ADVERTISEMENT

ഒരു സുഹൃത്തിന് പനി വന്നു. തലവേദനയും ശ്വാസതടസ്സവും ചില്ലറ ബുദ്ധിമുട്ടുകളുമൊക്കെ ഉണ്ടായി. കക്ഷി നേരെ ഗൂഗിളിൽ പോയി രോഗലക്ഷണങ്ങൾ അടിച്ചുകൊടുത്തു. ബ്രെയിൻ ട്യൂമർ മുതൽ ശ്വാസകോശാർബുദം വരെയുള്ള പല ഘടാഘടിയൻ രോഗങ്ങളും ഡോക്ടർ ഗൂഗിൾ സജസ്റ്റ് ചെയ്തു. അതോടെ സുഹൃത്ത് ആകെ തകർന്നു. ഭക്ഷണവും ഉറക്കവും ഇല്ലാതായി. ജീവിതത്തിൽനിന്നു സന്തോഷം പൂർണമായി പോയിമറഞ്ഞു. പിന്നെ ഏതുനേരവും ചിന്ത രോഗത്തെക്കുറിച്ചും അതിന്റെ ഗുരുതര പ്രതിസന്ധികളെക്കുറിച്ചുമായി. ആശ്വാസം കണ്ടെത്താനായി കൂടുതൽ കൂടുതൽ ഗൂഗിൾ ചെയ്തു. ഗൂഗിൾ കൂടുതൽ കൂടുതൽ രോഗങ്ങൾ പറഞ്ഞുകൊടുത്തു. ആശങ്ക ഇരട്ടിയായി. ഇതൊരു വൃത്തം പോലെ തുടർന്നു. ഒടുവിൽ പല ആശുപത്രികളിലേക്കും ഓട്ടമായി. അതൊരു ചെറിയ മൂക്കിൽപനിയാണെന്നും മരുന്നുപോലും കഴിക്കേണ്ട കാര്യമില്ലെന്നുമൊക്കെ ഡോക്ടർമാർ ആശ്വസിപ്പിച്ചെങ്കിലും സുഹൃത്തിന് വിശ്വാസമായതേയില്ല. പോകുന്ന വഴിക്കൊക്കെ മനസ്സ് ഇങ്ങനെ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു. നീ ഡോക്ടർമാർ പറയുന്നത് വിശ്വസിക്കേണ്ട, നിനക്ക് ബ്രെയിൻ ട്യൂമർ തന്നെയാണ് കേട്ടോ. ഒടുവിൽ കൗൺസലിങ്ങിനൊക്കെ പോയാണ് ആള് ശരിയായത്.

യൂറോപ്യൻ തത്വചിന്തയെ മാറ്റിമറിച്ചയാളായിരുന്നു റെനി ഡെക്കാർട്. തന്റെ പ്രതിഭ കൊണ്ട് കാലങ്ങളോളം ചിന്തകൻമാരെ ജ്വലിപ്പിച്ച മഹാമനുഷ്യൻ. തന്റെ തത്വചിന്തയുടെ ആദ്യ സിദ്ധാന്തമായി അദ്ദേഹം പറഞ്ഞത്, ഞാൻ ചിന്തിക്കുന്നു, അതിനാൽ ഞാനിവിടെയിരിക്കുന്നു എന്നാണ്. ചിന്തയാണ് മനുഷ്യരെ മറ്റു മൃഗങ്ങളിൽനിന്നു വ്യത്യസ്തനാക്കുന്നത്. ഓരോ മനുഷ്യനും ഓരോ ദിനവും ധാരാളം ചിന്തിച്ചുകൂട്ടുന്നുണ്ട്. ഇതിൽ ചിലതു നല്ല കാര്യങ്ങളും ഭൂരിഭാഗവും ചീത്തകാര്യങ്ങളുമായിരിക്കും. മനസ്സ് ആണവായുധത്തേക്കാൾ ശക്തമാണ്. ഒരാളെ നന്നാക്കാനോ നശിപ്പിക്കാനോ മനസ്സിനു കഴിയും. ലോകത്ത് ക്രിയാത്മക കാര്യങ്ങൾ നടപ്പാക്കാനും അതേസമയം തന്നെ വിനാശകരമായ പ്രവർത്തനങ്ങൾ അഴിച്ചുവിടാനും മനസ്സുകൾക്ക് കഴിയും. മനസ്സിന്റെ ശക്തി നമ്മൾ ചിന്തിക്കുന്നതിനുമപ്പുറമാണ്. എന്നാൽ മനസ്സ് കടിഞ്ഞാൺ നഷ്ടപ്പെട്ട് നമ്മെ ഭരിക്കാൻ തുടങ്ങിയാൽ വിവേകം അപ്രത്യക്ഷമാകും. പ്രശ്‌നങ്ങളുടെ ഘോഷയാത്രയാകും പിന്നീട് നമ്മെ കാത്തിരിക്കുന്നത്.

ഭാരതത്തിലെ ആത്മീയധാരകളെല്ലാം തന്നെ മനസ്സിന്റെ നിയന്ത്രണത്തിനു വലിയ പ്രാധാന്യം നൽകിയിരുന്നു. ധ്യാനം പോലുള്ള ഉപാധികൾ ഏകാഗ്രതയ്ക്കും മനോനിയന്ത്രണത്തിനും വേണ്ടിയുള്ളതാണ്. ധ്യാനത്തിന് ഇന്ത്യൻ തത്വചിന്തയുമായി വലിയ ബന്ധമുണ്ട്. മനസ്സിനെ ജയിച്ചവൻ ലോകത്തെ ജയിച്ചെന്ന് ആചാര്യൻമാർ വിശ്വസിച്ചിരുന്നു. മോക്ഷമാർഗം തേടിയുള്ള മനുഷ്യന്റെ യാത്രയ്ക്ക് മനോനിയന്ത്രണം അടിസ്ഥാനമാണെന്ന് അവർ പറഞ്ഞു. അർജുന വിഷാദയോഗം മഹാഭാരതത്തിലെ ഒരു ഘട്ടമാണ്. യുദ്ധമെന്ന പ്രതീക്ഷിക്കാത്ത വിധിയെ നേരിടേണ്ടിവരുന്ന അർജുനൻ മനസ്സ് തളർന്ന് തേർത്തട്ടിൽ വീഴുന്നു. പൂർണമായും മനസ്സിന്റെ കളികൾക്ക് വശംവദനാകുന്ന ആ മഹായോദ്ധാവ് ഒരു കുട്ടിയെപ്പോലെ പകച്ചുപോകുന്ന ദൃശ്യം കുരുക്ഷേത്ര യുദ്ധത്തിൽ കാണാം. ശരീരം കൊണ്ടും അഭ്യാസം കൊണ്ടുമൊക്കെ അർജുനൻ കരുത്തിന്റെ പര്യായമാണ്. പക്ഷേ എന്തെല്ലാമുണ്ടെങ്കിലും മനസ്സു ശരിയല്ലെങ്കിൽ എന്തു ചെയ്യും. ഒടുവിൽ ഗീതോപദേശം കേട്ടുണരുന്ന അർജുനൻ ദൃഢചിത്തനായി മാറി വില്ല് കയ്യിലെടുക്കുന്നതും കാണാം.

ഇന്നത്തെ കാലത്ത് മാനസികാരോഗ്യത്തിനു വലിയ പ്രാധാന്യം കൽപിക്കപ്പെടുന്നുണ്ട്. എന്നാൽ മാനസിക പ്രശ്‌നങ്ങളും വർധിച്ചുവരികയാണെന്നു കാണാം. ആശങ്ക മുതൽ സമ്മർദ്ദം വരെ മനസ്സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അനുഭവിക്കാത്തവർ വളരെ കുറവാണെന്നു തന്നെ പറയാം. ഇതിനുള്ള പ്രധാനപ്പെട്ട കാരണം മനസ്സിനെ മനസ്സിലാക്കാനോ അതിന് അതിർവരമ്പുകൾ നിശ്ചയിക്കാനോ നാം ശീലിക്കുന്നില്ല എന്നതാണ്. നിർഭാഗ്യവശാൽ കായിക വിദ്യാഭ്യാസത്തിനു കൊടുക്കുന്ന പ്രാധാന്യം മാനസികപരിശീലനത്തിന് ഇല്ല.
പക്ഷേ സ്വയം നമുക്ക് മനസ്സിനെ പരിശീലിപ്പിക്കാൻ സാധിക്കും.

അതിസമ്മർദത്തിന്റെ കാലത്താണ് നാം ജീവിക്കുന്നത്. എല്ലായിടത്തും മനുഷ്യർ എന്തിനോ വേണ്ടിയുള്ള നെട്ടോട്ടമാണ്. പരസ്പരമുള്ള താരതമ്യപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളുമൊക്കെ പൂർവാധികം ശക്തമാണ്. സ്വയം കേന്ദ്രീകൃതമായ ചിന്തകളും പ്രവർത്തനങ്ങളുമാണ് ഇപ്പോൾ കൂടുതലും. പലയാളുകളും തങ്ങളുടെ ചുറ്റും മതിലുകൾ പണിത് അതിൽ ഒറ്റയ്ക്കിരിക്കുകയാണ്. ഈയവസരത്തിൽ ധ്യാനം പോലെയും മാനസികപരിശീലനം പോലെയുമുള്ള ഉപാധികൾക്ക് പ്രസക്തിയേറെയുണ്ട്. ഇത്തരംനിരന്തര പരിശീലനങ്ങളിലൂടെ മനസ്സ് ശക്തിപ്പെടുകയും നമ്മുടെ പല പ്രശ്‌നങ്ങൾക്കും പരിഹാരമാകുകയും ചെയ്യും.

English Summary:

Essential Techniques to Control Anxiety and Stress Before It Controls You

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com