ADVERTISEMENT

അമ്മയോടു കുട്ടികള്‍ക്ക് അടുപ്പവും ഇഷ്ടവും ഉണ്ടാകും, വാശിയും ദേഷ്യവും ഉണ്ടാകും. "അയിന്"? അതിന്റെ എല്ലാ സ്വാഭാവികതയും കളയുന്ന ചില സോഷ്യൽ കൺസ്ട്രക്ഷന്‍സുണ്ട്. സിനിമയിലും സീരിയലിലും കണ്ടു പരിചയിച്ച സർവംസഹയായ അമ്മമാർ സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ട്.

"രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനോടൊത്തു പോയ യുവതി" എന്നു തുടങ്ങുന്ന വാർത്ത നമ്മൾ കണ്ടിട്ടില്ലേ? കുടുംബവും കുട്ടികളെയും മറ്റെല്ലാവരെയും ഉപേക്ഷിച്ചുപോയ പുരുഷനെ പക്ഷേ അങ്ങനെ വിശേഷിപ്പിക്കാറില്ലല്ലോ. എന്തുകൊണ്ടായിരിക്കും? സമൂഹം അമ്മയ്ക്കും, സ്ത്രീക്കും കൊടുത്തിരിക്കുന്ന ചില പ്രത്യേക റ്റൈറ്റിലുകളുണ്ട്. കുട്ടികൾ ഉണ്ടതിനുശേഷം മാത്രം ഉണ്ണാനിരിക്കുന്ന, ഏതു സമയത്തും വിളിപ്പുറത്ത് എത്തുന്ന, കുട്ടികളും വീട്ടുകാരും പുറത്തുപോയി വീട്ടിലെത്തുന്നതിനു മുൻപ് വാതിലിന്റെ അടുത്തെത്തി പഴയൊരു സിനിമയിലെ കുമ്പിടിയെപ്പോലെ ചിരിച്ചുകൊണ്ടിരിക്കേണ്ട ആളല്ല അമ്മ. കുട്ടികള്‍, അവരുടെ പരിപാലനം, വളർത്തൽ എന്നിവയെ മുൻനിർത്തിയാണ് സ്ത്രീയെ നിർവചിച്ചിട്ടുള്ളത്. കുട്ടിയെ സമൂഹം പറയുന്നപോലെ മാത്രം നല്ല ഭംഗിയായി വളർത്തി വലുതാക്കുന്നവർ, കുട്ടിയില്ലാത്തവർ, കുട്ടികളെ താൽപര്യമില്ലാത്തവർ, പ്രസവിക്കാത്തവർ ഇങ്ങനെയൊന്നും അല്ലാത്തവർ അമ്മയല്ല, പൂർണ്ണയായ സ്ത്രീയല്ല എന്നുവരെ പറഞ്ഞുകളയും. കുട്ടി ജനിച്ച് ആറു വർഷം അമ്മയ്ക്ക് മെറ്റേണിറ്റി ലീവ്‍ കൊടുക്കണമെന്നൊക്കെ സിനിമ സംവിധായകൻ അൽഫോൺസ് പുത്രൻ പറഞ്ഞത് കേട്ടിട്ടില്ലേ. അങ്ങനെ അമ്മയ്ക്ക് മാത്രം കൊടുക്കേണ്ട ഒന്നല്ല മെറ്റേണിറ്റി ലീവ്. മാത്രവുമല്ല ആ സ്ത്രീയുടെ ജീവിതത്തിലെ ആറ്‍ വർഷം മുഴുവൻ സമയവും അമ്മയായിരിക്കണമെന്നു മറ്റൊരാൾ നിശ്ചയിക്കുന്നതെങ്ങനെ? ആ സ്ത്രീയോ, അവരോട് സ്നേഹമുള്ളവരോ അവരുടെ കൂടെനിൽക്കുന്നവരോ തീരുമാനിക്കുന്ന ചോയിസാണ് അമ്മയാവുക എന്നത്. 

"താരാട്ടു പാടുവാൻ അമ്മയുണ്ടല്ലോ, താളം പിടിക്കുവാൻ അച്ഛനുണ്ടല്ലോ" എന്ന പാട്ടു കേട്ടുറങ്ങിയവരാണു നമ്മൾ. എന്നാൽ അച്ഛനുറക്കുന്ന കുട്ടിയെ കണ്ട് അപ്പുറത്തിരുന്നു താളം പിടിക്കുന്ന അമ്മയും വളരെ നോർമലാണ്. 

ഫ്രഞ്ച് ഫെമിനിസ്റ്റും, എഴുത്തുകാരിയുമായ സിമോൺ ദെ ബുവാ (Simone de Beauvoir) പറഞ്ഞത്; Some Splendors Of Maternity യാണ് പെണ്ണിനെ ഇങ്ങനെ കെട്ടിയിടുന്നത് എന്നാണ്. അയ്യോ, "അമ്മ സൂപ്പറല്ലേ, അതുകൊണ്ടല്ലേ ഇങ്ങനെ വാഴ്ത്തുന്നത്?" എന്നാണു മറുവാദമെങ്കിൽ അമ്മയ്ക്കു മാത്രം 'ചില പ്രത്യേക'  പരിഗണനകൾ തരരുതേ, എടുക്കരുതേ, കൊടുക്കരുതേ...

കൂടുതൽ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?' 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com