ADVERTISEMENT

വീട്ടുചെലവുകൾ കൃത്യമായി നോക്കിയില്ലെങ്കിൽ ആകെ പണിയാവും എന്ന കാര്യത്തിൽ ആർക്കും തർക്കമില്ലല്ലോ. വീട്ടിലൊരു അത്യാവശ്യം വന്നാൽ കയ്യിൽ കാശില്ലെങ്കിൽ എന്തു ചെയ്യും? മുൻകൂട്ടി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും കാശ് സൂക്ഷിക്കാം. വീട്ടമ്മമാർക്ക് എളുപ്പത്തിൽ കാശ് സേവ് ചെയ്യാനുള്ള വഴികൾ ഇതാ. 

ഭക്ഷണം എന്തെന്ന് നേരത്തെ തീരുമാനിക്കാം

പണം അധികം ചെലവാകാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് നേരത്തേകൂട്ടിയുള്ള പ്ലാനിങ്. ഈ ആഴ്ച എന്തൊക്കെയാണ് കുക്ക് ചെയ്യുന്നതെന്ന ഏകദേശ ധാരണ മതി. അതിനനുസരിച്ച് ആവശ്യമായ സാധനങ്ങൾ മാത്രം വാങ്ങിക്കാം. ഒരു ഷോപ്പിങ് ലിസ്റ്റ് ഉണ്ടാക്കി അതിലെഴുതിയിരിക്കുന്ന സാധനങ്ങൾ മാത്രം  വാങ്ങാൻ നിർബന്ധമായും ശ്രദ്ധിക്കണം. തൊട്ടടുത്തിരിക്കുന്ന സാധനം കൂടി വാങ്ങിയേക്കാം എന്നോ, ഇനി എപ്പോഴെങ്കിലും ആവശ്യം വന്നാലോ എന്ന പേരിലോ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് കയ്യിലെ കാശ് പോകാനേ സഹായിക്കൂ.

ബജറ്റ്

വരവ് എത്ര ചെലവ് എത്ര എന്ന കണക്ക് എപ്പോഴും വേണം. കയ്യിലെത്ര കാശ് ബാക്കിയുണ്ടെന്ന് അറിയാതെ ചിലവഴിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നം. ആശുപത്രി, ഗ്യാസ് എന്നിവയുടെ ബില്ലുകൾ, വീട്ടുസാധനങ്ങൾക്ക് ചെലവായത്, ഗതാഗതത്തിനു മുടക്കിയ തുക, ഇതിനു പുറമേ വന്ന ചെലവുകൾ എന്നിവ കൃത്യമായി അറിഞ്ഞ് രേഖപ്പെടുത്തി വയ്ക്കണം. ഇതിനനുസരിച്ച് അടുത്ത മാസത്തെ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പത്തിലാക്കാം, തെറ്റുകൾ ഒഴിവാക്കുകയുമാകാം.

കൂപ്പണുകളും ക്യാഷ്ബാക്കും

ഓഫറുകളും, കൂപ്പണുകളും ഡിസ്കൗണ്ട് കോഡുമെല്ലാം ഉപയോഗപ്പെടുത്തുന്നത് കാശ് ലാഭിക്കാൻ സഹായിക്കും. വീട്ടു സാധനങ്ങൾ വാങ്ങുമ്പോൾ കിട്ടുന്ന കൂപ്പണുകൾ സൂക്ഷിക്കുന്നത് എപ്പോഴും നല്ലതാണ്. 

ഉപയോഗം കുറയ്ക്കുക

ടിവി ഓഫാക്കാതിരിക്കുക, ലൈറ്റും ഫാനും മുറിവിട്ടു പുറത്തു പോയാലും ഓണായിത്തന്നെ ഇരിക്കുക എന്നിവ വൈദ്യുതഉപയോഗം കൂട്ടുകയും സ്വാഭാവികമായും കാശ് കൂടുതൽ ചിലവാകുകയും ചെയ്യും. ഇക്കാര്യം ശ്രദ്ധിക്കുന്നതിനായി കുട്ടികളിൽ ഒരാളെ തന്നെ ഏൽപ്പിക്കുന്നത് ജോലി എളുപ്പമാക്കും. ഉത്തരവാദിത്തബോധം ഉണ്ടാവുമെന്ന കാര്യത്തിൽ സംശയവും വേണ്ട. വീട്ടിൽ എനർജി സേവ് ചെയ്യുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്നതും ഏറെ നല്ലതാണ്.

സ്വന്തമായി ചെയ്യാം

തിരക്കിനിടയിൽ കുറച്ചു സമയം ചെലവഴിക്കാൻ തയാറായാൽ പല കാര്യങ്ങളും വലിയ പണം മുടക്കില്ലാതെ സ്വന്തമായി ചെയ്യാൻ കഴിയും. പത്രവും ചിരട്ടയും പഴയ കുപ്പികളും ഉപയോഗിച്ച് വീട് അലങ്കരിക്കാനുള്ള വസ്തുക്കൾ, ഗാർഡനിങ് പണികൾ എന്നിവ ചെയ്യാം. അല്ലറ ചില്ലറ റിപ്പയറിങ്ങ് ചെയ്യുന്നവരും കുറവല്ല.  ഇതുപോലെ അധിക ചെലവില്ലാതെ നമുക്ക് സാധിച്ചെടുക്കാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ടെൻഷന്‍ മാറ്റി ഒരു ആശ്വസം കണ്ടെത്താനും ഇത് സഹായകമാകും 

ബുദ്ധിപൂർവ്വം ഷോപ്പ് ചെയ്യാം

തുണി, വീട്ടുപകരണം തുടങ്ങിയ സാധനങ്ങൾ വാങ്ങുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. ത്രിഫ്റ്റ് ഷോപ്പിങ് പരീക്ഷിക്കാം. ക്ലിയറന്‍സ് സെയിൽ നടക്കുമ്പോൾ സാധനങ്ങൾ വാങ്ങുന്നതും, സെക്കൻഡ് ഹാൻഡ് ഉപകരണങ്ങൾ വാങ്ങുന്നതും കാശ് ലാഭിക്കാൻ സഹായിക്കും. എന്നാൽ നല്ല ശ്രദ്ധയോടെ വാങ്ങിയില്ലെങ്കിൽ പണി കിട്ടുമെന്നും ഓർക്കണം. പല ഉത്പന്നങ്ങളും ഓൺലൈനിൽ വിലക്കുറവിനു ലഭിക്കാറുണ്ട്. അത്തരത്തിലുള്ള ഷോപ്പിങ്ങും ആകാം. ഒന്നും ചിന്തിക്കാതെ എടുത്തുചാടി വാങ്ങരുതെന്നു മാത്രം.

എമർജൻസി ഫണ്ട്

പലപ്പോഴും പ്രതീക്ഷിക്കാതെ വരുന്ന ചെലവുകളാണ് പ്രശ്നമാകുന്നത്. പെട്ടെന്നു കയ്യിൽ കാശെടുക്കാനില്ലെങ്കിൽ കടം വാങ്ങേണ്ടിയും വരും, അത് ഒരുപക്ഷേ ഭാരിച്ച ഉത്തരവാദിത്തമാവുകയും ചെയ്യും. എന്നാൽ കയ്യിൽ ഒരു തുക സൂക്ഷിച്ചു വച്ചാൽ അത് ഉപകാരപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. എല്ലാ മാസവും കയ്യിൽ വരുന്ന കാശിൽനിന്നും ഒരു ചെറിയ തുക മാറ്റി വയ്ക്കാം. അത്യാവശ്യത്തിനല്ലാതെ ആ കാശ് തൊടില്ലെന്ന് തീരുമാനിക്കുകയും വേണം. മെഡിക്കൽ ബില്ലുകൾക്കും, വീട്ടിലെ അത്യാവശ്യങ്ങൾക്കും ഈ കാശ് ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com