ADVERTISEMENT

എന്നോ പറഞ്ഞു പോയ ഒരു വാക്കിന്റെയോ വാഗ്ദാനത്തിന്റെയോ പേരില്‍ തുടരേണ്ടതല്ല മനുഷ്യബന്ധങ്ങള്‍. എങ്കിലും ജീവിത പങ്കാളിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയെന്നത് സ്ത്രീകളില്‍ ഭൂരിഭാഗത്തിനും ചിന്തിക്കാന്‍ പോലുമാവാത്ത കാര്യമാണ്. യോജിക്കാനാവാത്ത ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നതു വഴി നിങ്ങളുടെ മാത്രമല്ല പങ്കാളിയുടേയും ജീവിതം കൂടുതല്‍ സുന്ദരമാവും. ജീവിതത്തിലെ നിര്‍ണായക തീരുമാനമെടുക്കാറായോ എന്ന് അറിയാനും മാര്‍ഗങ്ങളുണ്ട്. 

ആശയവിനിമയം

ഏതൊരു ആരോഗ്യകരമായ ബന്ധത്തിന്റേയും അടിസ്ഥാനം മികച്ച ആശയവിനിമയമാണ്. ആത്മാര്‍ഥമായ തുറന്ന ആശയവിനിമയം ഇല്ലാത്ത പങ്കാളികള്‍ പരസ്പരം അകലുകയാണു ചെയ്യുക. വൈകാരികമായി ഇവര്‍ക്കിടയിലെ പാലം തന്നെ തകരും. ആശയവിനിമയം കുറയുന്നതോടെ പരസ്പര വിശ്വാസം കുറയുകയും തെറ്റിദ്ധാരണകള്‍ വര്‍ധിക്കുകയും ചെയ്യും. 

വിശ്വസ്തത

ജീവിത പങ്കാളിയുമായുള്ള ബന്ധത്തിലെ ഏറ്റവും അടിസ്ഥാനങ്ങളിലൊന്നാണ് വിശ്വസ്തത. തന്റെ പങ്കാളി ചെയ്യുമെന്നും ചെയ്യില്ലെന്നും ഓരോരുത്തരും കരുതുന്ന കാര്യങ്ങളുണ്ടാവും. ഒരിക്കല്‍ വിശ്വാസം നഷ്ടപ്പെടുത്തിയാല്‍ ബന്ധങ്ങളിലുണ്ടാവുന്ന വിള്ളല്‍ പരിഹരിക്കുക എളുപ്പമല്ല. പരസ്പര വിശ്വാസം ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കുകയാണ് ആരോഗ്യമുള്ള ബന്ധത്തിന് നല്ലത്. തുടര്‍ച്ചയായി പറ്റിക്കുകയും ചതിക്കുകയും ചെയ്യുന്ന പങ്കാളിയോട് ബൈ ബൈ പറയുന്നതാണ് ഉചിതം. 

വ്യത്യസ്ത മൂല്യങ്ങള്‍, ലക്ഷ്യങ്ങള്‍

ഓരോ വ്യക്തികള്‍ക്കും ജീവിതവുമായി ബന്ധപ്പെട്ട് പലതരം വിശ്വാസങ്ങളും മൂല്യങ്ങളുമുണ്ടാവും. പരസ്പരം ഇത്തരം മൂല്യങ്ങളെ അംഗീകരിക്കാനും ബഹുമാനിക്കാനും തയ്യാറാവണം. പ്രതിപക്ഷ ബഹുമാനം പോലുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും എതിര്‍ക്കുന്ന മൂല്യങ്ങളുള്ളവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാവും. ജീവിതത്തില്‍ വ്യക്തിപരമായ ലക്ഷ്യങ്ങള്‍ക്കൊപ്പം പൊതു ലക്ഷ്യങ്ങള്‍ കൂടിയുണ്ടെങ്കില്‍ ബന്ധങ്ങള്‍ കൂടുതല്‍ സുന്ദരമാവും. 

അതിക്രമം

അതിക്രമങ്ങള്‍ വൈകാരികമോ ശാരീരികമോ ആയിക്കൊള്ളട്ടെ അത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുത്. പരസ്പര ബഹുമാനമായിരിക്കണം ഏതൊരു ബന്ധത്തിന്റേയും അടിസ്ഥാനം. ഉടമയും അടിമയുമായുള്ള ബന്ധങ്ങള്‍ തികച്ചും ഏകപക്ഷീയമാവും. ശാരീരികമായി ഉപദ്രവിക്കുന്നവരുമായി യാതൊരു തരത്തില്‍ സന്ധി ചെയ്യാനോ ബന്ധം മുന്നോട്ടു കൊണ്ടുപോവാനോ പാടില്ല. അത് നമ്മുടെ മാത്രമല്ല കുട്ടികളുടെ കൂടി ജീവിതങ്ങളെ ബാധിക്കും. 

സന്തോഷമില്ല

ഒന്നിച്ചിരിക്കുമ്പോള്‍ സന്തോഷവും സമാധാനവും തോന്നണം. പങ്കാളിയുടെ സാന്നിധ്യമുള്ളപ്പോള്‍ ഉള്ള സമാധാനവും സന്തോഷവും നഷ്ടപ്പെടുന്നതാണ് അവസ്ഥയെങ്കില്‍ നിങ്ങള്‍ മാറി ചിന്തിക്കേണ്ട സമയമായെന്നു വേണം കരുതാന്‍. ആകെയുള്ളൊരു ജീവിതം അടിമുടി അസംതൃപ്തിയിലും വിഷമത്തിലും നിറയാന്‍ അനുവദിക്കരുത്. 

സഹായം തേടണം

ഏതെങ്കിലും ഒരു വ്യക്തിയുടെ മാത്രം മുന്‍കയ്യില്‍ നടന്നു പോവുന്നതല്ല നല്ല ബന്ധങ്ങള്‍. അതിന് രണ്ടു വ്യക്തികളും ശ്രമിക്കേണ്ടതുണ്ട്. ബന്ധം മുന്നോട്ടു കൊണ്ടുപോവാന്‍ ഒരാള്‍ മാത്രം വിചാരിച്ചിട്ടു കാര്യമില്ല. പല ശ്രമങ്ങള്‍ക്കൊടുവിലും ഫലം കാണുന്നില്ലെങ്കില്‍ വിദഗ്ധ സഹായം തേടാന്‍ മടിക്കരുത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ബന്ധമാണ് ജീവിത പങ്കാളിയുമൊത്തുള്ള ബന്ധം. നിങ്ങള്‍ക്ക് അതുകൊണ്ട് പ്രശ്‌നങ്ങള്‍ മാത്രമാണുണ്ടാവുന്നതെങ്കില്‍ പ്രശ്‌നം പരിഹരിക്കാനുള്ള സമയമായെന്ന് തിരിച്ചറിയുക.

English Summary:

Know about your Relationship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com