ജാതക പരിശോധന സമയത്ത് ജ്യോത്സ്യന്മാർ ആണ് സാധാരണയായി ഭാഗ്യരത്നം ധരിക്കുന്നത് ജാതകദോഷങ്ങൾ മാറാൻ ഗുണപ്രദമാണ് എന്ന് അറിയിക്കുന്നത്. ജാതകത്തിലെ അനുകൂലഭാവസ്ഥരായ ഗ്രഹങ്ങൾക്ക് ഉണ്ടാകുന്ന ദോഷത്തിന്റെ ശമനത്തിനായാണ് ഭാഗ്യരത്നം ധരിക്കാൻ ആധുനിക ജ്യോതിഷരത്നശാസ്ത്രം ഉപദേശിക്കുന്നത്. അതായത് ഒരാൾ ജനിച്ച സമയത്തെ ലഗ്നരാശിയുടെ അടിസ്ഥാനത്തിൽ ലഗ്നാധിപൻ, 5–ാം ഭാവാധിപൻ, 9–ാം ഭാവാധിപൻ കൂടാതെ ലഗ്നാധിപന്റെ നൈസർഗ്ഗിക മിത്രഗ്രഹങ്ങളുടെ രത്നങ്ങളും ധരിക്കാം.
ഉദാഹരണം മേടലഗ്നത്തിൽ ജനിച്ച ഒരു വ്യക്തിക്ക് ചുവന്ന പവിഴം (ഒന്നാംഭാവം), മാണിക്യം (അഞ്ചാം ഭാവം), മഞ്ഞ പുഷ്യരാഗം (ഒൻപതാം ഭാവം) എന്നീ രത്നങ്ങൾ മോതിരമായിട്ടോ, ലോക്കറ്റായിട്ടോ ധരിക്കാം. കൂടാതെ ലഗ്നാധിപന്റെ മിത്രഗ്രഹമായ 4–ാം ഭാവാധിപന്റെ (ചന്ദ്രന്റെ) രത്നവും ധരിക്കാം. ഈ രീതിയാണ് ശാസ്ത്രീയമായി ഭൂരിപക്ഷം ജ്യോതിഷ പണ്ഡിതരും ഇപ്പോൾ അംഗീകരിച്ച് വരുന്നത്. ഈ രീതിയിൽ രത്നം നിർണ്ണയിക്കാൻ, ജാതകന്റെ ജനന തീയതി, ജനിച്ച സമയം, ജനിച്ച സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ജാതക ഗ്രഹനില തയ്യാറാക്കി നവഗ്രഹങ്ങളും ബലാബലം, മൗഢ്യം, വക്രം, നീചത്വം, ഉച്ചത്വം, യോഗസ്ഥിതി, ഷഢ് വർഗ്ഗ ബലം എന്നിവ പഠിച്ച് അതിൻപ്രകാരം ലഗ്നാധിപയോഗ കാരക ലഗ്നാധിപമിത്ര എന്ന രീതിയിൽ രത്നം ധരിച്ചാൽ വളരെയധികം സത്ഫലങ്ങൾ ലഭിക്കും.
ജനന സംബന്ധമായ വിവരങ്ങൾ ലഭ്യമല്ലാത്തവർക്ക് നവരത്ന മോതിരം ധരിക്കാം. അതിന് കഴിയില്ലെങ്കിൽ മറ്റ് രീതികളിൽ പരീക്ഷണാടിസ്ഥാനത്തിൽ നോക്കാം. ജന്മനക്ഷത്ര പ്രകാരമോ, സംഖ്യാശാസ്ത്രപ്രകാരമോ, ദശാകാല പ്രകാരമോ രത്നം നിർണ്ണയിച്ച് ധരിക്കുന്നതാവും നല്ലത്. മനുഷ്യന്റെ പ്രശ്നങ്ങൾക്കും രോഗങ്ങള്‍ക്കും പ്രതിവിധിയായി പൗരാണിക ശാസ്ത്രം ഉപദേശിക്കുന്നത് മണി(രത്നം), മന്ത്രം, ഔഷധം, ബലി, ദാനം എന്നിവയാണ്. ബലി എന്നാൽ ദേവത/ദേവന്റെ/ മൂർത്തിയുടെ ഇഷ്ട പ്രകാരം ഉള്ള ഭക്ഷണം എന്ന അർഥത്തിൽ എടുത്താൽ മതി. രോഗവിഷയത്തിൽ ഒന്നാമത് ഔഷധി, രണ്ട് മന്ത്രം, മൂന്ന് രത്നം (മണി) എന്ന രീതിയാണ് അഭികാമ്യം. രത്നങ്ങൾ ധരിച്ച് രോഗ ശാന്തി വരുത്തുന്ന രീതിയെ ജെം തെറപ്പി അഥവാ രത്ന ചികിത്സ എന്ന് പറയുന്നു.
ലേഖകൻ
ആർ. സഞ്ജീവ് കുമാർPGA
ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ
ലുലു അപ്പാർട്ട്മെന്റ്, തൈക്കാട് പി.ഒ
തിരുവനന്തപുരം 695014
ഫോൺ: 8078908087, 9526480571
E-mail : jyothisgems@gmail.com