കളപ്പുരയിലെ രഹസ്യങ്ങൾ; നിശ്ശബ്ദതയുടെ മൂല്യം
Mail This Article
നിശ്ശബ്ദതയുടെ മൂല്യത്തെക്കുറിച്ച് മനോഹരമായൊരു കഥയുണ്ട്. ഒരു കർഷകൻ സ്വന്തം കളപ്പുരയിൽ ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ധാന്യവും വൈക്കോലുമൊക്കെയായി കളപ്പുര ആകെ അലങ്കോലം. പെട്ടെന്നാണ് അദ്ദേഹം ഒരു കാര്യം കണ്ടെത്തിയത്: തന്റെ വിലപിടിച്ച വാച്ച് നഷ്ടപ്പെട്ടുപോയിരിക്കുന്നു. കർഷകനു വളരെ പ്രിയപ്പെട്ട വാച്ചായിരുന്നു അത്. അദ്ദേഹം ആകെ സങ്കടത്തിലായി. ആരോടും മിണ്ടാതെ കളപ്പുര മുഴുവൻ അദ്ദേഹം അരിച്ചുപെറുക്കി. പക്ഷേ, വാച്ച് കിട്ടിയില്ല. അപ്പോഴാണ് കളപ്പുരയ്ക്കു പുറത്തു കളിക്കുന്ന ഒരുപറ്റം കുട്ടികളെ അദ്ദേഹം ശ്രദ്ധിച്ചത്. കർഷകൻ അവരോടു പറഞ്ഞു: എന്റെ വാച്ച് ഇവിടെയെവിടെയോ കളഞ്ഞുപോയി. അതു തിരഞ്ഞു കണ്ടുപിടിക്കുന്നയാളിന് നല്ലൊരു സമ്മാനം തരും.
കുട്ടികൾ കളപ്പുരയിൽ കയറി അവിടമാകെ ഉഴുതുമറിച്ചു. വാച്ച് കിട്ടിയില്ലെന്നു മാത്രമല്ല കുട്ടികളൊക്കെ ക്ഷീണിക്കുകയും ചെയ്തു. കർഷകനു പ്രതീക്ഷ നശിച്ചു; ഇനി വാച്ച് കിട്ടാൻ പോകുന്നില്ല എന്ന് അദ്ദേഹം തീരുമാനിച്ചു. നിരാശനായി കളപ്പുരയുടെ വാതിലടയ്ക്കാൻ തുടങ്ങുമ്പോഴാണ് ഒരു കൊച്ചുകുട്ടി വന്നു പറഞ്ഞത്: എനിക്ക് ഒരവസരംകൂടി തരാമോ? ഞാനൊന്നു നോക്കാം. വാച്ച് അത്രയേറെ പ്രിയപ്പെട്ടതായതിനാൽ അവസാന ശ്രമവും ഉപേക്ഷിക്കേണ്ടതില്ല എന്ന് അദ്ദേഹം തീരുമാനിച്ചു; കുട്ടിക്ക് അനുവാദം നൽകി, അദ്ദേഹം കളപ്പുരയ്ക്കു വെളിയിൽ കാത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കുട്ടി പുറത്തു വന്നു; കയ്യിൽ ദാ, വാച്ച്. കർഷകന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.
നീ എങ്ങനെ ഇതു കണ്ടുപിടിച്ചു എന്നായി കർഷകന്റെ ചോദ്യം. കുട്ടി പറഞ്ഞു: അടച്ചിട്ട കളപ്പുരയിൽ ഞാൻ തനിച്ചിരുന്നു. അവിടെയങ്ങും ഒരനക്കവുമില്ല. സമ്പൂർണ നിശ്ശബ്ദത. ഞാൻ സൂക്ഷ്മമായി കാതോർത്തപ്പോൾ അതാ, ആ നിശ്ശബ്ദതയിൽ എവിടെയോ വാച്ചിന്റെ നേർത്ത ടിക്–ടിക് ശബ്ദം. ആ ശബ്ദത്തിന്റെ ഉറവിടം അന്വേഷിച്ചു, ഞാൻ. അങ്ങനെ വാച്ച് കണ്ടെത്തി. വാഗ്ദാനം ചെയ്തിരുന്നതുപോലെ കുട്ടിക്കു കർഷകൻ നല്ലൊരു സമ്മാനം നൽകുകയും ചെയ്തു. വളരെച്ചെറിയ ശബ്ദത്തിനു വിലയുണ്ടാകുന്നത് നിശ്ശബ്ദതയിലാണല്ലോ എന്ന് കർഷകനോർത്തു; നമുക്കും ഓർക്കാം. നിശ്ശബ്ദത തെറ്റുകൾ ചെയ്യുന്നില്ല എന്ന ഫ്രഞ്ച് പഴമൊഴി ശബ്ദമുണ്ടാക്കാതെ ഇവിടെ ചേർത്തുവയ്ക്കട്ടെ.