ദേവഗുരുവായിട്ടുള്ള ബൃഹസ്പതിയാണ് വ്യാഴം.
ശ്രേഷ്ഠന്മാരിൽ വച്ച് ഏറ്റവും ശ്രേഷ്ഠനും ആദരണീയനും ജ്ഞാനവും അറിവും ഉള്ളവനും പണ്ഡിതനും ഒക്കെ ആയിട്ടുള്ള വ്യാഴം ലഗ്നം മുതൽ 12 ഭാവങ്ങളിലും നിന്നാൽ എങ്ങനെയായിരിക്കും ജീവിതാനുഭവം എന്നുള്ളത് നോക്കാം.
ലഗ്നത്തിൽ വ്യാഴം ഉള്ള ആളുകൾക്ക് ദീർഘായുസ്സും വേദങ്ങളിലും മറ്റ് ശാസ്ത്രങ്ങളിലും അഗാധമായ അറിവും ധനവും സൗന്ദര്യവും എല്ലാം ഉണ്ടാകുമെന്നാണ് പറയുന്നത്. ഏറ്റവും ശ്രേഷ്ഠനായ ശുഭഗ്രഹം വ്യാഴം തന്നെ. ബുദ്ധിയെ ചിന്തിക്കുക. പുത്രന്മാരെ ചിന്തിക്കുക. ബുദ്ധിയുടെ മറ്റ് തലങ്ങൾ ചിന്തിക്കുക. ഇതൊക്കെ വ്യാഴത്തിന്റെ കൊണ്ടാണ്. ധനത്തിന്റെ ആധിക്യം ഇതൊക്കെ വ്യാഴത്തിന്റെ കൊണ്ട് ചിന്തിക്കാം. അത് പോലെ തന്നെ സർവേശ്വരന്മാരുടെ അനുഗ്രഹവും വ്യാഴത്തെ കൊണ്ട് ചിന്തിക്കാം. വ്യാഴത്തിൽ സർവ ഈശ്വരൻമാരുടെയും അനുഗ്രഹം ഉൾക്കൊള്ളുന്നുണ്ട്.
ലഗ്നത്തിൽ വ്യാഴം ഉള്ള ആളുകൾക്ക് പരിപൂർണ ദൈവാധീന്യമുണ്ടാകും. അവർ എന്ത് കാര്യങ്ങൾ ഉദ്ദേശിച്ചാലും യാതൊരു തടസ്സങ്ങളും കൂടാതെ നടക്കും. കർക്കടക ലഗ്നം , ധനു ലഗ്നം, മീന ലഗ്നം എന്നിവയിൽ ജനിക്കുന്നവർക്ക് വ്യാഴത്തിന്റെ അനുഗ്രഹം കൂടുതൽ ഉണ്ടായിരിക്കും. ലഗ്നത്തിൽ വ്യാഴം വരുന്നവർ പൂർവ ജന്മ സുകൃതികൾ കൂടിയാണ്. പൂർവ ജന്മത്തിൽ ദുരിതങ്ങൾ ഒന്നും ചെയ്തിട്ടില്ല എങ്കിൽ മാത്രമേ ആ പരിപൂർണത ഈശ്വരാനുഗ്രഹത്തിൽ ലഗ്ന ഭാവത്തിൽ വ്യാഴം വരൂ എന്നുള്ളത് മനസ്സിലാക്കുക.
ലഗ്നത്തിൽ ശുഭഗ്രഹമായ വ്യാഴം വന്നാൽ പ്രത്യേകിച്ച് സുഖം, നല്ല സ്ഥിതി ഉണ്ടാവുക, ഇപ്പോഴുള്ള സ്ഥിതിയിൽ നിന്ന് ഉയർച്ച ഉണ്ടാവുക. ജയം ഉണ്ടാവുക, ആരോഗ്യം, സമ്പത്ത്, കീർത്തി, വിശേഷ സ്ഥാനമാനങ്ങൾ ഇവയൊക്കെ ലഭിക്കാം. ലഗ്നത്തിൽ വ്യാഴം വന്നു കഴിഞ്ഞാൽ എല്ലാ കാര്യങ്ങളും നിഷ്പ്രയാസം സാധിച്ചെടുക്കാൻ സാധിക്കും.
രണ്ടാം ഭാവത്തിൽ വ്യാഴം വന്നാൽ
മിതഭാഷിയായിരിക്കും. വാക്കിന് സൗകുമാര്യം ഉള്ള ആളായിരിക്കും. നല്ല വാക്കുകൾ പറഞ്ഞു ആളുകളെ കൂടെ നിർത്തുന്ന ആളായിരിക്കും. ഭക്ഷണ സുഖം, വളരെയധികം ധനം ഉണ്ടാകും. നല്ല കുടുംബം, ദാനശീലം, നല്ല വിദ്യാഭ്യാസം, അറിവ്, പണ്ഡിതൻ രണ്ടിൽ വ്യാഴം വന്നാൽ ഇവയൊക്കെ ഫലം.
മൂന്നിൽ വ്യാഴം വന്നാൽ
ദാരിദ്ര്യം, സ്ത്രീകൾക്ക് അടിമയായി ജീവിക്കേണ്ടതായ അവസ്ഥ, പാപ കർമങ്ങൾ ചെയ്യുക, ദുർബുദ്ധി എന്നിവയാണ് മൂന്നിൽ വ്യാഴം വന്നാലുള്ള ഫലങ്ങൾ.
നാലിൽ വ്യാഴം വന്നാൽ
വാഗ്മിയായിരിക്കും, ധനം, സുഖം, യശസ്സ്, അധികാര ബലം, സൗഭാഗ്യം, അറിവ്, നല്ല കുടുംബം, കൃഷിഭൂമി, വാഹനങ്ങൾ, അഭിവൃദ്ധി എന്നിവയാണ് നാലിൽ വ്യാഴം വന്നാലുള്ള ഫലങ്ങൾ.
അഞ്ചിൽ വ്യാഴം നിന്നാൽ
രാജതന്ത്രം കൈകാര്യം ചെയ്യുന്ന ആളായിരിക്കും. എല്ലാ സൗകര്യങ്ങളോടും കൂടിയ വീട്, പുത്രസൗഭാഗ്യം കുറഞ്ഞിരിക്കുമെങ്കിലും ബാക്കി എല്ലാ കാര്യങ്ങളിലും നല്ല ഫലങ്ങൾ അനുഭവിക്കാൻ സാധിക്കും. ബുദ്ധി, രാജ്യത്തിന്റെ ഭരണചക്രം തിരിക്കാൻ കഴിവുള്ളവരായിരിക്കും. എന്നാൽ അഞ്ചാം ഭാവത്തിലെ വ്യാഴം സന്താനങ്ങളെ സംബന്ധിച്ച് ദുഃഖത്തിന് ഇട വരുത്തുന്ന ആളാണ്.
ആറിൽ വ്യാഴം നിന്നാൽ
കാമത്തിന് അടിപ്പെട്ടവൻ, ശത്രുക്കളെ ജയിച്ചവൻ ഇവയാണ് ആറിൽ വ്യാഴം വന്നാലുള്ള ഫലങ്ങൾ.
ഏഴിൽ വ്യാഴം വന്നാൽ
ധൈര്യശാലി, പതിവ്രത ആയിട്ടുള്ള ഭാര്യ, ദീർഘായുസ്, പിതാവിനേക്കാൾ അധികം ഗുണങ്ങൾ ഉള്ളവൻ, കർക്കടകം, ധനു, മീനം എന്നീ ഭാവങ്ങൾ ഏഴാം ഭാവങ്ങൾ ആയി വന്നു കഴിഞ്ഞാൽ പഞ്ച മഹാ പുരുഷ യോഗങ്ങളിൽ ഹംസയോഗം സിദ്ധിക്കും. ഇവയാണ് ഏഴിൽ വ്യാഴം വന്നാലുള്ള ഫലങ്ങൾ.
എട്ടിൽ വ്യാഴം വന്നാൽ
ബുദ്ധിമാനും, നീച കർമങ്ങൾ ചെയ്യുന്നവനായും, തൊഴിലിൽ അഭിവൃദ്ധി കുറവ്, ദീർഘായുസ്, കൂർമ്മബുദ്ധി, ദൈവാധീനം കുറയും ഇവയാണ് എട്ടിൽ വ്യാഴം വന്നാലുള്ള ഫലങ്ങൾ.
ഒൻപതിൽ വ്യാഴം വന്നാൽ
ജ്ഞാനി, ധർമ്മിഷ്ഠൻ, മന്ത്രി സ്ഥാനം ലഭിക്കും. അറിവ്, ദാനധർമ്മങ്ങളിൽ താത്പര്യം, പൂർവ ജന്മ സുകൃതികളായിരിക്കും, ദയ, സത്സന്താനങ്ങൾ, രഹസ്യ മന്ത്രസിദ്ധി ഉള്ളവരായിരിക്കും
പത്തിൽ വ്യാഴം വന്നാൽ
ധനം, ധർമകാര്യങ്ങളിൽ താല്പര്യം, വിദ്യാനിപുണന്മാരായിരിക്കും, സമ്പത്ത്, ഗൃഹോപകരണങ്ങൾ, നല്ല വീട്, ലക്ഷ്മീ കടാക്ഷം, അഭിവൃദ്ധി എന്നിവ ഉള്ളവരായിരിക്കും. കർക്കടകം, ധനു, മീനം എന്നീ ലഗ്നങ്ങളിൽ വ്യാഴം പത്താം ഭാവത്തിൽ വന്നാൽ രാജയോഗമായ ഹംസയോഗം കാണുന്നു. ഇവയാണ് പത്തിൽ വ്യാഴം വന്നാലുള്ള ഫലങ്ങൾ.
പതിനൊന്നിൽ വ്യാഴം വന്നാൽ
പ്രശസ്തി, ധനം, കൂർമ്മ ബുദ്ധി ഇവ കാണുന്നു. പതിനൊന്ന് ലാഭസ്ഥാനമാണ്. എല്ലാവിധത്തിലുമുള്ള ഐശ്വര്യം ലഭിക്കും. ഇവയാണ് പതിനൊന്നിൽ വ്യാഴം വന്നാലുള്ള ഫലങ്ങൾ.
പന്ത്രണ്ടിൽ വ്യാഴം വന്നാൽ
ദൈന്യം, പാപകർമങ്ങളിൽ താല്പര്യമുള്ളവനും, ചപലനായും, ദുർബുദ്ധിയായും, അംഗവൈകല്യമുള്ളവനായും ഭവിക്കും. ബുദ്ധിക്കുറവ്, സംസാരവൈകല്യം, അമിത ദുർവ്യയം ഇവ കാണുന്നു. പൂർവ ജന്മത്തിൽ ചെയ്ത കർമത്തിന്റെ ഫലമായിട്ടായിരിക്കാം പന്ത്രണ്ടിൽ വ്യാഴം വരുന്നത്. ഇവയാണ് പന്ത്രണ്ടിൽ വ്യാഴം വന്നാലുള്ള ഫലങ്ങൾ.
English Summary : Jupiter Position in Horoscope