ഋഗ്വേദത്തിൽ രേഖപ്പെടുത്തിയ മഹായുദ്ധം: ദശരജന്യ അഥവാ പത്ത് രാജാക്കൻമാരുടെ യുദ്ധം
Mail This Article
വേദകാലഘട്ടത്തിലെ സമൂഹം യോദ്ധാക്കളുടേതും രാജാക്കൻമാരുടേതും കൂടിയായിരുന്നു. രഥങ്ങളും അസ്ത്രശസ്ത്രങ്ങളും വാളുകളുമൊക്കെ യോദ്ധാക്കൾ ഉപയോഗിച്ചു. ഇന്ദ്രനും അഗ്നിയും വരുണനുമൊക്കെയായിരുന്നു പ്രധാന ആരാധനാ ദേവകൾ. അക്കാലത്ത് സ്വാധീനമുള്ള ഭാരതഗോത്രത്തിലെ തൃസ്തു വംശത്തിലെ രാജാവായ സുദാസും പത്തുരാജാക്കൻമാരുടെ ഒരു കൂട്ടുസൈന്യവുമായാണ് ‘പത്തുരാജാക്കൻമാരുടെ യുദ്ധം’ നടന്നത്. പുരു, യദു, മത്സ്യ, അനു, ദ്രുഹ്യു, ഭലാന, അലിന, വിഷാനിൻ, സിവ തുടങ്ങിയ ഗോത്രങ്ങൾ ഉൾപ്പെടെയായിരുന്നു സുദാസിനെ എതിർത്തത്.
ഏറ്റവും ശക്തരായ പുരുവംശമായിരുന്നു കൂട്ടായ്മയെ നയിച്ചത്. സുദാസ് അംഗമായ ഭാരതഗോത്രവും ഒരു കാലത്ത് പുരുവംശത്തിൽ ഉൾപ്പെട്ടതായിരുന്നെങ്കിലും പിന്നീട് വഴിപിരിഞ്ഞു. എന്തുകൊണ്ടാണ് ഈ യുദ്ധം നടന്നതെന്ന് കൃത്യമായ സൂചനകളില്ല. എന്നാൽ രാജ്യ വിസ്തൃതി വർധിപ്പിക്കാനുള്ള സുദാസിന്റെ ശ്രമങ്ങളാണു യുദ്ധത്തിനു കാരണമായി പറയപ്പെടുന്നത്. സുദാസിനെ എതിരിട്ടുനിർത്തേണ്ടത് ആവശ്യമെന്നു തോന്നിയതിനാൽ മറ്റു ഗോത്രവിഭാഗങ്ങൾ അദ്ദേഹത്തിനെതിരെ സംഘടിച്ചു. അന്നത്തെ കാലഘട്ടത്തിൽ നദികൾ വളരെ പ്രാധാന്യമുള്ളവയാണ്. നദികൾ നിയന്ത്രിക്കാനായായിരുന്നു സുദാസിന്റെ മുന്നേറ്റമെന്നും പറയുന്നവരുണ്ട്.
തീവ്രമായ യുദ്ധമായിരുന്നത്രേ പരുഷ്ണി നദിക്കരയിൽ നടന്നത്. അങ്ങോട്ടുമിങ്ങോട്ടും സൈനികർ പോരാടി. വാൾച്ചുഴറ്റലുകളുടെയും ആർത്തനാദങ്ങളുടെയും ശബ്ദം യുദ്ധഭൂമിയിൽ ഉയർന്നു. ഒടുവിൽ പത്തുഗോത്രങ്ങളെയും തോൽപിച്ച് സുദാസിന്റെ ഭാരതഗോത്രം വിജയതിലകം തൊട്ടു. ഈ യുദ്ധത്തിന്റെ രണ്ടാംഭാഗം മറ്റൊരു നദിക്കരയിലായിരുന്നു. യമുനാനദിയുടെ കരയിൽ. അവിടെ യക്ഷു, അജ, സിഗ്ര ഗോത്രങ്ങളെയും സുദാസ് പരാജയപ്പെടുത്തി. ഇതോടെ ഇന്നത്തെ പഞ്ചാബ് ഉൾപ്പെടുന്ന പുരു ഭൂമികൾ സുദാസിന്റെ കൈവശമായി. പിൽക്കാലത്ത് ഭാരത, പുരു ഗോത്രങ്ങൾ സംയോജിക്കപ്പെടുകയും കുരുവംശമായി ഇതു മാറുകയും ചെയ്തു. മഹാഭാരതത്തിലൂടെയും മറ്റും ചിരപരിചിതമായ പ്രാചീന ഗോത്രമായി കുരുവംശം മാറി.
ഇന്ത്യൻ ഐതിഹ്യങ്ങളിലെ ശ്രദ്ധേയമായ യുദ്ധമായ ദശരജന്യ യുദ്ധത്തിലെ നായകനായ സുദാസിനെക്കുറിച്ച് വലിയ വിവരങ്ങൾ ഇല്ല. വസിഷ്ഠ മഹർഷിയായിരുന്നു അദ്ദേഹത്തിന്റെ ഗുരുവെന്ന് വേദത്തിലുണ്ട്. ഋഗ്വേദത്തിൽ പരാമർശിക്കപ്പെടുന്ന രാജാവായ ദിവോദാസനാണ് സുദാസിന്റെ പിതാവെന്നു കരുതപ്പെടുന്നു. പിജവാന എന്ന മറ്റൊരു പേരും ദിവോദാസനുണ്ടായിരുന്നു. സുദേവി എന്ന റാണിയായിരുന്നത്രേ സുദാസിന്റെ പത്നി.