പ്രായം കൂടിക്കോട്ടേ.... പേടിക്കേണ്ട കാര്യമില്ല! ജീവിതത്തെ കൂടുതൽ പ്രായോഗികമായി സമീപിക്കാം

Mail This Article
മനുഷ്യരുടെ ജീവിതത്തിൽ ഓരോ കാലഘട്ടത്തിനും ഓരോ സവിശേഷതകളാണ്. നിറങ്ങൾ പെയ്തിറങ്ങുന്ന കൗമാരം, സാഹസികതകളുടെയും നേട്ടങ്ങളുടെയും യുവത്വം, പക്വതയുടെ ഗഹനപാഠങ്ങൾ പഠിക്കുന്ന മധ്യവയസ്സ്, ഒടുവിൽ വാർധക്യം. ഓരോ പ്രായത്തിനും ഓരോ പാഠങ്ങൾ നമ്മെ പഠിപ്പിക്കാനുണ്ട്. പക്ഷേ പ്രായത്തിന്‌റെ മുന്നോട്ടുപോക്കിനെ നമ്മളിൽ പലരും പേടിക്കുന്നുണ്ട്. കോളജ് പഠനം കഴിഞ്ഞാൽ പിന്നെ ഭൂരിഭാഗം പേർക്കും ജോലിയാണ് ലക്ഷ്യം. ജോലി തേടിക്കഴിഞ്ഞാൽ ആദ്യകാലത്ത് വളരെ രസമാണ്. ശമ്പളമായി പണം ലഭിച്ചുതുടങ്ങും. ഇഷ്ടമുള്ളതൊക്കെ വാങ്ങാം. ഇഷ്ടമുള്ളിടത്തൊക്കെ പോകാം. രക്ഷിതാക്കളെ അങ്ങനെയങ്ങ് ആശ്രയിക്കേണ്ട. സ്വതന്ത്രജീവിതം.
എന്നാൽ കാലക്രമേണ ജീവിതം കൂടുതൽ ബോറിങ്ങായി മാറും. ജോലി, വീട്, കുടുംബകാര്യങ്ങൾ എന്നിങ്ങനെയായി മാറും പലരുടെയും ജീവിതം. കോളജ് കാലയളവിൽ ധാരാളം സുഹൃത്തുക്കളും സമ്പർക്കങ്ങളുമുള്ളവർ ധാരാളമുണ്ട്. അന്യോന്യം സംസാരിക്കാൻ വിഷയങ്ങളുമേറെ.ഗോസിപ്പുകൾ മുതൽ പുതിയ വണ്ടികൾ, സിനിമാക്കാര്യങ്ങൾ അങ്ങനെ എന്തെല്ലാമെന്തെല്ലാം കാര്യങ്ങൾ. ഹോസ്റ്റൽ റൂമിന്‌റെ സുരക്ഷിതത്വത്തിൽ ഭാവിയെക്കുറിച്ച് വേവലാതിയൊന്നുമില്ലാതെ എന്തെല്ലാം ചർച്ചകൾ. എന്നാൽ കോളജ് കാലം കഴിഞ്ഞാൽ പിന്നെ ആ രസച്ചരട് അങ്ങ് പൊട്ടും.ജോലിയുടെ തിരക്കുകൾക്കിടയിൽ രക്ഷിതാക്കളെ വിളിക്കാൻ പോലും സമയമില്ല. ഒരു സിനിമ കാണാൻ പോലും കൂട്ടുവരാൻ ആളില്ല. ഒറ്റപ്പെടലും അരക്ഷിതാവസ്ഥയുമൊക്കെ പതിയെ ജീവിതത്തിന്‌റെ പടിവാതിൽ കടന്നുവരും. ഇതോടൊപ്പം തന്നെ പ്രായമേറുന്നതിന്‌റെ ആശങ്കകൾ, ജോലിയുടെ ടെൻഷൻ. ഇക്കാലയളവിലുണ്ടാകുന്ന സൗഹൃദം പോലും യഥാർഥമാണോയെന്ന് പലർക്കും സംശയമാണ്.
നാൽപതു വയസ്സ് പിന്നിട്ടാൽ ഇത്തരം കാര്യങ്ങൾ തീവ്രമാകാം. പുതിയ പിള്ളേർക്കിടയിൽ താനംഗീകരിക്കപ്പെടുന്നുണ്ടോയെന്നു പോലും സംശയം തോന്നാം. മിഡ്‌ലൈഫ് ക്രൈസിസ് എന്നറിയപ്പെടുന്ന പ്രതിസന്ധിയും ജീവിതത്തിൽ ഉടലെടുക്കാം. എല്ലാക്കാലത്തും മനുഷ്യർക്ക് ജീവിതമുണ്ടെന്ന് മനസ്സിലാക്കുകയാണ് ഇതിനുള്ള പ്രധാന പരിഹാരങ്ങളിലൊന്ന്. പക്ഷേ ഓരോ കാലത്തും ഓരോ രീതിയാകും ജീവിതത്തിന്. അതു മനസ്സിലാക്കിയില്ലെങ്കിൽ വിഷാദം വിട്ടുമാറില്ല. കൗമാരത്തിന്‌റെ സാഹസികമായ ഊർജമായിരിക്കില്ല യുവത്വത്തിൽ. ചിന്തകളും പ്രവൃത്തികളുമൊക്കെ മയപ്പെടും. അതു സ്വാഭാവികമാണ്. ജീവിതത്തോടു കൂടുതൽ സമരസപ്പെട്ട കാഴ്ചപ്പാടാകും മധ്യവയസ്സിൽ.
ജീവിതത്തിന്റെ മുൻകാലങ്ങളിൽ നമ്മൾ ഇ്ഷ്ടപ്പെട്ടിരുന്ന പല കാര്യങ്ങളും ഇപ്പോൾ എൻജോയ് ചെയ്യാൻ പറ്റാറില്ല എന്നു ചിലർ വിഷമത്തോടെ പറയാറുണ്ട്. ഇതിലും വലിയ അദ്ഭുതമോ അസ്വാഭാവികതയോ ഇല്ല. കുട്ടിക്കാലത്ത് എല്ലാ ടീമുകളുടെയും ക്രിക്കറ്റ് മത്സരങ്ങൾ കണ്ടവർക്ക് ചിലപ്പോൾ യൗവനത്തിൽ ക്രിക്കറ്റ് കളിക്കാരുടെ ആരുടെയും പേരറിയണമെന്നില്ല. ജീവിതം മു്‌ന്നോട്ടുപോകുന്നതനുസരിച്ച് ടേസ്റ്റുകൾ മാറും. ഒരിക്കലും ചിന്തിക്കാതിരുന്ന കാര്യങ്ങൾ താൽപര്യങ്ങളായി കൂടെക്കൂടും. ഇതൊക്കെ അംഗീകരിക്കുക.
പ്രായം കൂടുന്നതിനനുസരിച്ച് പുതിയ കാര്യങ്ങൾ പഠിക്കണം. നഷ്ടപ്പെട്ടുപോയ ഒരു കാലം തിരിച്ചുപിടിക്കാൻ ശ്രമിക്കാതെ ജീവിതത്തെ കൂടുതൽ പ്രായോഗികമായി സമീപിക്കുക. നല്ല പുസ്തകങ്ങൾ വായിക്കാം, ഹോബികൾ കണ്ടെത്താം. അർഥവത്തായ ബന്ധങ്ങളും സൗഹൃദങ്ങളും സ്ഥാപിച്ച് അതു പരിപാലിക്കുക. ആത്മീയ, സന്നദ്ധ സംഘടനകളിലും പ്രസ്ഥാനങ്ങളിലും അംഗമാകുന്നതും പ്രവർത്തിക്കുന്നതും ജീവിതത്തിനു കൂടുതൽ ദിശാബോധം നൽകും.എപ്പോഴും ഒഴുകുന്ന ഒരു പുഴയാണ് ജീവിതമെന്ന് മനസ്സിലാക്കുക. അതങ്ങു മുന്നോട്ട് ഒഴുകിക്കോട്ടെ. പ്രായം ഒരിക്കലും അതിനൊരു തടയണയാകരുത്.