ADVERTISEMENT

മദ്യപിച്ച് ഫ്ലൈറ്റിൽ കയറിയ യാത്രികൻ യാത്രാമധ്യേ നടത്തിയ പരാക്രമങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നത് ഫ്ലൈറ്റിലെ വനിതാ ജീവനക്കാർ. ഏതാനും ദിവസങ്ങൾക്കു മുൻപ് ഗുവാഹത്തിയിൽ നിന്നു ഡൽഹിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിലാണു സംഭവം. യാത്രയ്ക്കിടെ മദ്യപൻ വിമാനുള്ളിൽ ഛർദിക്കുകയും മലമൂത്ര വിസർജനം നടത്തുകയും ചെയ്യുകയായിരുന്നു. 

 

വിമാനത്തിനുള്ളിൽ സീറ്റുകൾക്ക് ഇടയിലുള്ള നടപ്പാതയിലാണ് മദ്യപിച്ചെത്തിയ ആൾ ഛർദിച്ചത്. അതിനുശേഷം ടോയ്‌ലറ്റിനു ചുറ്റുമായി മലവിസർജനം നടത്തുകയും ചെയ്തു. ഇത് മറ്റു യാത്രികർക്കും ബുദ്ധിമുട്ടാകുമെന്ന് മനസ്സിലാക്കിയ ജീവനക്കാർ ഉടൻതന്നെ വൃത്തിയാക്കാനായി ഇറങ്ങുകയായിരുന്നു. ഫ്ലൈറ്റിൽ സഞ്ചരിച്ചിരുന്ന ഭാസ്കർ ദേവ് എന്ന യാത്രികനാണ് സംഭവത്തിന്റെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ ക്യാബിൻ ക്രൂവിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടി ടോയ്‌ലറ്റ് പേപ്പർ ഉപയോഗിച്ച് നടപ്പാത  വൃത്തിയാക്കുന്നത് കാണാം. വായു സഞ്ചാരം ഇല്ലാത്തതിനാൽ ദുർഗന്ധം പടരാതിരിക്കാനായി സ്പ്രേയും ഉപയോഗിച്ചു.

 

ഈ വനിതയ്ക്ക് പുറമേ വിമാനത്തിൽ ഉണ്ടായിരുന്ന മറ്റു എല്ലാ വനിതാ ജീവനക്കാരും മറ്റു യാത്രകൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ സാഹചര്യങ്ങൾ നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചു എന്നും സ്ത്രീശക്തിക്ക് സല്യൂട്ട് നൽകുന്നു എന്നുമാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ ചിത്രങ്ങൾ പുറത്തെത്തിയതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. വിമാനങ്ങളിൽ മദ്യം അനുവദിക്കുന്നത് ചോദ്യം ചെയ്യുന്നത് മുതൽ ഓരോ യാത്രികനും മദ്യപിച്ച ശേഷമാണോ ഫ്ലൈറ്റിനുള്ളിൽ കയറിയിരിക്കുന്നത് എന്ന് ശക്തമായ പരിശോധന വേണമെന്ന ആവശ്യംവരെ പ്രതികരണങ്ങളിൽ ഉയരുന്നുണ്ട്.

 

വനിതാ ജീവനക്കാരുടെ അവസ്ഥയെ സ്ത്രീശക്തി എന്ന് പുകഴ്ത്തുന്നതല്ല ശരിയെന്നും ഇവിടെ ഇരകളാകേണ്ടി വന്നവരാണ് അവർ എന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.  ഇത്തരം സാഹചര്യത്തിൽ കൂടി കടന്നുപോകേണ്ടി വരുന്ന വനിതാ ജീവനക്കാരെ ഓർത്ത് വിഷമം തോന്നുന്നു എന്നാണ് ഭൂരിഭാഗവും പ്രതികരിക്കുന്നത്.  സമാനമായ സാഹചര്യങ്ങളിൽ വൃത്തിയാക്കാൻ മുന്നിട്ടിറങ്ങുന്നതും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും സ്ത്രീകളുടെ ശക്തിയായി വ്യാഖ്യാനിക്കപ്പെടുന്നത് അവർക്കുള്ള പിന്തുണയല്ലെന്നും മറിച്ച് പാർശ്വവൽക്കരിപ്പിക്കപ്പെടുന്നതിന്റെ മറ്റൊരു വശം ആണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.

 

എന്നാൽ ഇത്തരത്തിൽ പെരുമാറിയ യാത്രികന് ഇനി ഫ്ലൈറ്റുകളിൽ  കയറാനുള്ള അനുമതി റദ്ദാക്കണമെന്നും ഭരണ സംവിധാനങ്ങൾ ഇടപെട്ട് തക്കതായ ശിക്ഷ നൽകണമെന്നുമുള്ള ആവശ്യങ്ങളാണ് കമന്റുകളിൽ ഏറെയും. സ്വബോധമില്ലാതെ ഛർദ്ദിക്കുന്ന അളവിൽ മദ്യപിച്ച ഒരു വ്യക്തിയെ എങ്ങനെ വിമാനത്തിനുള്ളിൽ കയറാൻ അനുവദിച്ചു എന്ന് സംശയം ഉയർത്തുന്നവരും കുറവല്ല. അതേസമയം മദ്യപിച്ചെത്തുന്നവർ മാത്രമല്ല വൃദ്ധരായവരും ശിശുക്കളുമൊക്കെ യാത്ര ചെയ്യുന്ന വിമാനങ്ങളിൽ ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാവാതെ എളുപ്പത്തിൽ വൃത്തിയാക്കാനാവുന്ന സംവിധാനങ്ങൾ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.

 

English Summary: Drunk passenger vomits, urinates in IndiGo flight; netizens praise lady crew for cleaning mess

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com