ആൽമരപ്പഴത്തിൽ ഒളിഞ്ഞിരുന്ന മഹാരഹസ്യം; തത്വമസിയെന്ന മഹാവാക്യം പിറന്ന കഥ
Mail This Article
ശബരിമല സന്നിധാനമെന്നു മനസ്സിലോർക്കുമ്പോൾ ആദ്യം തെളിയുക ക്ഷേത്രത്തിനു മുൻപിൽ എഴുതിയിരിക്കുന്ന ഒരു വചനമാണ്. തത്വമസി എന്ന വാക്യം. മലയാളത്തിൽ ഇതിനർഥം 'അതു നീയാകുന്നു' എന്നാണ്. ഉപനിഷത്തുകളിൽ പറയുന്ന 4 മഹാവാക്യങ്ങളിൽ ഒന്നാണ് തത്വമസി. മഹത്തായ സന്ദേശം എന്നാണ് മഹാവാക്യങ്ങളുടെ അർഥം. ഇന്ത്യൻ ദാർശനികതയിലെ ഗംഭീര ചിന്താപദ്ധതിയായ അദ്വൈത വേദാന്തത്തിന്റെ തൂണുകളിലൊന്ന് ഈ വാക്യമാണ്. ഛാന്ദോഗ്യ ഉപനിഷത്തിലാണ് തത്വമസിയെന്ന മഹാവാക്യം. വേറെയും 3 മഹാവാക്യങ്ങൾ കൂടി ഉപനിഷത്തുകളിൽ നിന്നു ലോകത്തിനു മുന്നിലെത്തി. അഹം ബ്രഹ്‌മാസ്മി അഥവാ ഞാൻ ബ്രഹ്‌മമാകുന്നു എന്ന വാക്യം ബൃഹദാരണ്യക ഉപനിഷത്തിലേതാണ്. പ്രജ്ഞാനം ബ്രഹ്‌മ അഥവാ ബ്രഹ്‌മം പരമാർഥമാകുന്നു എന്ന മഹാവാക്യം ഐതരേയ ഉപനിഷത്ത് മുന്നോട്ടുവയ്ക്കുന്നു. അയം ആത്മ ബ്രഹ്‌മം അഥവാ ഉള്ളിൽ വസിക്കുന്ന ജീവാത്മൻ ബ്രഹ്‌മത്തിനു തുല്യമെന്ന മഹാവാക്യം മാണ്ഡൂക്യ ഉപനിഷത്തിലേതാണ്. പല നൂറ്റാണ്ടുകളായി പല സന്ന്യാസിമാരും ആചാര്യൻമാരും ബ്രഹ്‌മത്തിന്റെ പൊരുൾ തേടി അലയുന്നു, അവരുടെ കണ്ഠനാളത്തിലുണരുന്ന വചനങ്ങളായി മഹാവാക്യങ്ങൾ പരിലസിക്കുന്നു.
തത്വമസിയെന്ന മഹാവാക്യത്തിന്റെ ജനനവുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്. ഉപനിഷത്തുകളിലെ ഏറ്റവും വലിയ ആചാര്യൻമാരിലൊരാളായ അരുണി മഹർഷിയുമായി ബന്ധപ്പെട്ടാണ് ഈ കഥ. അരുണി മഹർഷിയുടെ മകനായിരുന്നു ശ്വേതകേതു. അദ്ദേഹത്തിനു 12 വയസ്സായിരുന്നപ്പോൾ അരുണി മഹർഷി ശ്വേതകേതുവിനെ വിദ്യാഭ്യാസത്തിനായി ഒരു ഗുരുവിനരികിൽ അയച്ചു. നീണ്ട പന്ത്രണ്ടു വർഷങ്ങൾ വിദ്യ അഭ്യസിച്ച ശേഷം ഇരുപത്തിനാലാം വയസ്സിലാണ് ശ്വേതകേതു തിരികെയെത്തിയത്. വേദങ്ങളെല്ലാം അഭ്യസിച്ച ശേഷം ശ്വേതകേതു തിരികെ വീട്ടിലെത്തി. എല്ലാം പഠിച്ചെന്ന മനോവിചാരത്തോടെയായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ്. എന്നാൽ തിരികെയെത്തിയ സത്യകേതുവിനോട് പിതാവ് അരുണി മഹർഷി ഒരു ചോദ്യം ചോദിച്ചു- കേൾക്കാൻ പറ്റാത്ത കാര്യം കേൾക്കാനും മനസ്സിലാവാത്ത കാര്യം മനസ്സിലാക്കാനും അറിയാനാകാത്ത കാര്യം അറിയാനുമുള്ള ജ്ഞാനം നിനക്കുണ്ടോ എന്നതായിരുന്നു അത്. ആ ജ്ഞാനം തനിക്കില്ലെന്ന് ശ്വേതകേതു മറുപടി പറഞ്ഞു. അങ്ങനെയൊരു വിദ്യ തന്നെ ആരും പഠിപ്പിച്ചില്ലെന്നും അത് തന്റെ ഗുരുവിന് അറിയാൻ സാധ്യതയില്ലെങ്കിലും തനിക്കത് പഠിപ്പിച്ചു തരണമെന്നും ശ്വേതകേതു പിതാവിനോട് ആവശ്യപ്പെട്ടു. പുത്രന്റെ ആവശ്യം അരുണി അംഗീകരിച്ചു. ആൽമരത്തിന്റെ ഒരു പഴം എടുത്തുകൊണ്ടുവരാൻ അരുണി ശ്വേതകേതുവിനോട് പറഞ്ഞു. ശ്വേതകേതു അപ്രകാരം ചെയ്തു.
ഇനിയതു മുറിക്കാനായിരുന്നു അരുണിയുടെ നിർദേശം. സത്യകേതു അതു മുറിച്ചപ്പോൾ, എന്താണു കാണുന്നതെന്ന് അരുണി ചോദിച്ചു. ആൽമരത്തിന്റെ ചെറിയ വിത്തുകൾ പഴത്തിനുള്ളിൽ കാണുന്നെന്നു ശ്വേതകേതു മറുപടി പറഞ്ഞു. ആ വിത്തെടുത്തു പൊട്ടിക്കാൻ അരുണി പറഞ്ഞു. ശ്വേതകേതു അതുപോലെ ചെയ്തു. ഇപ്പോഴെന്താണു കാണുന്നതെന്ന് അരുണി ചോദിച്ചു. ഒന്നും കാണുന്നില്ലെന്നായിരുന്നു ശ്വേതകേതുവിന്റെ മറുപടി. ഒരു വമ്പൻ ആൽമരമായി വളരാനുള്ള ജീവാംശം ആ വിത്തിലുണ്ടെന്നും നേർക്കാഴ്ചയിൽ കാണാനൊക്കാത്ത ആ തത്വം മനസ്സിലാക്കണമെന്നും അരുണി മകനെ ഉപദേശിച്ചു. അടുത്ത പരീക്ഷണം ഉപ്പു കൊണ്ടായിരുന്നു. ഒരു പിടി ഉപ്പ് ശ്വേതകേതുവിന് കൊടുത്തശേഷം അതു വെള്ളത്തിൽ ഇടാൻ അരുണി ആവശ്യപ്പെട്ടു. അപ്രകാരം ശ്വേതകേതു ചെയ്തപ്പോൾ ഉപ്പ് വെള്ളത്തിൽ കലർന്ന് അപ്രത്യക്ഷമായി. ഉപ്പെവിടെയെന്ന അരുണിയുടെ ചോദ്യത്തിനു കാൺമാനില്ലെന്നായിരുന്നു ശ്വേതകേതുവിന്റെ ഉത്തരം. എന്നാൽ ആ വെള്ളം രുചിക്കൂ എന്ന് അരുണി ആവശ്യപ്പെട്ടു. വെള്ളം രുചിച്ചപ്പോൾ ഉപ്പുരസം ശ്വേതകേതുവിന്റെ നാവിലുണ്ടായി. വെള്ളത്തിൽ ഉപ്പുണ്ടെന്നു ശ്വേതകേതു അച്ഛനോട് പറഞ്ഞു. ഇതുതന്നെയാണ് നിന്നോടും പറയാനുള്ളതെന്നായിരുന്നു അരുണിയുടെ മറുപടി. എങ്ങും പ്രത്യക്ഷപ്പെടാതെ, എന്നാൽ എല്ലാത്തിലും നിറയുന്ന ആത്മാംശമെന്ന തത്വമായിരുന്നു അരുണി മകനെ പഠിപ്പിച്ചത്. അതു നീ തന്നെയാണ് അഥവാ തത്വമസിയെന്ന വാക്യം അദ്ദേഹം ശ്വേതകേതുവിനോട് പറഞ്ഞു.