എട്ടോ പത്തോ ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ ഉറക്കത്തിൽ ചിലപ്പോൾ ഒന്നു പുഞ്ചിരിച്ചേക്കും. ലോകത്തിലെ ഏറ്റവും ഭംഗിയുള്ള കാഴ്ചകളിലൊന്ന്. കുഞ്ഞുങ്ങളുടെ ആ ചിരി ഒരു ഫോട്ടോയാക്കി സൂക്ഷിക്കണമെന്ന് ആഗ്രഹിക്കാറുണ്ട് മാതാപിതാക്കൾ. ആ ആഗ്രഹം അറിഞ്ഞതോടെയാണ് ന്യൂബോൺ ഫൊട്ടോഗ്രഫിയിലേക്ക് ചാലക്കുടി സ്വദേശി ഭരിത പ്രതാപ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
കുട്ടിക്കാലം മുതലേ ഫൊട്ടോഗ്രഫി ഭരിതയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അച്ഛൻ പ്രതാപ് ഫൊട്ടോഗ്രഫറാണ്. കളിപ്പാട്ടങ്ങൾക്കു പകരം പഴയ ക്യാമറകളും ഫിലിമുകളും ഉപയോഗിച്ചിരുന്ന ബാല്യമാകാം ആ ഇഷ്ടത്തിനു കാരണമായതും. കുഞ്ഞുനാളിലെ വിവാഹച്ചടങ്ങുകൾ ക്യാമറയിൽ പകർത്താൻ അച്ഛനു കൂട്ടുപോകുമായിരുന്നു ഭരിത.
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ ഭരിതയെ ഒരു വിവാഹത്തിന് ഫോട്ടോയെടുക്കാൻ അനുവദിക്കുന്നത്. അന്നു നിറയെ ഫോട്ടോകളും പകർത്തി. അച്ഛനേൽപ്പിച്ചത് ഫിലിമില്ലാത്ത ക്യാമറയാണെന്നു പോലും അറിയാതെ. ആ അമളിയിൽ നിന്നാണ് ഫൊട്ടോഗ്രഫിയെക്കുറിച്ചു കൂടുതൽ പഠിച്ചത്.
പിന്നീടു ജേണലിസം പഠിച്ചതിനു പിന്നിലും ആ ഇഷ്ടം തന്നെ. മാധ്യമ പ്രവർത്തനം ഇന്നും വിട്ടിട്ടില്ല. പക്ഷേ, ഫോട്ടൊയെടുക്കുമ്പോൾ ലഭിക്കുന്ന സന്തോഷം മറ്റൊന്നിനും നൽകാനാകുന്നില്ലെന്ന തിരിച്ചറിവിൽ അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഒരു മകൻ ജനിച്ചതിനു ശേഷമാണ് ന്യൂബോൺ ഫൊട്ടോഗ്രഫിയെക്കുറിച്ച് കൂടുതൽ ചിന്തിച്ചത്. കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുക അത്ര എളുപ്പമല്ല. ഫോട്ടോയെടുക്കുന്നത് ഒട്ടും എളുപ്പമല്ല. വല്ലാത്ത ക്ഷമ വേണം. ഉറങ്ങുന്ന കുഞ്ഞ് ചിരിക്കാനായി മണിക്കൂറുകൾ ക്യാമറയുമായി കാത്തിരിക്കുന്നതു പോലെ. കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പുരുഷന്മാരേക്കാൾ മിടുക്കു സ്ത്രീകൾക്കുണ്ടാകും. ആളുകൾ കൂടുതൽ വിശ്വാസം അർപ്പിക്കുന്നതും സ്ത്രീകളിലാണ്. ഒരമ്മയായതു കൊണ്ടു തന്നെ കുഞ്ഞുങ്ങളോട് ഒരു കരുതലുണ്ടാകുമല്ലോ.
അങ്ങനെ പരിചയക്കാർക്കു വേണ്ടി കുഞ്ഞുങ്ങളുടെ ചിത്രമെടുത്തു തുടങ്ങിയതാണ് ഭരിത. കൂടുതൽ അന്വേഷണങ്ങൾ വന്നതോടെ അതിൽ ശ്രദ്ധ പതിപ്പിച്ചു. കുഞ്ഞുങ്ങളെ ഒരുക്കാൻ വേണ്ട ഉടുപ്പും ചമയങ്ങളുമെല്ലാം ഭരിത തന്നെ കൊണ്ടുവരും. ക്യാമറയുടെ ഫ്ലാഷ്‌ലൈറ്റും മറ്റും കുഞ്ഞുങ്ങൾക്ക് അപകടമല്ലേയെന്നു ചോദിക്കുന്നവർ ഇപ്പോഴുമുണ്ട്. പുതിയ കാലത്ത് സുരക്ഷിതമായി ഫോട്ടോ എടുക്കാനുള്ള എല്ലാ സജ്ജീകരണങ്ങളുമുണ്ട്. അതേക്കുറിച്ചു പേടി വേണ്ടെന്നു ഭരിതയുടെ ഉറപ്പ്.
English Summary: Life Story Of Camera Woman Bharitha