മറ്റുള്ളവരുടെ വിജയങ്ങൾ അംഗീകരിക്കാനുള്ള മനസ്സുണ്ടോ! എങ്കിൽ നിങ്ങൾ വിജയിച്ചുകഴിഞ്ഞു

Mail This Article
ഇന്ത്യയുടെ ബഹിരാകാശ തിലകക്കുറിയായ ഐഎസ്ആർഒയുടെ ഏറ്റവും പ്രതിഭാധനരായ നായകരിലൊരാളായിരുന്നു പ്രഫസർ സതീഷ് ധവാൻ. വിവിധ വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവും കറതീർന്ന വ്യക്തിത്വവും പുലർത്തിയ ധവാൻ ഐഎസ്ആർഒയിലെ വിവിധ തലമുറകളിൽപെട്ട അംഗങ്ങൾക്ക് ഇന്നുമൊരു കെടാവിളക്കാണ്.
ഇന്ത്യക്കാർ ഒരുപാട് സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന മുൻ പ്രസിഡന്റ് എപിജെ അബ്ദുൽ കലാം സതീഷ് ധവാനൊപ്പമുള്ള ഒരനുഭവം സ്മരിച്ചിട്ടുണ്ട്. 1979ലായിരുന്നു അത്. ധവാൻ അന്ന് ഐഎസ്ആർഒ മേധാവിയാണ്. കലാം ഒരു റോക്കറ്റ് വിക്ഷേപണ ദൗത്യത്തിന്റെ ഡയറക്ടറും. നിർഭാഗ്യവശാൽ ആ ദൗത്യം പരാജയപ്പെട്ടു. ആ പരാജയത്തിന്റെ സകല ഉത്തരവാദിത്തവും ഏറ്റെടുത്തത് ധവാനാണ്. വിമർശനങ്ങളുടെ കൂരമ്പുകൾക്കിടയിലേക്ക് കലാമിനെയും സംഘത്തെയും അദ്ദേഹം ഇട്ടുകൊടുത്തില്ല.
പിന്നീട് വീണ്ടുമൊരു ദൗത്യം നടക്കുകയും വിക്ഷേപണം വിജയമാകുകയും ചെയ്തു. അപ്പോൾ അധികം ഇടപെടാൻ നിൽക്കാതെ ആ വിജയത്തിന്റെ ഉത്തരവാദികളായി അബ്ദുൽ കലാമിനെയും സംഘത്തെയും ധവാൻ അംഗീകരിച്ചു. ഇതാണ് മികച്ച ഒരു വ്യക്തിത്വത്തിന്റെ ഏറ്റവും വലിയ അടയാളം. മറ്റുള്ളവരുടെ പ്രയത്‌നത്തെയും നേട്ടത്തെയും അംഗീകരിക്കാനുള്ള കഴിവ്. എന്നാൽ ഇന്നത്തെ ലോകം കിടമാത്സര്യത്തിന്റെ വേദിയാണ്. ജീവിതത്തിൽ പോലും പ്രഫഷനലിസം പിടിമുറുക്കിയിരിക്കുന്നു. മറ്റൊരാളിന്റെ നേട്ടത്തെക്കുറിച്ചോ അയാളുടെ പ്രവർത്തനങ്ങളെക്കുറിച്ചോ ചിന്തിക്കാനോ ചോദിക്കാനോ മനസ്സിലാക്കാനോ നമുക്ക് നേരമില്ല, മനസ്സുമില്ല.
എല്ലാ മനുഷ്യരും സർവസംഗപരിത്യാഗികളല്ല. സാധാരണ മനുഷ്യർ ആഗ്രഹിക്കുന്ന ഒന്നാണ് അംഗീകാരം. തന്റെ പ്രവർത്തനം അംഗീകരിക്കപ്പെടുകയെന്നത് പലരെയും സന്തോഷിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന കാര്യമാണ്. നമ്മുടെ സഹപ്രവർത്തകരോ പരിചയമുള്ളവരോ വിജയം നേടുമ്പോൾ അവരെ അംഗീകരിക്കാൻ പിശുക്ക് കാട്ടരുത്. നേരിട്ടു കണ്ടോ ഫോണിൽ വിളിച്ചോ അഭിനന്ദനം അറിയിക്കുകയും ശുഭാശംസകൾ നേരുകയും ചെയ്യാം. തങ്ങളെ അഭിനന്ദിക്കുന്നവർക്ക് ആളുകൾ എപ്പോഴും ഹൃദയത്തിലൊരിടം മാറ്റിവയ്ക്കാറുണ്ട്. പലപ്പോഴും ഒരു വ്യക്തിയുടെ ഉയർച്ചയിൽ അഭിനന്ദനങ്ങൾ വലിയ ഒരു സ്ഥാനം വഹിക്കാറുണ്ടെന്നു കാണാം. മഹായോദ്ധാവായ കർണൻ വിജയങ്ങൾ നേടിയിട്ടുപോലും ഒരംഗീകാരം അദ്ദേഹത്തിനു ലഭിച്ചില്ല. അസ്ത്രങ്ങൾ മഴ പോലെ പെയ്യിക്കാനറിയാവുന്ന ആ യോദ്ധാവിൽ പോലും ഒരു അരക്ഷിതബോധം ഉണ്ടാക്കാൻ അംഗീകാരങ്ങളുടെ അഭാവം വഴിവച്ചെന്ന് മഹാഭാരതം വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും.
പിൽക്കാലത്ത് ദുര്യോധനനാണ് കർണന് അംഗീകാരവുമായി എത്തുന്നത്. മനസ്സുകൊണ്ട് ധർമിയായിട്ടുപോലും ദുര്യോധനപ്പടയിൽ കർണൻ എത്തിപ്പെടുന്നത് അങ്ങനെയാണ്. യുദ്ധത്തിൽ നിന്നു പിൻമാറണമെന്ന ആവശ്യമുണ്ടായപ്പോൾ അതു പറ്റില്ലെന്നു പറഞ്ഞ് കർണൻ ദുര്യോധനനൊപ്പം നിലകൊള്ളുന്നതു കാണാം. തന്നെ അംഗീകരിക്കാൻ മനസ്സു കാട്ടിയ സുഹൃത്തിനോടുള്ള കടപ്പാടാണ് ആ വീരയോദ്ധാവ് കൈക്കൊണ്ടത്. അംഗീകാരങ്ങളുടെയും അഭിനന്ദങ്ങളുടെയും ശക്തി അതാണ്. ചിലർ, പ്രത്യേകിച്ച് ചില രക്ഷിതാക്കൾ മക്കളുടെയും മറ്റും നേട്ടങ്ങളിൽ അഭിമാനചിത്തരാകുമെങ്കിലും അതു പ്രകടിപ്പിക്കില്ല. അങ്ങനെ ചെയ്യുന്നത് കൊണ്ട് ആർക്കെന്തു ഗുണം? രക്ഷിതാക്കളിൽ നിന്നുള്ള അംഗീകാരമാണ് പലരും ഏറ്റവും വിലയുള്ളതായി കണക്കാക്കുന്നത്. അതിനാൽ മക്കളുടെ നേട്ടങ്ങളിൽ അവരെ ഹൃദയപൂർവം അഭിനന്ദിക്കാൻ മടിക്കരുത്. മക്കളുടെയുള്ളിൽ ഒരു മാർഗദീപമായി അതു നിങ്ങളെ മാറ്റും.
അഭിനന്ദനങ്ങളുടെ വിപരീതമാണ് വിമർശനങ്ങൾ. ഇവ സൂക്ഷിച്ചുപയോഗിക്കേണ്ടവയാണ്. അഭിനന്ദനങ്ങളിൽ വലിയ പിശുക്കുകാട്ടുന്ന പലരും വിമർശനങ്ങളുടെ കാര്യത്തിൽ അതു കാട്ടാറില്ലെന്നു കാണാം. ആളുകളെ ഒറ്റയ്ക്കും കൂട്ടംകൂടിയും വിമർശിക്കാൻ പലർക്കും നല്ല രസമാണ്. പരദൂഷണവും നെഗറ്റീവായ വിമർശനവും വലിയ അപകടകാരികളാണ്. ഒരു വ്യക്തിയെ എന്നെന്നേക്കുമായി തകർത്തുകളയാൻ തെറ്റായ വിമർശനങ്ങൾക്കു കഴിയും. അതു വ്യക്തിഹത്യയാണ്, തെറ്റാണ്, അപരാധവുമാണ്. ഇതിനർഥം വിമർശനങ്ങൾ വേണ്ടെന്നല്ല. അങ്ങനെയൊരു സ്ഥിതി ഒരിക്കലും പ്രായോഗികവുമല്ല. ഒരു വ്യക്തിയെ തകർക്കാതെ, കുറ്റപ്പെടുത്താതെ, പോരായ്മകൾ ചൂണ്ടിക്കാട്ടിയാകണം വിമർശനം. നന്നായി അഭിനന്ദിക്കാൻ മടിയില്ലാത്ത, ആരോഗ്യപരമായി വിമർശിക്കാൻ അറിയാവുന്ന ഒരാൾക്ക് സമൂഹം സ്‌നേഹവും ബഹുമാനവും നൽകും. ഒട്ടേറെ പേർക്കതൊരു പ്രചോദനവുമാകും.