വലയിൽ കുടുങ്ങിയ പൂച്ച; എലിയെ രക്ഷിച്ച വീണ്ടുവിചാരം
Mail This Article
എത്രയെത്ര കഥകളാണ് ഇന്ത്യയ്ക്ക് പറയാനുണ്ടായിരുന്നത്. ഗുണപാഠവും ആത്മീയതയും ജീവിതാനുഭവങ്ങളുമൊക്കെ തുളുമ്പുന്ന കഥകൾ. സിന്ധുവും ഗംഗയും യമുനയും ഗോദാവരിയും കാവേരിയുമൊക്കെ ഒഴുകിയ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കഥകളും അതേപോലെ നദികളായി ഒഴുകി; കേൾക്കുന്നവരുടെ മനസ്സിനെ കുളിർപ്പിച്ചുകൊണ്ട്. മൃഗങ്ങൾ കഥാപാത്രങ്ങളായി വരുന്ന കഥകൾ ഇന്ത്യൻ ഇതിഹാസങ്ങളിൽ പലപ്പോഴും കാണാറുണ്ട്. മൃഗങ്ങളിലൂടെ ജീവിത തത്വങ്ങൾ പഠിപ്പിക്കാൻ ഉദ്ദേശിച്ചുള്ളവയാണ് ഇവ. ഒരു കേന്ദ്രപ്രമേയവും അതിൽനിന്ന് ചില്ലകൾ പോലെ പൊട്ടിവിടരുന്ന മറ്റു കഥകളുമൊക്ക അടങ്ങുന്ന വലിയ ഒരു വൃക്ഷമാണ് മഹാഭാരതം. കാലങ്ങളായി ഈ കൃതി ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു.
മഹാഭാരതം ശാന്തിപർവത്തിലെ ഒരു കഥ കേൾക്കാം. പണ്ട് പണ്ട് ഭാരതത്തിലെ ഒരു കൊടുംകാട്ടിൽ ഒരു വലിയ ആൽമരം സ്ഥിതി ചെയ്തിരുന്നു. അതിന്റെ ചുവട്ടിലെ മാളത്തിൽ പാലിതൻ എന്ന എലി താമസിച്ചിരുന്നു. വളരെ ബുദ്ധിമാനും അറിവുള്ളവനുമായിരുന്നു ഈ എലി. ദിവസവും ഒരു വേട്ടക്കാരൻ അവിടെ വരും, വല വിരിക്കും. രാത്രിയിൽ ധാരാളം പക്ഷികളും ചെറുമൃഗങ്ങളുമൊക്കെ വലയിൽ കുടുങ്ങും. ഇവയെ പിറ്റേന്നു രാവിലെ വേട്ടക്കാരനെത്തി ശേഖരിച്ചു കൊണ്ടുപോകും.
പാലിതനെക്കൂടാതെ അനേകം പക്ഷികളും മൃഗങ്ങളും ആ ആൽമരത്തെ വീടാക്കിയിരുന്നു. അതിലൊന്നായിരുന്നു ലോമശനെന്ന പൂച്ച. വേടൻ വിരിക്കുന്ന വലയിൽ കുടുങ്ങുന്ന പക്ഷികളെ രാത്രിയിൽ തട്ടിയെടുത്താണ് ലോമശൻ തന്റെ ഭക്ഷണം കണ്ടെത്തിയിരുന്നത്. ഒരു രാത്രി ലോമശനു പക്ഷേ പണി കിട്ടി. ആ പൂച്ച സ്വയം വലയിൽ കുടുങ്ങി. ഇതേ സമയത്താണ് പാലിതൻ ഭക്ഷണം തേടി ഇറങ്ങിയത്. പകൽ വന്ന വേട്ടക്കാരൻ പരിസരത്ത് ഇട്ടിട്ടുപോയ ഇറച്ചിയുടെ ഒരു കഷണം അവന് കിട്ടി. അവൻ അതു കരണ്ടുതിന്നപ്പോഴാണ് തനിക്കു ചുറ്റും രണ്ട് അപകടങ്ങൾ വന്നതായി കണ്ടത്. ഒരു മൂങ്ങ ആൽമരത്തിൽ എലിയെ പിടിക്കാനായി ഇരിപ്പുണ്ടായിരുന്നു, താഴെ ഒരു കീരിയും. ആരുടെയെങ്കിലും സഹായമില്ലാതെ തനിക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന് പാലിതനു മനസ്സിലായി.
അവൻ ലോമശനെന്ന പൂച്ചയോട് തന്നെ സഹായിച്ചാൽ താനും സഹായിക്കാമെന്ന കരാറുണ്ടാക്കി. രക്ഷപ്പെടാൻ മറ്റു വഴികളില്ലാത്ത പൂച്ച ഇതിനു സമ്മതിച്ചു. തന്റെ ശരീരത്തിനു കീഴിൽ അവൻ എലിക്ക് അഭയം നൽകി. പ്രതീക്ഷ നശിച്ച മൂങ്ങയും കീരിയും അവിടെ നിന്നു പോയി. ഇതിനു ശേഷം വാക്കുപറഞ്ഞതു പോലെ എലി പൂച്ചയെ കുടുക്കിയിരുന്ന വലയുടെ കണ്ണികൾ കടിച്ചുമുറിക്കാൻ തുടങ്ങി. വളരെ പതിയെയായിരുന്നു എലി ഇങ്ങനെ ചെയ്തത്. പൂച്ച ധൃതികൂട്ടി. വേട്ടക്കാരൻ എപ്പോൾ വേണമെങ്കിലും വരാമെന്നും പെട്ടെന്ന് രക്ഷപ്പെടുത്തണമെന്നും അവൻ പറഞ്ഞു.
എന്നാൽ എലിക്ക് ഇക്കാര്യത്തിൽ പറയാനുണ്ടായിരുന്നു. പൂച്ചയെ ഉടൻ രക്ഷപ്പെടുത്തിയാൽ തനിക്കു പണിയാകുമെന്ന് അറിയാവുന്നതുകൊണ്ടാണ് താൻ പതിയെ വല മുറിക്കുന്നതെന്ന് പാലിതൻ ലോമശനോട് തുറന്നു പറഞ്ഞു. അതിനാൽത്തന്നെ വേട്ടക്കാരൻ ഇവിടെയെത്തിയാലേ താൻ അവസാന കണ്ണി മുറിച്ച് പൂച്ചയെ സ്വതന്ത്രമാക്കുകയുള്ളുവെന്നും അവൻ പൂച്ചയെ അറിയിച്ചു. വേട്ടക്കാരനെ കണ്ടാൽ ഓടി രക്ഷപ്പെടാനേ പൂച്ച ശ്രമിക്കൂ. ആദ്യം തടി രക്ഷിക്കുക, എന്നിട്ടേ വിശപ്പിന്റെ വിളിക്കു പിന്നാലെ മൃഗങ്ങൾ പോകുകയുള്ളുവെന്ന് എലിക്ക് നന്നായി അറിയാമായിരുന്നു.എലി ജോലി തുടർന്നു. ഒടുവിൽ പുലർച്ചെയായി. വേട്ടക്കാരൻ എത്തിയപ്പോഴേക്കും അവൻ അവസാന വലക്കണ്ണിയും മുറിച്ചു. സ്വതന്ത്രനായ ലോമശൻ പൂച്ച എലി വിചാരിച്ചതുപോലെ തന്നെ ഓടിയൊളിച്ചു.
പിന്നീട് ലോമശൻ പാലിതന്റെ മാളത്തിനരികിൽ വന്നു. തന്റെ ജീവൻ രക്ഷിച്ചതിനു നന്ദിയുണ്ടെന്നും തന്നെ സുഹൃത്തായി അംഗീകരിക്കണമെന്നും തനിക്കൊപ്പം സമയം പങ്കിടാൻ വരണമെന്നും ആവശ്യപ്പെട്ടു. എന്നാൽ എലി ഈ ആവശ്യം അംഗീകരിച്ചില്ല. താനും പൂച്ചയും ഒരു കാരണത്താലാണ് പരസ്പരം സഹായിച്ചതെന്നും ഇനി ആ കാരണം നിലനിൽക്കുന്നില്ലെന്നു പാലിതൻ ലോമശനോട് പറഞ്ഞു. എത്രയൊക്കെയായാലും എലി പൂച്ചയുടെ ഇരമൃഗമാണ്. ഒരു കാരണം കൊണ്ട് ചങ്ങാത്തം തോന്നിക്കാണും. എന്നാൽ നാളെ മറ്റൊരു കാരണം കൊണ്ട് ശത്രുത തോന്നാനും മതി.
സൗഹൃദവും ശത്രുതയും സ്ഥിരമായ കാര്യങ്ങളല്ലെന്നും മറിച്ച് സാഹചര്യങ്ങളൊരുക്കുന്ന കാരണങ്ങൾ മൂലം ഉണ്ടാകുന്ന അവസ്ഥകളാണെന്നും അവ തിരിഞ്ഞും മറിഞ്ഞും സംഭവിക്കാമെന്നുമുള്ള വലിയ തത്വം എലി പൂച്ചയോട് പറഞ്ഞു. വീണ്ടുവിചാരം എന്ന സവിശേഷത എത്രത്തോളം ആർജിക്കണമെന്നുള്ളതിന്റെ മികച്ച ഉദാഹരണമാണ് ഈ കഥ. വീണ്ടുവിചാരമാണ് രണ്ട് അപകടങ്ങളിൽ നിന്ന് എലിയെ രക്ഷിക്കുന്നത്. മറ്റ് എന്തെല്ലാം മികവുകളുണ്ടെങ്കിലും വീണ്ടുവിചാരമില്ലാതായാൽ എല്ലാത്തിന്റെയും ഫലം പോകുമെന്നും ഈ കഥ നമ്മെ ഓർമിപ്പിക്കുന്നു.