ADVERTISEMENT

ഇത് ഒരേ സമയം ഒരു കഴുതക്കഥയും ഒരു ഫരാരിക്കഥയുമാണ്. ഫരാരി വളരെ വിലകൂടിയ കാറാണെന്ന് വായനക്കാർക്കറിയാമല്ലോ. ഏറ്റവും കുറഞ്ഞ മോഡലിനുതന്നെ ഇന്ത്യയിൽ മൂന്നേമുക്കാൽ കോടിയിലേറെ വിലവരും. ഒരിക്കൽ ഒരു കഴുതയുടെ കാലുളുക്കിയതിൽനിന്നാണ് കഥ തുടങ്ങുന്നത്. കഴുതയുടെ ഉടമ വലിയ ധനികനായിരുന്നു. വിലകൂടിയ കാറുകളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

കാലുളുക്കിയ കഴുതയെ ഒരു ഫരാരിക്കാറിൽ അദ്ദേഹം മൃഗാശുപത്രിയിലേക്കു കൊണ്ടുപോയി. കഴുതയെ എങ്ങനെ കാറിൽ കയറ്റി എന്നു ചോദിക്കരുത്. കഥയിൽ ചോദ്യമില്ല; കഴുതക്കഥയിൽ തീരെയില്ല. കഴുതയുമായുള്ള യാത്രയിൽ കാറൊന്നു കഴുകണമെന്ന് ഉടമയ്ക്കു തോന്നി. അടുത്തു കണ്ട കാർ വാഷ് ശാലയിൽ ഫരാരി കയറ്റി. ഒരുപക്ഷേ, ആ വർക്‌ഷോപ്പിൽ മുൻപൊരിക്കലും ഒരു ഫരാരി കഴുകിയിട്ടുണ്ടാവില്ല. അതുകൊണ്ടാവാം, അവിടത്തെ ജോലിക്കാർക്കു സന്തോഷവും അത്ഭുതവുമായി.

കാറിന്റെ ഭംഗി നോക്കി ജോലിക്കാർ അന്തംവിട്ടു; കമന്റുകൾ പാസാക്കി: ഒന്നാംതരം ബോഡി; എന്താ ഒരു നിറം! കേട്ടപ്പോൾ കഴുതയ്ക്കു സന്തോഷം; അഭിമാനം. കഴുതയൊരു ആഹ്ളാദശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. ഫരാരി സ്റ്റാർട്ട് ചെയ്തപ്പോൾ എൻജിൻ മുരളുന്ന താളാത്മകമായ ശബ്ദം. കാർ സ്റ്റാർട്ട് ചെയ്തത് കഴുത കണ്ടില്ല. എന്നാൽ ജോലിക്കാർ തമ്മിൽത്തമ്മിൽ പറയുന്നതു കേൾക്കുകയും ചെയ്തു: എത്ര മനോഹരമായ ശബ്ദം! അതു തന്റെ ശബ്ദത്തെപ്പറ്റിയാണെന്നു വിചാരിച്ച് കഴുത കൂടുതൽ സന്തോഷിച്ചു.

പിന്നീടു കഴുതയുമായി ഫരാരി മൃഗാശുപത്രിയിലേക്കു പോയി. പരിശോധനകൾ കഴിഞ്ഞ് പഴയ തൊഴുത്തിലേക്കുതന്നെ കൊണ്ടുപോയത് കഴുതയ്ക്കു തീരെ ഇഷ്ടപ്പെട്ടില്ല; അതും ചെളി നിറഞ്ഞ വഴിയിലൂടെ. കഴുത ആകെ നിരാശയിലായി. കാർ കഴുകുന്നിടത്തെ ജോലിക്കാർക്കു വിവരമുണ്ടായിരുന്നല്ലോ എന്നു കഴുത വിചാരിച്ചു; ഇവിടെയൊരാളും എന്നെ തിരിച്ചറിയുന്നില്ല; നല്ലതു പറയുന്നില്ല. വാക്കുകൾ എല്ലാ ചെവിയിലും വീഴുന്നത് ഒരേ സൂചനയോടെയല്ല. പറയുന്നവർക്കും കേൾക്കുന്നവർക്കുമിടയിൽ വാക്കുകളുടെ അർഥം ചോർന്നുപോകാം. അഭിനന്ദനം മുതൽ അനുശോചനം വരെ ഇതു ബാധകമാണുതാനും.

English Summary:

The Story of the Donkey and Ferrari Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com