഥിയായി എത്തിയ വ്യക്തിക്ക് പറ്റിയ ഒരു കൈയ്യബദ്ധമാണ് സംഭവം. താൻ ഇരിക്കുന്ന മുറിയുടെ പശ്ചാത്തലം മാറ്റി മറ്റൊന്നാക്കാൻ അതിഥി ശ്രമിച്ചതാണ് ഒടുവിൽ തമാശയിൽ കലാശിച്ചത്.
ആലിസ് മോൺഫ്രൈസ് എന്ന വനിതയാണ് വാർത്ത അവതരിപ്പിച്ചിരുന്നത്. അതിഥിയായി റോയൽ ഓട്ടോമൊബൈൽ അസോസിയേഷന്റെ പ്രതിനിധിയായ മാർക് ബൊർലസും പരിപാടിയിൽ പങ്കെടുത്തിരുന്നു. ടെലിവിഷനിൽ കാണുമ്പോൾ തന്റെ മുറിയുടെ പശ്ചാത്തലം മാറ്റുന്നതാണ് അൽപം ഭംഗി എന്ന് കരുതി മാർക്ക് അതിനു ശ്രമിച്ചപ്പോൾ ഒരു പെൺകുട്ടി കാർ കഴുകുന്ന ചിത്രമാണ് ആദ്യം പശ്ചാത്തലത്തിൽ തെളിഞ്ഞത്. അബദ്ധം മനസ്സിലാക്കിയ മാർക് ഉടൻ തന്നെ ആ ചിത്രം മാറ്റിയെങ്കിലും അടുത്തതായി സ്കൂബാ ഡൈവിങ് ചെയ്യുന്ന മറ്റൊരു വ്യക്തിയുടെ ചിത്രം പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെട്ടു.
ഇത് കണ്ട ആലിസ് ചിരിയടക്കാൻ അപ്പോൾ മുതൽ പാടുപെടുകയായിരുന്നു. ഇതോടെ മൂന്നാമതും പശ്ചാത്തലം മാറ്റാനായി മാർക്കിന്റെ ശ്രമം. എന്നാൽ ഇതോടെ കാര്യങ്ങൾ കൂടുതൽ കൈവിട്ടുപോയി. പിസയുടെ ആകൃതിയിലുള്ള ഒരു ചെറു തൊപ്പി മാർക്കിന്റെ തലയിൽ ഇരിക്കുന്ന തരത്തിലുള്ള ഫിൽട്ടറാണ് ഇത്തവണ കാണാനായത്. ഇത് കണ്ട് നിയന്ത്രണംവിട്ട ആലിസ് പരിപാടി അവതരിപ്പിക്കുകയാണെന്ന കാര്യം പോലും മറന്നു പൊട്ടിച്ചിരിക്കുകയായിരുന്നു. ചിരി പിടിച്ചുനിർത്താനാവാതെ ഒടുവിൽ ആലിസ് കണ്ണു തുടയ്ക്കുന്ന ഘട്ടംവരെ എത്തി.
തന്റെ അബദ്ധം ഓർത്ത് മാർക്കും ഒപ്പം ചിരിച്ചെങ്കിലും ഇനിയും ഇതേ പരീക്ഷണം തുടരുന്നത് പന്തിയല്ല എന്ന് മനസ്സിലാക്കി വിഡിയോ കട്ട് ചെയ്തശേഷം ഒന്നുകൂടി ജോയിൻ ചെയ്യാമെന്ന് ആലിസിനെ അറിയിക്കുകയായിരുന്നു. എന്നാൽ അദ്ദേഹം ലൈവിൽ നിന്നും പോയ ശേഷവും മുന്നിലുണ്ടായിരുന്ന മേശയിലേക്കു കമഴ്ന്നു കിടന്ന് ചിരിക്കുന്ന ആലിസിനെ വിഡിയോയിൽ കാണാം. ട്വിറ്ററിലൂടെയാണ് രസകരമായ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. മാർക് ജോലി ചെയ്യുന്ന സ്ഥാപനവും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
എന്നാൽ കാര്യങ്ങൾ അതുകൊണ്ടും തീർന്നില്ല. മാർക്കിന്റെ പങ്കാളിയായ മോണിഖ് പിസ ഫിൽറ്ററിന്റെ അതേ ആകൃതിയിലുള്ള ഒരു പിസ പാർട്ടി തൊപ്പി മാർക്കിന് സമ്മാനമായി നൽകി. ടിവിയിൽ കണ്ട അതേ രീതിയിൽ തൊപ്പിയും ധരിച്ചിരിക്കുന്ന മാർക്കിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ ആലിസും മാർക്കും ഒരേപോലെ തമാശയായി എടുത്തതുകൊണ്ടാണ് ഇത്രയും ചിരിക്കാനുള്ള വക ലഭിച്ചത് ആളുകൾ കുറിക്കുന്നു. ആയിരക്കണക്കിന് ആളുകൾ കാണുന്ന ഒരു പരിപാടിയിൽ ഇത്തരം ഒരു അബദ്ധം സംഭവിച്ചെങ്കിലും അതിന്റെ രസകരമായ വശം മാത്രം കണ്ട മാർക്കാണ് അഭിനന്ദനങ്ങൾ അർഹിക്കുന്നത് എന്നാണ് പ്രതികരണങ്ങളിൽ ഏറെയും.
English Summary: News anchor won’t stop laughing at interviewee’s Zoom filter fail