ADVERTISEMENT

ബുദ്ധമതത്തിന്റെ ഒരു ധാരയായി ചൈനയിൽ രൂപപ്പെട്ടതാണ് സെൻ ബുദ്ധിസം. അതു പക്ഷേ, പടർന്നുപന്തലിച്ചത് ജപ്പാനിലാണ്. ബുദ്ധമതം ക്ഷയിച്ചപ്പോൾ സെൻ തത്വചിന്ത ഒരു ജീവിത ദർശനമായി വേറിട്ടു വളർന്നു. സെൻ എന്ന പദം ജാപ്പനീസ് ഭാഷയിൽനിന്നാണ്. ധ്യാനമാണ് സെൻ ചിന്തയുടെ കാതൽ.ജീവിതാനുഭവങ്ങളെ അവയുടെ തനിമയിൽ സ്വീകരിക്കുക എന്നതാണ് സെൻ മാർഗത്തിന്റെ രത്നച്ചുരുക്കം. അതുവഴി വ്യഥകളും ഉൽക്കണ്ഠകളും ഇല്ലാതാവും എന്നു സെൻ പഠിപ്പിക്കുന്നു.

ഒരു സെൻ കർഷകന്റെ കഥ പറയട്ടെ: കർഷകനു പ്രിയപ്പെട്ട ഒരു കുതിരയുണ്ടായിരുന്നു. കൃഷികാര്യങ്ങളിൽ വലിയ സഹായമായിരുന്നു കുതിര. പുറത്തേക്കിറങ്ങുമ്പോൾ കുതിരപ്പുറത്തു പോകാം. കൃഷിയുപകരണങ്ങൾ കൊണ്ടുപോകാനും കുതിര മതി. അങ്ങനെ പല പ്രയോജനങ്ങൾ. ഒരുദിവസം പെട്ടെന്ന് ഈ കുതിരയെ കാണാതായി. അയൽക്കാരെല്ലാം ഓടിയെത്തി. കഷ്ടം എന്ന് അവർ കൂട്ടമായിപ്പറഞ്ഞു, ഭാഗ്യക്കേട് എന്നു നിരീക്ഷിച്ചു. അപ്പോൾ കർഷകൻ പറഞ്ഞു:ഭാഗ്യമോ നിർഭാഗ്യമോ – ആർക്കറിയാം?

ആ തത്വചിന്ത പക്ഷേ, നാട്ടുകാർക്കു മനസ്സിലായില്ല. കുതിരയെ നഷ്ടപ്പെട്ട കർഷകനു തലതിരിഞ്ഞുപോയെന്ന് അവർ കരുതി. കുറെ ദിവസം കഴിഞ്ഞൊരുനാൾ പാടത്തു പണിയിലേർപ്പെട്ടിരിക്കുമ്പോൾ കർഷകൻ കാണുന്നത് പുറപ്പെട്ടുപോയ കുതിര ഓടിവരുന്നതാണ്. അതുമാത്രമല്ല അത്ഭുതം; കുതിരയുടെ കൂടെ വേറെയും കുറെയേറെ കുതിരകൾ. കർഷകൻ എണ്ണി നോക്കി; ആകെ കുതിരകൾ പത്ത്. അയൽക്കാർ ഓടിയെത്തി; കർഷകനെ അഭിനന്ദിച്ചു. ഇതാണ് ഭാഗ്യം. അപ്പോഴും കർഷകൻ പറഞ്ഞു: ഭാഗ്യമോ നിർഭാഗ്യമോ – ആർക്കറിയാം?

വിദ്യാഭ്യാസത്തിനായി ദൂരെയായിരുന്ന കർഷകന്റെ മകൻ ഏതാനും ആഴ്ച കഴിഞ്ഞപ്പോൾ അവധിക്കു വന്നു; കൃഷികാര്യങ്ങളിൽ പിതാവിനെ സഹായിക്കാൻ ചെറുപ്പക്കാരനും രംഗത്തിറങ്ങി.അവൻ കുതിരപ്പുറത്തു കയറാൻ ശ്രമിക്കുമ്പോൾ പക്ഷേ, വീണു കാലൊടിഞ്ഞു. അയൽക്കാർ അനുഭാവവുമായി ഓടിയെത്തി; കഷ്ടം, നിർഭാഗ്യമെന്നല്ലാതെ എന്തു പറയാൻ? കർഷകന്റെ മറുപടി പഴയതുതന്നെ: ഭാഗ്യമോ നിർഭാഗ്യമോ – ആർക്കറിയാം?

ഒരു മാസം കഴിഞ്ഞിട്ടും മകന്റെ ഒടിഞ്ഞ കാൽ ശരിയായില്ല. പയ്യനു നടക്കാൻ വയ്യ; സ്വന്തം കാര്യങ്ങൾതന്നെ നോക്കാൻ വയ്യ. അങ്ങനെയിരിക്കെയാണ് ആരോഗ്യവാന്മാരായ ചെറുപ്പക്കാരെല്ലാം പട്ടാളത്തിൽ ചേരണമെന്ന നിയമം വന്നത്. യുവാക്കളെയെല്ലാം പട്ടാളത്തിൽ ചേർക്കാൻ ഓഫിസർമാർ വീടുതോറും കയറിയിറങ്ങാൻ തുടങ്ങി. അവർ കർഷകന്റെ വീട്ടിലും എത്തി. മകൻ കാലൊടിഞ്ഞു കിടക്കുകയാണെന്ന് അയാൾ അറിയിച്ചു.

ഓഫിസർമാർ നോക്കി; ശരിയാണ്. പയ്യൻ കിടപ്പിലാണ്. കാൽ ഉടനെയെങ്ങും ശരിയാകുന്ന ലക്ഷണവുമില്ല. ഇവനെ ഇപ്പോൾ പട്ടാളത്തിലെടുത്തിട്ടു കാര്യമില്ല. ഓഫിസർമാർ സ്ഥലം വിട്ടപ്പോൾ അയൽക്കാർ ന്യായങ്ങളുമായി ഓടിയെത്തി: കാലൊടിഞ്ഞതു നന്നായി. പട്ടാളത്തിൽ ചേരാതെ മകൻ രക്ഷപ്പെട്ടല്ലോ; ഭാഗ്യം. അപ്പോഴും കർഷകൻ അതുതന്നെ പറഞ്ഞു: ഭാഗ്യമോ നിർഭാഗ്യമോ – ആർക്കറിയാം? ഇന്നത്തെ ഭാഗ്യം നാളത്തെ നിർഭാഗ്യമാകാം; മറിച്ചും സംഭവിക്കാം.

English Summary:

Good luck, bad luck who knows? The Story of the Zen Farmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com