ADVERTISEMENT

ആരാണ് പോസിറ്റീവായിട്ടുളള ഒരു തൊഴില്‍ അന്തരീക്ഷം ആഗ്രഹിക്കാത്തത്. സമാധാനവും ആരോഗ്യകരവുമായ ഒരു തൊഴില്‍ അന്തരീക്ഷം ലഭിക്കാന്‍ പ്രധാനമായി വേണ്ട ഒന്നാണ് തൊഴിലുടമയുടെ വിശ്വാസം. ഇത് കരിയറിന്റെ വളര്‍ച്ചക്കും അത്യന്താപേക്ഷിതമായ ഒന്നാണ്. ബോസിന്റെ വിശ്വാസം നേടിയെടുത്താല്‍ അദ്ദേഹം നിങ്ങളില്‍ സന്തോഷവാനായിരിക്കും. സ്വാഭാവികമായും നിങ്ങളും സ്വന്തം തൊഴിലില്‍ സന്തുഷ്ടരും ആത്മാര്‍ത്ഥതയുള്ളവരുമാവും. ഇനി തൊഴിലില്‍ നിന്ന് വലിയ സാമ്പത്തികമെച്ചം ഉണ്ടായില്ലെങ്കില്‍ പോലും മാനസികതൃപ്തി തീര്‍ച്ചയായും നിങ്ങള്‍ക്ക് ലഭിച്ചിരിക്കും. 

അപ്പോള്‍ എങ്ങനെ സ്വന്തം ബോസിന്റെ വിശ്വാസം നേടിയെടുക്കാന്‍ പറ്റും? നിങ്ങള്‍ ജോലിയില്‍ അല്‍പം പുറകിലാണെങ്കില്‍ തീര്‍ച്ചയായും ബോസിന്റെ വിശ്വാസം നേടിയെടുക്കാനുളള വഴികള്‍ ആലോചിച്ചു തുടങ്ങിക്കോളൂ. അതിനുളള അഞ്ച് മാര്‍ഗങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. 

സ്ഥിരത

ബോസിന്റെ വിശ്വാസം നേടിയെടുക്കാന്‍ ആദ്യം ചെയ്യേണ്ടത് സ്ഥിരതയോടെ മികച്ച ഫലങ്ങള്‍ നല്‍കുന്ന തരത്തില്‍ ജോലിചെയ്യുക എന്നതാണ്. സ്വന്തം തൊഴില്‍ സാഹചര്യം മനസിലാക്കുകയും അതിനൊപ്പം കൃത്യതയോടെ പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ബോസ് നല്‍കുന്ന ഡെഡ്‌ലൈനില്‍ ജോലി പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കുക. ചെയ്യുന്ന ജോലിയുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കാനും അതില്‍ കഠിനാധ്വാനം ചെയ്യാനും മടിക്കരുത്. നിങ്ങളുടെ ജോലിയോടുളള സമര്‍പ്പണവും സ്ഥിരതയും ബോസിന് നിങ്ങളിലുളള വിശ്വാസം വര്‍ധിപ്പിക്കുകതന്നെ ചെയ്യും. 

ആശയവിനിമയം

ബോസുമായി നല്ലൊരു ബന്ധം വളര്‍ത്തിയെടുക്കണമെങ്കില്‍ നിങ്ങളുടെ ആശയവിനിമയ പാടവം വര്‍ധിപ്പിച്ചേ മതിയാകൂ. ചെയ്യുന്ന ജോലിയിലെ പുരോഗതികള്‍, വെല്ലുവിളികള്‍, വിജയങ്ങള്‍ എല്ലാം ബോസുമായി ചര്‍ച്ച ചെയ്തിരിക്കണം. നിങ്ങളുടെ ജോലി സംബന്ധമായ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും അദ്ദേഹത്തെ അറിയിക്കേണ്ടതാണ്. അത് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും പ്രതീക്ഷകളും അറിയുന്നതിനും ഒപ്പം നല്ല നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിനും വഴിയൊരുക്കും. മാത്രമല്ല നല്ല ആശയവിനിമയത്തിലൂടെ തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും നല്ലൊരു ബന്ധം സ്ഥാപിക്കാനും സാധിക്കും. 

Read also: 'എന്റെ അമ്മ സൂപ്പർ കൂളാണ്', ജീവിക്കാൻ പഠിപ്പിച്ച അമ്മയ്ക്ക് ടീച്ചേഴ്സ് ഡേ ആശംസകളുമായി കാജോൾ

പൊരുത്തപ്പെടല്‍

തൊഴില്‍ സാഹചര്യങ്ങള്‍ പലപ്പോഴും മാറിയെന്നിരിക്കും സഹപ്രവര്‍ത്തകരും മാറാം. എന്നാല്‍ ഏത് സാഹചര്യത്തിലും ജോലിയെടുക്കാനുളള കഴിവ് നിങ്ങള്‍ നേടിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഇത് വെല്ലുവിളികളെ നേരിടാനും നിങ്ങളെ പ്രാപ്തനാക്കും. നിങ്ങളുടെ കംഫര്‍ട് സോണിനു പുറത്തുളള ജോലികള്‍ ഏറ്റെടുക്കാനും നിങ്ങള്‍ക്ക് ധൈര്യം ലഭിക്കും. ഏതു തൊഴില്‍ സാഹചര്യത്തിലും പിടിച്ചുനില്‍ക്കാനും പൊരുത്തപ്പെടാനും കഴിവുളള ഒരു തൊഴിലാളി ഏതൊരു കമ്പനിക്കും മുതല്‍ക്കൂട്ടാണ്. ഇത് ബോസിന് നിങ്ങളിലുളള മതിപ്പ് വര്‍ധിപ്പിക്കുകയേ ചെയ്യൂ. 

കൂട്ടായ്മ

സഹകരിച്ച് പ്രവര്‍ത്തിക്കുകയെന്നത് ഏതൊരു സ്ഥാപനത്തിന്റേയും ഉയര്‍ച്ചക്ക് അത്യാവശ്യമായ ഘടകമാണ്. സഹകരണമില്ലാത്ത ജോലിക്കാര്‍ തീര്‍ച്ചയായും സ്ഥാപനത്തെ തകര്‍ച്ചയിലേക്കായിരിക്കും നയിക്കുക. ആരോഗ്യകരമായ ഒരു തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കൂട്ടായപ്രവര്‍ത്തനങ്ങളും സഹകരണവും വേണ്ടത് അത്യാവശ്യമാണ്. സഹപ്രവര്‍ത്തകര്‍ക്ക് സഹായം വേണ്ടപ്പോള്‍ ഒരിക്കലും അതിന് മടിക്കരുത്. ഗ്രൂപ്പ് പ്രൊജക്ടുകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മറ്റുളളവര്‍ക്കൊപ്പം ചേര്‍ന്ന് പരസ്പര ബഹുമാനത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. ഇതു നിങ്ങള്‍ക്കുമാത്രമല്ല ഒപ്പമുളളവര്‍ക്കുകൂടി ഗുണം ചെയ്യുമെന്ന കാര്യവും ഓര്‍ക്കുക. 

Read also: 'കുറച്ചൊന്ന് ഒതുങ്ങാം, ഇങ്ങനത്തെ വസ്ത്രം ഇടുകയും വേണ്ട', എല്ലാം സ്ത്രീയുടെ നല്ലതിനു വേണ്ടി പറയുന്നതാണേ

മുന്‍കൈയ്യെടുക്കണം

ഒരു പ്രശ്‌നം വന്നാല്‍ അത് പരിഹരിക്കാന്‍ മുന്‍കൈയ്യെടുക്കുന്നത് നിങ്ങളിലെ നേതൃപാടവം മറ്റുളളവര്‍ക്ക് മനസിലാക്കുന്നതിന് സഹായിക്കും. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രം ചെയ്യാതെ അതിന് പരിഹാരം കണ്ടെത്താന്‍ കൂടി ശ്രമിക്കാം. ഈ സമീപനം നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. മാത്രമല്ല വെല്ലുവിളികളെ നേരിട്ട് അത് പരിഹരിക്കാനുളള മാര്‍ഗങ്ങള്‍ കണ്ടെത്തുകയും അതിനായി മുന്‍കൈയ്യെടുക്കുകയും ചെയ്യുന്നത് നിങ്ങളിലെ അനുഭവസമ്പത്തും വര്‍ധിപ്പിക്കും. പിന്നീട് ഏത് പ്രശ്‌നത്തെയും എളുപ്പം നേരിടാനുളള കഴിവും നിങ്ങള്‍ക്ക് നേടിത്തരും.

Content Summary: Tips to have a better relation with boss at office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com