ADVERTISEMENT

വിദ്യാഭ്യാസം പൂർത്തിയായിക്കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കുക എന്നതാണ് എല്ലാവരുടെയും ആഗ്രഹം. ഇന്നത്തെ തലമുറയാകട്ടെ അതിനായി നാടുവിട്ടു പോകാനും തയാറാണ്. അത്തരത്തിൽ ശോഭനമായ ഒരു ഭാവി സ്വന്തമായി എന്ന വിശ്വാസത്തിൽ അന്യനാട്ടിലേയ്ക്കു ചേക്കേറിയതാണ് ഫ്ലോറിഡ സ്വദേശിനിയായ ക്യാമ്റിൻ സ്പിന എന്ന യുവതി. എന്നാൽ ജോലിയിൽ ചേരാനായി ഫ്ലോറിഡയിലെ സകലതും ഉപേക്ഷിച്ചു വിർജീനിയയിലേക്ക് എത്തി ഏതാനും ദിവസങ്ങൾ ജോലി ചെയ്ത ശേഷവും ക്യാമ്റിന് നിയമനം നൽകിയിട്ടേയില്ല എന്നാണ്  സ്ഥാപനത്തിന്റെ നിലപാട്.

റട്ട്ഗേഴ്സ് സർവകലാശാലയിൽ നിന്നും 2022 ൽ ഗ്ലോബൽ സ്പോർട്സ് ബിസിനസിൽ മാസ്റ്റേഴ്സ് നേടിയ ക്യാമ്റിൻ വിർജീനിയയിലെ ഒരു കോളേജിൽ ചിയർലീഡിങ് കോച്ച് എന്ന പോസ്റ്റിലേയ്ക്ക് ഒഴിവുണ്ടെന്ന് അറിഞ്ഞാണ് അപേക്ഷ സമർപ്പിച്ചത്. ജോലിക്ക് അപേക്ഷിക്കുമ്പോൾ തന്നെ ഫ്ലോറിഡയിൽ നിന്നും താമസം മാറ്റേണ്ടി വരുമെന്നു ക്യാമ്റിന് അറിയാമായിരുന്നു. എന്നാൽ ഈ ജോലി നേടണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നതിനാൽ അവർ അതിന് തയാറുമായിരുന്നു. ജൂൺ മാസത്തിൽ ആദ്യഘട്ട ഇന്റർവ്യൂ നടന്നു. അതിൽ പാസായതോടെ കോളേജിലേയ്ക്കു നേരിട്ടെത്തി രണ്ടാംഘട്ട ഇന്റർവ്യൂവിൽ പങ്കെടുക്കാനായി ഹെഡ് കോച്ചിന്റെ ഇ- മെയിൽ വരികയായിരുന്നു.

അഞ്ചുമണിക്കൂർ നീളുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എത്തുന്നതിലേക്കായി കാർ വരെ സ്ഥാപനം ഒരുക്കി നൽകി. അഭിമുഖങ്ങൾക്കു ശേഷം ക്യാമ്റിനെ ജോലിയിലെടുക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ച് ഹെഡ് കോച്ചിന്റെ അടുത്ത ഇമെയിൽ സന്ദേശവും എത്തി. ഓഗസ്റ്റ് ഒന്നിന് ജോലിയിൽ പ്രവേശിക്കണം എന്നായിരുന്നു നിർദ്ദേശം. കോളേജിലെ ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിനു ക്യാമ്റിനെ കുറിച്ചുള്ള വിവരങ്ങൾ ഇ- മെയിൽ ചെയ്തു കൊടുക്കണമെന്നും ഹെഡ് കോച്ച് ആവശ്യപ്പെട്ടിരുന്നു. 

പിന്നീടിങ്ങോട്ട് നിരന്തരം കോച്ചുമായി ഇ- മെയിൽ വഴി ബന്ധപ്പെട്ടു കൊണ്ടിരുന്ന ക്യാമ്റിൻ ഒടുവിൽ ജോലിയിൽ പ്രവേശിക്കാനായി വിർജീനിയിൽ എത്തി. അവിടെ ഒരു ഹോട്ടലിലാണ് താമസം തയ്യാറാക്കിയിരുന്നത്. സ്വന്തമായി ഒരു താമസസ്ഥലം കണ്ടെത്തുന്നതുവരെ ഹോട്ടലിൽ തങ്ങാനായിരുന്നു നിർദേശം. അങ്ങനെ ഓഗസ്റ്റ് ഒന്നാം തീയതി തന്നെ ക്യാമ്റിൻ ജോലിയിൽ പ്രവേശിച്ചു. ഏഴു ദിവസം ജോലി ചെയ്ത ശേഷം എച്ച് ആറുമായി ബന്ധപ്പെട്ടപ്പോഴാണ് തന്റെ ദുരവസ്ഥ ക്യാമ്റിന് വെളിവായത്. ക്യാമ്റിനെ ഔദ്യോഗികമായി നിയമിച്ചിട്ടില്ലെന്നും അപേക്ഷ ഇപ്പോഴും പരിഗണനാ ലിസ്റ്റിൽ ഉൾപ്പെടുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്നുമായിരുന്നു എച്ച് ആർ നൽകിയ മറുപടി.

ജോലിക്ക് എടുക്കുന്നവരുടെ പശ്ചാത്തലം പരിശോധിക്കുന്ന ഘട്ടത്തിലേയ്ക്ക് പോലും ക്യാമ്റിന്റെ അപേക്ഷ എത്തിയിരുന്നില്ല. ഔദ്യോഗികമായി നിയമിതയാകുമെന്ന പ്രതീക്ഷയോടെ ഏതാനും ദിവസങ്ങൾ കൂടി അവർ കാത്തിരുന്നു. എന്നാൽ മറ്റു ഉദ്യോഗാർത്ഥികളെ പരിഗണിക്കാനാണ് തീരുമാനം എന്ന അറിയിപ്പാണ് ഒടുവിൽ ലഭിച്ചത്. 1500 ഡോളറിന് (1.24 ലക്ഷം രൂപ) മുകളിൽ ചിലവാക്കി ഫ്ലോറിഡയിൽ നിന്നും വിർജീനിയയിൽ എത്തിയ ക്യാമ്റിൻ ഇനി എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലുമായി. തനിക്ക് ചിലവായ തുക മുഴുവൻ തിരികെ നൽകണമെന്നും ഏഴ് ദിവസം ജോലി ചെയ്തതിന്റെ പണം നൽകണമെന്നും ആവശ്യപ്പെട്ട് എച്ച്ആറിന് കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. തന്റെ ദുരവസ്ഥയെക്കുറിച്ച് ക്യാമ്റിൻ തന്നെയാണ് സമൂഹ മാധ്യമ പോസ്റ്റിലൂടെ വെളിവാക്കിയിരിക്കുന്നത്. ജോലിയിൽ പ്രവേശിച്ച ശേഷവും കരാറിൽ ഒപ്പിടുകയോ ഓഫർ ലെറ്റർ ലഭിക്കുകയോ ചെയ്യാതിരുന്നത് കാര്യമാക്കാത്തതാണ് ക്യാമ്റിന് വിനയായത്. ജോലിയും വീടും നഷ്ടപ്പെട്ട് പണമില്ലാതെ നട്ടംതിരിയുന്ന അവസ്ഥയിലായ യുവതിക്ക് ഒടുവിൽ മാതാപിതാക്കളെ തന്നെ ആശ്രയിക്കേണ്ടി വന്നു. വിർജീനിയയിലേയ്ക്ക് എത്തും മുൻപ് ഫ്ലോറിഡയിൽ ചെയ്തിരുന്ന ചെറിയ ജോലി ഏറെ കഷ്ടപ്പെട്ട് തിരികെ നേടാനും സാധിച്ചു. ക്യാമ്റിൻ നേരിട്ട അവസ്ഥകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചകൾ നടന്നിട്ടും വിർജീനിയയിലെ സ്ഥാപനം ഇനിയും ഇതിനോട് പ്രതികരിച്ചിട്ടില്ല.

English Summary:

Woman Moved and Worked for a job, which she never got

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com