ADVERTISEMENT

ബാഹുബലി എന്നു കേട്ടാൽ പരിചയമില്ലാത്തതായി ഇന്ത്യയിൽ ആരുമുണ്ടെന്നു തോന്നുന്നില്ല. അത്രയ്ക്ക് വലിയ ഓളമാണ് രാജമൗലി അണിയിച്ചൊരുക്കിയ ബാഹുബലി സിനിമാ പരമ്പര രാജ്യത്തുടനീളം ഉയർത്തിവിട്ടത്. എന്നാൽ ഇന്ത്യൻ ഐതിഹ്യങ്ങളിൽ ശരിക്കുമൊരു ബാഹുബലി ഉണ്ടെന്നറിയാമോ? ജൈനമതവുമായി ബന്ധപ്പെട്ടാണ് ബാഹുബലിയുടെ ഐതിഹ്യം. ജൈന വിശ്വാസപ്രകാരമുള്ള തീർഥങ്കരൻമാരിൽ പ്രഥമസ്ഥാനീയനാണ് ഋഷഭദേവൻ. ചക്രവർത്തിയായിരുന്ന അദ്ദേഹത്തിന് രണ്ടു ഭാര്യമാരായിരുന്നു– സുമംഗലയും സുനന്ദയും. സുമംഗലയിൽ അദ്ദേഹത്തിന് 99 പുത്രൻമാരുണ്ടായിരുന്നു. അതിൽ ഏറ്റവും മൂത്തയാളായിരുന്നു ഭരതൻ. ബ്രഹ്മി എന്ന മകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. 

സുനന്ദയിൽ അദ്ദേഹത്തിനുള്ള മകനായിരുന്നു ബാഹുബലി. സുന്ദരി എന്ന പുത്രിയും സുനന്ദയിൽ അദ്ദേഹത്തിനു ജനിച്ചു. ശക്തിയുള്ള കൈകളുള്ള രാജകുമാരനായതിനാലാണ് ബാഹുബലിക്ക് ആ പേര് ലഭിച്ചത്.കാലം മുന്നോട്ടുപോയി. മക്കളെല്ലാവരും വളർന്നു. ഋഷഭദേവൻ ബോധോദയത്തിന്റെ ഔന്നത്യം പ്രാപിച്ചു. രാജ്യവും സിംഹാസനവുമൊക്കെ ഭാരമായി അദ്ദേഹത്തിനു തോന്നി. എല്ലാം ത്യജിച്ച് അദ്ദേഹം തപസ്സ് തുടങ്ങി. മക്കൾക്കെല്ലാവർക്കുമായി രാജ്യം വീതിച്ചു നൽകി. വിനിതമെന്ന രാജ്യം ഭരതനും തക്ഷശില ബാഹുബലിക്കും കിട്ടി. മറ്റുള്ള പുത്രൻമാർക്കും രാജ്യങ്ങൾ ലഭിച്ചു.

Article2
Image Credit: This image was generated using Midjourney

ലോകചക്രവർത്തിപദം ഭരതൻ മോഹിച്ചിരുന്നു. അതിനായുള്ള ശ്രമങ്ങൾ അദ്ദേഹം നേരത്തേ തുടങ്ങി. സുശക്തമായ ഒരു സൈന്യത്തെ അദ്ദേഹം വിനിതത്തിൽ പടുത്തുയർത്തി. നിരവധി ആയുധങ്ങൾ പണിശാലകളിൽ വികസിപ്പിച്ചു. അതിലൊന്ന് മാന്ത്രിക ശക്തികളുള്ള ചക്രരത്നമെന്ന ആയുധമായിരുന്നു. ഒരിക്കൽ വിക്ഷേപിച്ചാൽ ലക്ഷ്യം തെറ്റാത്ത അദ്ഭുത ആയുധമായിരുന്നു ഇത്. പല രാജ്യങ്ങളെയും ഭരതൻ കീഴ്പ്പെടുത്തി. ഒടുവിൽ തന്റെ സഹോദരർക്കു നേരെ തിരി‍ഞ്ഞു. അവർ പിതാവായ ഋഷഭദേവനെ സമീപിച്ചു. എന്നാൽ സന്യാസത്തിന്റെ ഉത്തുംഗശൃംഗങ്ങൾ തേടിയുള്ള യാത്രയിലായിരുന്നു ഋഷഭദേവൻ. വെളിയിലുള്ള എതിരാളികൾക്കു പിന്നാലെ നടക്കാതെ ഉള്ളിലുള്ള ശത്രുക്കളെ കീഴ്പ്പെടുത്താൻ ശ്രമിക്കാനായിരുന്നു അദ്ദേഹത്തിനു മക്കളോട് പറയാനുണ്ടായിരുന്നത്.

Article1
Image Credit: This image was generated using Midjourney

ബാഹുബലിയൊഴിച്ചുള്ള ഋഷഭദേവന്റെ മറ്റ് ആൺമക്കൾ ഭരതനോട് അടിയറവ് പറഞ്ഞു. അവർ രാജ്യം കൈമാറിയ ശേഷം ഋഷഭദേവന്റെ ആശ്രമത്തിൽ ആത്മീയ ജീവിതം തുടങ്ങി. എന്നാൽ ബാഹുബലി ഇതിനൊരുക്കമായിരുന്നില്ല. അച്ഛൻ കൈമാറിയ രാജ്യം ഭരിക്കുക തന്റെ ജന്മാവകാശമാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഭരതനും ബാഹുബലിക്കുമിടയിൽ ശത്രുത മൂത്തു. ഒരു വലിയ യുദ്ധത്തിലേക്ക് ഇതു കൊണ്ടു ചെന്നെത്തിക്കുമെന്ന് ലോകം ഭയന്നു. അന്നത്തെ ജനനേതാക്കൾ ഇരുരാജാക്കൻമാരെയും അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഇരുവരും അമ്പിനും വില്ലിനുമടുത്തില്ല.എങ്കിൽ പിന്നെ സൈന്യത്തെയിറക്കി യുദ്ധം നടത്താതെ ദ്വന്ദയുദ്ധം നടത്താൻ ഉപദേശകർ പറഞ്ഞു. ഇരുവർക്കും സ്വീകാര്യമായിരുന്നു അത്. അങ്ങനെ മൽപിടിത്തം തുടങ്ങി. മല്ലയുദ്ധത്തിന്റെ നിയമങ്ങൾ തെറ്റിച്ചും ഭരതൻ പോരാടി. ഇതു ബാഹുബലിയെ ചൊടിപ്പിച്ചു. പൂർവാധികം ശക്തിയോടെ അദ്ദേഹം തിരിച്ചടിച്ചു. ഒടുവിൽ ഭരതൻ വീണു. ബാഹുബലി എതിരാളിയെ കൊല്ലാനായി മുന്നോട്ടാഞ്ഞു.

Article3
Image Credit: This image was generated using Midjourney

എന്നാ‍ൽ ആ നിമിഷം ബാഹുബലി ഒരു ഞെട്ടലോടെ നിന്നു. ആത്മീയതയുടെ ആദ്യവിത്തുകൾ അദ്ദേഹത്തിന്റെ മനസ്സിൽ കിളിർത്ത നിമിഷമായിരുന്നു അത്. താനെന്താണ് ഈ ചെയ്യുന്നതെന്ന് അദ്ദേഹമോർത്തു. ഒരേ ചോരയായ ജ്യേഷ്ഠനെ കേവലം ഭൗതികലാഭത്തിനായി കൊല്ലാൻ ഒരുമ്പെട്ടല്ലോ താൻ എന്ന ചിന്ത അദ്ദേഹത്തിൽ മുളച്ചു. ആ നിമിഷം ബാഹുബലിക്ക് ഭരതനോടുള്ള കോപം മാഞ്ഞു. സാഹചര്യങ്ങളും ആർത്തിയുമാണ് മനുഷ്യനെ കൊടുംപാതകിയാക്കി മാറ്റുന്നതെന്ന് അദ്ദേഹം ചിന്തിച്ചു. രാജ്യവും സ്വത്തുക്കളുമൊക്കെ വലിച്ചെറിഞ്ഞു ബാഹുബലി ഇറങ്ങി. പിതാവായ ഋഷഭദേവനരികിൽ പോകാൻ മനസ്സിൽ തോന്നിയെങ്കിലും അഹംഭാവം അതിനനുവദിച്ചില്ല. തന്റെ സഹോദരന്മ‍ാർ എന്നേ അവിടെപ്പോയി ദീക്ഷ നേടിക്കഴിഞ്ഞു. ഇപ്പോൾ താനങ്ങോട്ടു ചെന്നാൽ ചെറിയവനാകും എന്ന ഈഗോ. ബാഹുബലി സ്വയം തപസ്സ് ചെയ്തു. ഘോരവും തീവ്രവുമായ തപസ്സ്.എന്നാൽ ഒരു വർഷമായിട്ടും അദ്ദേഹത്തിന് ബോധോദയം വന്നില്ല.

Article5
Image Credit: This image was generated using Midjourney

ഋഷഭദേവൻ കാര്യങ്ങളറിഞ്ഞു. ബാഹുബലിയുടെ ഇനിയും പോയിട്ടില്ലാത്ത അഹംഭാവമാണ് ബോധോദയത്തിന് തടസ്സം നിൽക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കി. പുത്രിമാരായ സുന്ദരിയെയും ബ്രഹ്മിയെയും അദ്ദേഹം ബാഹുബലിക്ക് നേർവഴി കാട്ടാനായി അയച്ചു. അവരെത്തിയപ്പോൾ ബാഹുബലി തപസ്സിലാണ്. ആനപ്പുറത്തുനിന്നിറങ്ങിയിട്ട് തപസ്സ് ചെയ്യൂ, എന്നാലേ ഫലമുള്ളുവെന്ന് സഹോദരിമാർ പറഞ്ഞു. ബാഹുബലി കണ്ണു തുറന്ന് ഒരുനിമിഷം ആനയെവിടെയെന്ന് സംശയിച്ചു നിന്നു. തന്റെ അഹംഭാവത്തെയാണ് സഹോദരിമാർ സൂചിപ്പിച്ചതെന്ന് അദ്ദേഹത്തിനു മനസ്സിലായി. അദ്ദേഹം ഈഗോ വെടിഞ്ഞു. ഋഷഭദേവനരികിലെത്തി ശിഷ്യത്വം നേടി. പിൽക്കാലത്ത് ബാഹുബലി ബോധോദയവും മോക്ഷപ്രാപ്തിയും നേടിയെന്നാണ് ഐതിഹ്യം. കർണാടകയിലെ ശ്രാവണബലഗോളയിലുള്ള പ്രശസ്തമായ ഗോമതേശ്വര പ്രതിമ അദ്ദേഹത്തിന്റെ സ്മരണാർഥമുള്ളതാണ്.

English Summary:

Bahubali's Enlightenment: The Mythological Prince Who Conquered Ego

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com