ADVERTISEMENT

ദക്ഷിണേന്ത്യയിൽ കർണാടക തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പുണ്യസ്ഥലമാണ് ഉഡുപ്പി. ദ്വൈത ദർശനത്തിന്റെ മഹാഗുരുക്കൻമാരിലൊരാളായ മാധവാചാര്യൻ സ്ഥാപിച്ചതാണ് ഈ ക്ഷേത്രം. ഉഡുപ്പി ഇന്ത്യ മുഴുവൻ പ്രശസ്തമാണ്. സസ്യാഹാരത്തിൽ അധിഷ്ഠിതവും വളരെ സ്വാദിഷ്ഠവുമായ ഉഡുപ്പി പാചകരീതിയാണ് ഇതിനു കാരണം. ഇന്ത്യയിലെ വൻനഗരങ്ങളിൽ മിക്കതിലും ഉഡുപ്പി ഹോട്ടലുകളുടെ സാന്നിധ്യമുണ്ട്. വളരെ കൗതുകരമായ ഒരു കഥ ഉഡുപ്പിയെക്കുറിച്ചുണ്ട്. ഇന്ത്യയുടെ പ്രാചീന ഇതിഹാസമായ മഹാഭാരതവുമായി ബന്ധപ്പെട്ടാണ് ഇത്.

കുരുവംശത്തിലെ പടലപിണക്കങ്ങൾ കുരുക്ഷേത്ര ഭൂമിയിലേക്കു നീങ്ങുന്ന കാഴ്ചയാണ് മഹാഭാരതം കാട്ടിത്തരുന്നത്. കേവലമൊരു കുടുംബപ്രശ്‌നമോ അധികാരത്തർക്കമോ ആയി അവസാനിക്കുന്നില്ല ഈ പ്രശ്‌നം. ഘോരമായൊരു യുദ്ധത്തിലേക്കാണു സഹോദരൻമാരായ പാണ്ഡവരും കൗരവരും നീങ്ങിയത്. ഇത് അവരുടെ മാത്രം യുദ്ധമല്ലായിരുന്നു. അന്നത്തെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രസിദ്ധരായ രാജാക്കന്മാരും യുദ്ധപ്രഭുക്കളും വീരസൈനികനായകരുമൊക്കെ ഇരുപക്ഷങ്ങളിലേതിലെങ്കിലും ചേർന്നു യുദ്ധത്തിനായി അണിനിരന്നു.

ഭീഷ്മർ, ദ്രോണർ, കർണൻ തുടങ്ങിയ മഹായോദ്ധാക്കൾ കൗരവപ്പടയിലെ തിലകങ്ങൾ മാതിരി നിലകൊണ്ടു. മാദ്ര രാജ്യത്തിലെ ശല്യർ, ഉത്തരപാഞ്ചാലത്തിലെ അശ്വത്ഥാമൻ, സിന്ധു സൗവീര രാജ്യത്തെ ജയദ്രഥൻ, കലിംഗത്തിലെ ചിത്രാംഗദൻ, പ്രാഗ്‌ജ്യോതിഷത്തിലെ ഭഗദത്തൻ, കാംബോജത്തിലെ സുദക്ഷിണൻ തുടങ്ങി പ്രശസ്തരായ രാജാക്കന്മാർ കൗരവപക്ഷത്തുണ്ടായിരുന്നു. ദ്വാപരയുഗത്തിൽ അവതാരോദ്ദേശ്യം പൂർത്തിയാക്കാനായി പിറന്ന ഭഗവാൻ ശ്രീകൃഷ്ണന്റെ സാന്നിധ്യമായിരുന്നു പാണ്ഡവപക്ഷത്തിന്റെ കാതൽ. ആയുധമെടുക്കില്ലെന്ന് ശപഥമെടുത്ത ശ്രീകൃഷ്ണൻ പാണ്ഡവപ്പടയോടുള്ള തന്റെ ആഭിമുഖ്യം വ്യക്തമാക്കി. എന്നാൽ ശ്രീകൃഷണന്റെ നിയന്ത്രണത്തിലുള്ള ദ്വാരകയിലെ പ്രശസ്ത സൈന്യമായ നാരായണി സേന കൗരവപക്ഷത്താണ് അണിനിരന്നത്. ദുര്യോധനനും ശ്രീകൃഷ്ണനും തമ്മിലുള്ള ഉടമ്പടിപ്രകാരമായിരുന്നു ഇത്.

Image3
Image Credit: This image was generated using Midjourney

അങ്ങനെ ഉപഭൂഖണ്ഡത്തിലെ പല രാജാക്കന്മാരും ഇരുപക്ഷത്തിലേതിലെങ്കിലും ചേർന്നപ്പോൾ ചിലർ തീർത്തും നിഷ്പക്ഷരായി നില കൊണ്ടു. ഉദാഹരണം ശ്രീകൃഷ്ണ സോദരനായിരുന്ന ബലരാമനായിരുന്നു. കൗരവ പക്ഷത്തെ ദുര്യോധനനും പാണ്ഡവരിലെ ഭീമനും ബലരാമന്റെ പ്രിയപ്പെട്ട വിദ്യാർഥികളായിരുന്നു. ഗദായുദ്ധമാണ് അവർ ബലരാമനിൽനിന്ന് അഭ്യസിച്ചത്. അതിനാൽ യുദ്ധം വന്നപ്പോൾ, തന്റെ ഇരു വിദ്യാർഥികളും രണ്ടുപക്ഷത്തായുള്ളതിനാൽ താൻ അതിൽ അണിചേരുകയില്ലെന്ന് ബലരാമൻ പ്രഖ്യാപിച്ചു.

എന്നാൽ യുദ്ധത്തിന്റെ ഭാഗമായിരുന്നിട്ടും നിഷ്പക്ഷനായി ഇരുന്ന ഒരാളുണ്ട്. അയാളാണ് ഉഡുപ്പിയിലെ രാജാവ്. യുദ്ധം ആസന്നമായ സമയത്ത്, താൻ യുദ്ധത്തിൽ പങ്കെടുക്കുന്നതിനേക്കാൾ, യുദ്ധത്തിലേർപ്പെടുന്ന സൈനികർക്ക് ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്യാൻ ആഗ്രഹിക്കുന്നെന്ന് ഉഡുപ്പിയിലെ രാജാവ് ശ്രീകൃഷ്ണനെ കണ്ടുപറഞ്ഞു. അങ്ങനെയാകട്ടെ എന്നായിരുന്നു ശ്രീകൃഷ്ണന്റെ മറുപടി. പടയിൽ ഭക്ഷണം വിളമ്പുന്നത് ഒരു പ്രധാന കാര്യമാണ്. എന്നാൽ അതത്ര ലളിതമായ കാര്യവുമല്ല. ഭക്ഷണത്തിന്റെ അളവാണ് പ്രശ്‌നം. എല്ലാവർക്കും ഭക്ഷണം തികയണം. എന്നാൽ വലിയ രീതിയിൽ ഭക്ഷണം പാഴായി പോകാനും പാടില്ല. അതായിരുന്നു പ്രശ്‌നം.

യുദ്ധമാണ്. എല്ലാദിവസവും മരണങ്ങൾ നടക്കും. ആയിരങ്ങളും പതിനായിരങ്ങളും ഒരുമിച്ചു കൊല്ലപ്പെടാം. അതിനാൽത്തന്നെ എത്ര അളവിൽ ഭക്ഷണമുണ്ടാക്കണമെന്നത് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാൽ ഉഡുപ്പി രാജാവ് എല്ലാം ഭംഗിയായി ചെയ്തു. മഹാഭാരതയുദ്ധം 18 ദിവസം നീണ്ടു നിന്നു. ആ കാലയളവിലെല്ലാം യുദ്ധത്തിൽ പങ്കെടുത്തവർക്ക് മതിയാവോളം ഭക്ഷണം അദ്ദേഹവും കൂട്ടരും നൽകി. അനാവശ്യമായ അളവിൽ ഭക്ഷണം പാഴായതുമില്ല.

Image2
Image Credit: This image was generated using Midjourney

പാണ്ഡവർക്ക് ഇതിന്റെ രഹസ്യമൊന്നറിയണമെന്നു തോന്നി. അവർ ഉഡുപ്പിയിലെ രാജാവിനെ സമീപിച്ചു. ഇത്ര കൃത്യമായി എങ്ങനെയാണ് ഭക്ഷണം വിളമ്പിയതെന്ന് അവർ അദ്ദേഹത്തോടു ചോദിച്ചു. ഭഗവാൻ ശ്രീകൃഷ്ണൻ തന്നെയാണ് തനിക്ക് ഈ വിവരങ്ങൾ തന്നതെന്നും നേരിട്ടായിരുന്നില്ല അതെന്നും ഉഡുപ്പി രാജാവ് അറിയിച്ചു. കൗതുകം തോന്നിയ പാണ്ഡവർ അതെങ്ങനെയെന്നു വ്യക്തമാക്കാമോയെന്ന് രാജാവിനോടു ചോദിച്ചു.

രാത്രി ഭക്ഷണത്തിനു ശേഷം താൻ നിലക്കടലകൾ ശ്രീകൃഷ്ണനു നൽകിയിരുന്നെന്നും ഭഗവാൻ എടുക്കുന്ന കടലകളുടെ എണ്ണം താൻ കണക്കുകൂട്ടിയിരുന്നെന്നും ഉഡുപ്പിയിലെ രാജാവ് പറഞ്ഞു. അതിൽ നിന്നാണ് മരിക്കുന്ന സൈനികരുടെ എണ്ണം താൻ മനസ്സിലാക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദാഹരണത്തിന് ശ്രീകൃഷ്ണൻ 10 നിലക്കടലകളെടുത്താൽ അതിനർഥം പതിനായിരം പേർ പിറ്റേന്നു കൊല്ലപ്പെടുമെന്നായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഉത്തരം കേട്ട് പാണ്ഡവർ ആശ്ചര്യഭരിതരായി. ത്രികാലജ്ഞാനിയും അവതാരപുരുഷനുമായ ശ്രീകൃഷ്ണന് യുദ്ധത്തിന്റെ ഗതിയും ഭാവിയും അറിയുമായിരുന്നെന്ന് അവർക്ക് മനസ്സിലായി. തന്റെ ഭക്തനായ ഉഡുപ്പി രാജാവിന് ഭക്ഷണം തയാറാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകാതെയിരിക്കാൻ ഭഗവാൻ പ്രത്യക്ഷമല്ലാത്ത മാർഗത്തിൽ നിലക്കടലകളിലൂടെ വിവരം കൈമാറുകയായിരുന്നു.

ശ്രീകൃഷ്ണനെ കാണുന്ന പാണ്ഡവർ ഇക്കാര്യം ചോദിക്കുമ്പോൾ അദ്ദേഹം നൽകിയ ഉത്തരം അവരുടെ സംശയങ്ങളെ ദൂരീകരിക്കുന്നുണ്ട്. മനുഷ്യർ ഭാവിയെക്കുറിച്ച് ചിന്തിച്ച് ഭയചകിതരാകരുത്. ഭാവി അറിയാനായി തത്രപ്പാട് കാണിക്കുകയുമരുത്. അങ്ങനെ ചെയ്താൽ വർത്തമാന കാലത്തു ചെയ്യേണ്ട കർമങ്ങളിൽ മുടക്കം വരും- എന്നതായിരുന്നു ഭഗവാന്റെ ഉത്തരം.

English Summary:

The king of Udupi who did not join the battle of Kurukshetra! The secret found in peanuts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com