ADVERTISEMENT

ആഘോഷങ്ങൾ രണ്ടുവിധമുണ്ട്. സ്വയം മറന്നുള്ള ആഘോഷവും സ്വയം സംസ്‌കരണത്തിനുള്ള ആഘോഷവും. സ്വയം മറക്കാനല്ല, സ്വന്തം ആത്മാവിനെ സംസ്‌കരിക്കാനുള്ള ആഘോഷമാണ് ഈദുൽ ഫിത്ർ. വ്യക്‌തികൾക്കു സ്വന്തം ജീവിതത്തിലേക്കും കർമങ്ങളിലേക്കും തിരിഞ്ഞുനോക്കാനും ആത്മപരിശോധന നടത്താനുമുള്ള പ്രേരണ കൂടിയാണിത്.

ഒരുമാസത്തെ വ്രതാനുഷ്‌ഠാനത്തിനു സമാപനംകുറിച്ചാണ് ഈദുൽ ഫിത്ർ സമാഗതമാകുന്നത്. റമസാനു ശേഷമെത്തുന്ന ശവ്വാൽ മാസത്തിലെ ആദ്യദിനമാണിത്. ഒരുമാസം നീണ്ട കാത്തിരിപ്പും ആരാധനകളാൽ സജീവമായ ഒരു ആത്മീയ യാത്രയും കഴിയുമ്പോഴേ, വ്രതസമാപ്‌തി കുറിക്കുന്ന പെരുനാളായ ഈദുൽ ഫിത്‌റിലേക്ക് എത്തിച്ചേരാൻ കഴിയുകയുള്ളൂ. റമസാൻ വ്രതകാലത്തെ ശരിയായ വിധത്തിൽ സ്വീകരിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്‌തോ എന്ന ചോദ്യം നിശബ്‌ദമായി ഈ സുദിനം ഉന്നയിക്കുന്നുണ്ട്. ഈ ചോദ്യത്തിന് അതേ എന്ന് ഉത്തരം നൽകാൻ കഴിയുന്നവർക്കാണു പെരുനാൾ ആഘോഷത്തിന്റെ യഥാർഥ സന്തോഷവും സത്തയും ആസ്വദിക്കാൻ സാധിക്കുക.

വ്യക്‌തിപരം, കുടുംബപരം, സാമൂഹികം, ആത്മീയം എന്നിങ്ങനെ പല തലങ്ങളിലാണ് ഈദുൽ ഫിത്‌റിന്റെ ആസ്വാദനം. നന്മ നിറഞ്ഞ വ്യക്‌തിത്വത്തിലേക്കുള്ള യാത്രയുടെ അവസരം എന്നതാണു വ്യക്‌തിപരമായ ആസ്വാദനം. സ്‌നേഹം, കനിവ് തുടങ്ങിയ സദ്‌ഗുണങ്ങളെ ഈദ് മനസ്സിൽ നിറയ്‌ക്കുന്നു. മനുഷ്യനെ വിനീതനും ആർദ്രചിത്തനുമാക്കുന്നു. മാനസികമായും ശാരീരികമായും കൂടുതൽ കരുത്താർജിക്കുകയും ക്ഷമ വർധിക്കുകയും ചെയ്യും. സന്തോഷവേളയിൽ മനസ്സിന് ആരോഗ്യവും ശരീരത്തിനു പ്രസരിപ്പും ഏറും.

ഒരുമയാണ് ഈദിന്റെ കുടുംബപരമായ ആസ്വാദനം. തിരക്കേറിയ ജീവിതത്തിന്റെ ഇക്കാലത്ത് ഓരോ കുടുംബത്തിന്റെയും പല ശാഖകളും നാടിന്റെ പല ഭാഗങ്ങളിലായിരിക്കും. ഒരുപക്ഷേ, കുടുംബത്തിലെ പ്രധാന അംഗങ്ങൾ തന്നെ ലോകത്തിന്റെ പല ഭാഗത്തായിരിക്കാം. ഭാര്യ/ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ, മറ്റു ബന്ധുക്കൾ തുടങ്ങി എല്ലാവരും ഒത്തുചേരാനുള്ള അവസരമാണ് ഈദ്. ഒരുമയുടെയും കൂട്ടായ്‌മയുടെയും പ്രതീകമായി ഇതു മാറുന്നു.

സാമൂഹികമായ തലത്തിൽ പരസ്‌പര സൗഹാർദവും സമഭാവനയുമാണ് ഈദുൽ ഫിത്ർ നൽകുന്നത്. വിവിധ മതവിശ്വാസികൾ തമ്മിൽ സ്‌നേഹവും ആശംസയും കൈമാറിയും പരസ്‌പരം സൽക്കരിച്ചും സന്ദർശനങ്ങൾ നടത്തിയും മതസൗഹാർദത്തിന്റെ സ്‌നേഹച്ചരട് ബലപ്പെടുത്തുകയാണ് ഈ പെരുനാൾ. ഇതു സമൂഹത്തെ കൂടുതൽ കെട്ടുറപ്പുള്ളതാക്കുന്നു. റമസാൻ വ്രതകാലത്തെ ഇഫ്‌താർ സംഗമങ്ങളും ഈ സാമൂഹിക ദൗത്യമാണു നിറവേറ്റുന്നത്. മുസ്‌ലിംകൾക്ക് ഇതുവഴി സാമൂഹിക അംഗീകാരം വർധിക്കുകയും ചെയ്യുന്നു.

ഇനി ആത്മീയമായ ആസ്വാദനം. ഈദുൽ ഫിത്ർ ആത്മശുദ്ധീകരണത്തിന്റെ ആനന്ദമാണ്. മനസ്സിനെയും ശരീരത്തെയും ശുദ്ധീകരിക്കുന്നു എന്നതാണു മറ്റ് ആഘോഷങ്ങളിൽ നിന്ന് ഈദിനെ വേറിട്ടുനിർത്തുന്നത്. റമസാനിൽ തുടങ്ങുന്ന ഈ പ്രക്രിയ പൂർത്തീകരിക്കുന്നത് ഈദ് ദിനത്തിലാണ്. റമസാൻ ആണ് ഈദുൽ ഫിത്‌റിന്റെ ‘കൗണ്ട് ഡൗൺ’. റമസാൻ ഓരോദിവസം പിന്നിടുമ്പോഴും ആത്മീയതയുടെ ഓരോ ചുവടുകൾ കയറിക്കയറി ഒടുവിൽ പെരുനാൾ ദിനത്തിൽ ആസ്വദിക്കുന്ന സന്തോഷം. സർവശക്‌തനായ ദൈവത്തെ മനസ്സിൽ ധ്യാനിച്ച്, അവനു കീഴ്‌പെട്ടുള്ള ജീവിതത്തിന്റെ ആസ്വാദനമാണത്.

പ്രാർഥനയും ദൈവകീർത്തനങ്ങളും ആരാധനയും തന്നെയാണ് ഈദുൽ ഫിത്‌റിന്റെ പ്രധാന ചടങ്ങുകൾ. ഫിത്ർ സകാത്ത് ആണു മറ്റൊരു പ്രധാന കർമം. ഓരോ വ്യക്‌തിയും നൽകേണ്ട നിർബന്ധ ദാനമാണിത്. ശരീരത്തിന്റെ നികുതി എന്ന് ആലങ്കാരികമായി പറയാം. അതതു സ്‌ഥലങ്ങളിൽ പ്രധാന ഭക്ഷണമായി ഉപയോഗിക്കുന്ന ധാന്യമാണു ഫിത്ർ സകാത്ത് ആയി നൽകുന്നത്. ഒരുമാസം വിശപ്പിന്റെ കാഠിന്യം അറിഞ്ഞയാൾ ഒരുപിടി ധാന്യം ദാനമായി നൽകുമ്പോൾ അതിന്റെ മൂല്യം അനേകം മടങ്ങു വർധിക്കും. ഭക്ഷണത്തിന്റെ വിലയെന്തെന്ന് അറിഞ്ഞുള്ള ദാനമാണത്. ഭക്ഷണവും വസ്‌ത്രവും പാർപ്പിടവും നൽകിയ ദൈവത്തോടുള്ള നന്ദിപ്രകടനം യഥാർഥ വികാരത്തോടെ ഉൾക്കൊള്ളുന്ന ദാനമാകും അത്.

അതിവിശിഷ്‌ടവും സ്വാദേറിയതുമായ ഭക്ഷണങ്ങൾ ഈദുൽ ഫിത്‌റിനെ വിഭവസമ്പന്നമാക്കുന്നു. എന്നാൽ, ഈദ് ദിനത്തിലെ ഏറ്റവും സ്വാദുള്ള ഭക്ഷണം പ്രാതൽ തന്നെയാണ്. കാരണം, ഒരുമാസം പ്രഭാതഭക്ഷണം കഴിക്കാതെയിരുന്നവർ അന്നു വീണ്ടും പ്രാതൽ കഴിക്കുകയാണ്. വല്ലാത്തൊരു രുചിയായിരിക്കും ആ ഭക്ഷണത്തിന്.

ഫിത്ർ സകാത്തിലൂടെ ഭക്ഷണത്തിന്റെ മഹത്വവും പ്രാതലിലൂടെ ഭക്ഷണത്തിന്റെ രുചിയും അറിഞ്ഞശേഷം പെരുനാൾ നമസ്‌കാരത്തിനായി മസ്‌ജിദുകളിലേക്കും ഈദ് ഗാഹുകളിലേക്കും നീങ്ങുമ്പോൾ ദൈവത്തോടുള്ള നന്ദിയും കടപ്പാടുമാണു മനസ്സിൽ നിറയുക. അതാണു ദൈവസങ്കീർത്തനമായ തക്‌ബീർ ധ്വനികളായി ഉയരുന്നത്.

ലോകസമാധാനം, സർവസാഹോദര്യം, മതസൗഹാർദം തുടങ്ങിയ പ്രധാന സന്ദേശങ്ങളാണ് ഈദുൽ ഫിത്ർ നൽകുന്നത്. സ്‌നേഹത്തിനും സാഹോദര്യത്തിനും വലിയ പ്രാധാന്യമാണ് ഇസ്‌ലാം നൽകിയിട്ടുള്ളത്. സമൂഹത്തിൽ പിണക്കവും വിള്ളലുകളുമൊന്നും പാടില്ലെന്നാണു മതനിർദേശം. പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞു: ‘ഒരു വിശ്വാസി തന്റെ സഹോദരനോടു സംസാരിക്കാതെ മൂന്നു രാത്രിയെക്കാൾ കൂടുതൽ അകന്നുനിൽക്കാൻ പാടില്ല. ആദ്യം പിണക്കം തീർക്കുന്നവനാണ് അവരിൽ ഉത്തമൻ’.

സ്വയം സന്തോഷിക്കുന്നതിനൊപ്പം ആ മനോഭാവം മറ്റുള്ളവർക്കു പകർന്നുകൊടുക്കാനും ഈദ് ദിനം ഉപയോഗപ്പെടുത്തുന്നു. അഭിവാദ്യത്തിനും ഹസ്‌തദാനത്തിനും ശേഷം പരസ്‌പരം ആശ്ലേഷിച്ചാണ് ഈദ് ആശംസകൾ കൈമാറുന്നത്. ‘പ്രസന്നമുഖത്തോടെ തന്റെ സഹോദരനെ സമീപിക്കുന്നതുൾപ്പെടെ ഒരു സൽക്കർമവും നിസ്സാരമായി തള്ളിക്കളയരുത്’ എന്നാണു പ്രവാചക വചനം. മറ്റൊരാളുടെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നതുപോലും സൽക്കർമമാണെന്നും മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. ഈദുൽ ഫിത്ർ ദിനത്തിലെ ആശംസാ കൈമാറ്റത്തിനു പോലും പുണ്യമുണ്ട്.

സാമൂഹിക സ്‌പർധ വർധിച്ചുവരുന്ന ഇക്കാലത്തു റമസാൻ മാസവും ഈദ് ആഘോഷവുമെല്ലാം സാമൂഹിക സഹവർത്തിത്വത്തിൽ അധിഷ്‌ഠിതമായ കരുത്തുള്ള സമൂഹവും രാജ്യവും കെട്ടിപ്പടുക്കാൻ സഹായകമാകണം. അതിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവർക്കും ശാന്തിയും സമാധാനവും സ്‌നേഹവും സന്തോഷവും നിറഞ്ഞ ഈദുൽ ഫിത്ർ ആശംസകൾ.

അല്ലാഹു അക്‌ബർ, അല്ലാഹു അക്‌ബർ, ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്‌ബർ, അല്ലാഹു അക്‌ബർ വലില്ലാഹിൽ ഹംദ്’ (അത്യുന്നതൻ അല്ലാഹു, പരമോന്നതൻ അല്ലാഹു. അല്ലാഹു അല്ലാതെ ദൈവമില്ല. അത്യുന്നതൻ അല്ലാഹു. പരമോന്നതൻ അല്ലാഹു. സകലസ്‌തുതിയും അല്ലാഹുവിനത്രേ).

English Summary:

Eid Al-Fitr Traditions: Understanding the Significance of the Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com